പൂനെയില്‍ ബുര്‍ഖ ധരിച്ച ഡോക്ടറെ അധിക്ഷേപിച്ച അമേരിക്കന്‍ യുവതി പിടിയില്‍

പുനെ- ബുര്‍ഖ ധരിച്ച മുസ്ലിം ഡോക്ടറെ കയ്യേറ്റം ചെയ്യുകയും അധിക്ഷേപിക്കുകയും ചെയ്ത 43കാരിയായ അമേരിക്കന്‍ യുവതിയെ പൂനെയില്‍ പോലീസ് പിടികൂടി. മുസ്ലിം ആണോ എന്നു ചോദിച്ചാണ് അധിക്ഷേപിക്കുകയും അതിക്രമം കാട്ടുകയും ചെയ്തതെന്ന് 27കാരിയായ ഡോക്ടര്‍ പറഞ്ഞു. ഇവരുടെ പരാതിയെ തുടര്‍ന്ന് പോലീസ് അമേരിക്കന്‍ യുവതിക്കെതിരെ കേസെടുക്കുകയും ചെയ്തു. പുനെയിലെ കന്റോണ്‍മെന്റ് ഏരിയയിലെ ക്ലൊവര്‍ സെന്ററില്‍ ഇരുവരും ഷോപ്പിങ് നടത്തുന്നതിനിടെയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. അമേരിക്കന്‍ യുവതിക്ക് മാനസിക പ്രശ്‌നമുള്ളതായും പോലീസ് പറഞ്ഞു. 

സംഭവം യുഎസ് എംബസിയെ അറിയിച്ചു. പോലീസിനേയും യുഎസ് എംബസി ഉദ്യോഗസ്ഥരേയും യുവതി തെറിവിളിച്ചതായും പോലീസ് പറഞ്ഞു. പുനെയിലെ കോന്‍ഡ്വയില്‍ ഒരു മുസ്ലിം പുരുഷനൊപ്പമാണ് ഇവര്‍ കഴിയുന്നതെന്ന് അറിഞ്ഞതായും പോലീസ് പറയുന്നു. മനപ്പൂര്‍വ്വമല്ലാത്ത കുറ്റകൃത്യത്തിനാണ് കേസ്. ഈ കേസില്‍ അറസ്റ്റ് ചെയ്യാനും അന്വേഷണം തുടങ്ങാനും കോടതിയുടെ മുന്‍കൂര്‍ അനുമതി വേണം.
 

Latest News