Sorry, you need to enable JavaScript to visit this website.

'ഐക്യം പ്രചരിപ്പിക്കാന്‍' ആര്‍എസ്എസും ജംഇയത്തുല്‍ ഉലമായെ ഹിന്ദും  കൈ കോര്‍ക്കുന്നു

ന്യൂദല്‍ഹി- വലതു പക്ഷ തീവ്രഹിന്ദുത്വ സംഘടനയായ ആര്‍എസ്എസും ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മുസ്ലിം പണ്ഡിത സഭയായ ജംഇയത്തുല്‍ ഉലമായെ ഹിന്ദും രാജ്യത്ത് ഐക്യം പ്രചരിപ്പിക്കാന്‍ കൈകോര്‍ക്കുന്നതായി റിപോര്‍ട്ട്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതും ജംഇയത്ത് അധ്യക്ഷന്‍ മൗലാന സയ്ദ് അര്‍ഷദ് മദനിയും ദല്‍ഹിയില്‍ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയതായും ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. സമുദായങ്ങള്‍ക്കിടയില്‍ മൈത്രി പ്രോത്സാഹിപ്പിക്കാന്‍ ഒരു പദ്ധതി തയാറാക്കുന്ന കാര്യത്തില്‍ ഇരു നേതാക്കളും തീരുമാനത്തിലെത്തിയതായും റിപോര്‍ട്ട് വ്യക്തമാക്കുന്നു. ഇരു സംഘടനകളും ഒരു വേദിയില്‍ എങ്ങനെ ഒന്നിക്കുമെന്നതു സംബന്ധിച്ച് വിശദമായ പദ്ധതി തയാറാക്കാന്‍ ആര്‍എസ്എസ് നേതാവ് റാം ലാലിനെ ചുമതലപ്പെടുത്തി. ബിജെപിയുടെ സംഘടനാ കാര്യ ജനറല്‍ സെക്രട്ടരിയായിരുന്ന റാം ലാലിനെ ഈയിടെയാണ് ആര്‍എസ്എസ് സമ്പര്‍ക്ക് വിഭാഗ് തലവനായി നിയമിച്ചത്.

ഭഗവതും മദനിയും തമ്മിലുള്ള ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടു. ഇന്ത്യയിലെ മുസ്ലിംകള്‍ ഭയപ്പെടേണ്ടതില്ലെന്നും സംഘിന്റെ പ്രത്യയശാസ്ത്രം മുസ്ലിംകളെ വ്യത്യസ്തരായി കാണുന്നില്ലെന്നും ഭഗവത് പറഞ്ഞതായി യോഗത്തിന്റെ വിശദാംശങ്ങള്‍ അറിയുന്ന ഒരു നേതാവ് പറഞ്ഞു. യോഗത്തില്‍ അര്‍ഷദ് മദനി പ്രധാനമായും മൂന്ന് വിഷയങ്ങളാണ് അവതരിപ്പിച്ചത്. ആള്‍ക്കൂട്ട മര്‍ദനം, അസമിലെ പൗരത്വ പട്ടിക, പൊതുവായി സമുദായത്തെ പിടികൂടിയ ഭയം എന്നിവ മുസ്ലിംകള്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണെന്ന് മദനി പറഞ്ഞു.

താന്‍ വീര്‍ സവര്‍ക്കറുടേയും എംഎസ് ഗോള്‍വാക്കറുടേയും പ്രത്യയശാസ്ത്രത്തെ അംഗീകരിക്കുന്നില്ലെന്നും നിലവിലുള്ള ഭയത്തിന്റേയും ശത്രുതയുടേയും അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണെന്നും മദനി ഭഗവതിനോട് പറഞ്ഞതായും ഇതറിയുന്ന വ്യക്തി ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. ഈ യോഗം ഒന്നര വര്‍ഷം മുമ്പ് പദ്ധതിയിട്ടതായിരുന്നുവെന്നും എന്നാല്‍ തെരഞ്ഞെടുപ്പും മറ്റു തിരക്കുകളും മൂലം നടക്കാതെ പോകുകയായിരുന്നെന്നും മദനിയോട് അടുപ്പമുള്ള ഒരു വ്യക്തി പറഞ്ഞു. 

ആര്‍എസ്എസിന്റേയും ബിജെപിയുടേയും ഉന്നതരായ 150 ഭാരവാഹികള്‍ പങ്കെടുക്കുന്ന സമന്വയ് ബൈഠക് എന്ന പരിപാടി അടുത്തയാഴ്ച രാജസ്ഥാനിലെ പുഷ്‌ക്കറില്‍ നടക്കാനിരിക്കെയാണ് ഭഗവത്-മദനി കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ ഇസ്ലാമിക കലാലയമായി കണക്കാക്കപ്പെടുന്ന ദുയുബന്ദിലെ ദാറുല്‍ ഉലൂമിലെ പണ്ഡിതര്‍ ചേര്‍ന്ന് 1919ല്‍ രൂപം നല്‍കിയ സംഘടനയാണ് ഇംഇയത്തുല്‍ ഉലമായെ ഹിന്ദ്. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ അഹിംസാപരമായ സ്വാതന്ത്ര സമരം നയിക്കുകയായിരുന്നു പ്രഖ്യാപിത ലക്ഷ്യം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായും വളരെ അടുപ്പമുള്ള സംഘടനയാണിത്. സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യാ വിഭജനത്തെ ശക്തമായി എതിര്‍ത്ത പാരമ്പര്യവുമുണ്ട്.
 

Latest News