കാബൂളില്‍ താലിബാന്‍ സ്‌ഫോടനത്തില്‍ മരണം പതിനാറായി; നിരവധി പേര്‍ക്ക് പരിക്ക്

കാബൂള്‍- അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ താലിബാന്‍ നടത്തിയ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി. കൊല്ലപ്പെട്ടവരെല്ലാം സിവിലിയന്മാരാണ്. നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്ഫോടകവസ്തുക്കള്‍ നിറച്ച ട്രാക്ടറാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് നസ്രത്ത് റഹിമി പറഞ്ഞു. തിങ്കള്‍ രാത്രി തലസ്ഥാനമായ കാബൂളില്‍ നടന്ന സ്‌ഫോടനത്തില്‍ 119 പേര്‍ക്കാണ് പരിക്ക്.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. അഞ്ച് മാസത്തിനുള്ളില്‍ 5,000 യു.എസ് സൈനികര്‍ രാജ്യം വിടുന്നതിന് താലിബാനുമായി തത്വത്തില്‍ കരാറായതായി യു.എസ് പ്രതിനിധി അഫ്ഗാന്‍ സര്‍ക്കാരിനെ അറിയിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് സ്‌ഫോടനം.

നിരവധി അന്താരാഷ്ട്ര സംഘടനകളുടെയും ഗസ്റ്റ്ഹൗസുകളുടെയും ആസ്ഥാനമായ ഗ്രീന്‍ വില്ലേജ് കോമ്പൗണ്ടായിരുന്നു സ്ഫോടനത്തിന്റെ ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ്  സ്ഥിരീകരിച്ചു. സ്‌ഫോടനത്തില്‍ പെട്രോള്‍ സ്റ്റേഷനിലേക്ക് തീപടരുകയും കനത്ത പുക ഉയരുകയും ചെയ്തിരുന്നു. കിലോമീറ്റര്‍ അകലെയുള്ള വീടുകളിലെ ജനലുകളും വാതിലുകളും കുലുങ്ങിയിരുന്നു. സ്ഫോടനത്തിനുശേഷം വെടിവയ്പ്പിന്റെ ശബ്ദവും കേള്‍ക്കാമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ 34 പേര്‍ സമീപത്തെ വസീര്‍ അക്ബര്‍ ഖാന്‍ ആശുപത്രിയിലാണെന്ന്  പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ ഡോ. നിസാമുദ്ദീന്‍ ജലീല്‍ പറഞ്ഞു.
നിരവധി വിദേശികള്‍ താമസിക്കുന്ന ഗ്രീന്‍ വില്ലേജില്‍  അഫ്ഗാന്‍ സേനയും സ്വകാര്യ സുരക്ഷാ ഗാര്‍ഡുകളും കനത്ത കാവല്‍ ഒരുക്കുന്നുണ്ടെങ്കിലും തീവ്രവാദികള്‍ ലക്ഷ്യമിടാറുണ്ട്. ദീര്‍ഘകാലമായി അമേരിക്ക തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് താലിബാനുമായി നടത്തുന്ന ചര്‍ച്ചകളുടെ വിവരങ്ങള്‍ അഫ്ഗാന്‍ സര്‍ക്കാരിനെ അറിയിക്കാന്‍ യു.എസ് പ്രതിനിധി സല്‍മൈ ഖലീല്‍ സാദ് തലസ്ഥാനം സന്ദര്‍ശിക്കുന്നതിനിടെയാണ് കാബൂള്‍ സ്‌ഫോടമെന്നത് ശ്രദ്ധേയമാണ്.   യു.എസ്-താലിബാന്‍ ധാരണ അഫ്ഗാനിസ്ഥാന്റെ ഭാവിക്ക് എങ്ങനെ സഹായകമാകുമെന്ന് ദേശീയ ടെലിവിഷന്‍ സംപ്രേഷണം ചെയ്ത ഖലീല്‍സാദുമായുള്ള തത്സമയ അഭിമുഖത്തിന്റെ അവസാന മിനിറ്റിലിയാരുന്നു തിങ്കളാഴ്ചത്തെ സ്‌ഫോടനം.

 

 

Latest News