Sorry, you need to enable JavaScript to visit this website.

സൗദിയില്‍ വ്യാജ ഉല്‍പന്നങ്ങള്‍ക്കെതിരെ നടപടി തുടരുന്നു; മൂന്ന് മാസത്തിനിടെ പിടിച്ചത് 1.2 കോടി ഉല്‍പന്നങ്ങള്‍

റിയാദിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥർ വ്യാജ ഉൽപന്നങ്ങൾ പിടിച്ചെടുക്കുന്നു.

റിയാദ് - ഈ വർഷം രണ്ടാം പാദത്തിൽ 1.2 കോടി വ്യാജ ഉൽപന്നങ്ങൾ പിടികൂടിയതായി വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ ഉപയോക്താക്കളിൽനിന്ന് മന്ത്രാലയത്തിന് 88,730 പരാതികൾ ലഭിച്ചു. രണ്ടാം പാദത്തിൽ പ്രതിദിനം ശരാശരി ആയിരത്തോളം പരാതികൾ വീതം ഉപയോക്താക്കളിൽനിന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന് ലഭിച്ചു. 


കാലാവധി തീർന്ന ഭക്ഷ്യവസ്തുക്കൾ, വ്യാജ സൗന്ദര്യവർധക വസ്തുക്കൾ, ശുചീകരണ പദാർഥങ്ങൾ, ഇലക്ട്രിക് ഉൽപന്നങ്ങൾ, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ, സ്‌പെയർ പാർട്‌സ് എന്നിവയെ കുറിച്ചാണ് മന്ത്രാലയത്തിന് കൂടുതൽ പരാതികൾ ലഭിച്ചത്. 
സ്‌പെയർ പാർട്‌സും റിപ്പയറിംഗും ലഭ്യമല്ലാതിരിക്കൽ, ഗാരണ്ടി വ്യവസ്ഥകൾ പാലിക്കാതിരിക്കൽ, മാറ്റിനൽകാതിരിക്കൽ, തിരിച്ചെടുക്കാതിരിക്കൽ എന്നിവയെ കുറിച്ചായിരുന്നു കൂടുതൽ പരാതികളും. ഈ വർഷം ആദ്യ പാദത്തിൽ 79,030 പരാതികൾ ഉപയോക്താക്കളിൽ നിന്ന് ലഭിച്ചിരുന്നു. ആദ്യ പാദത്തിൽ രണ്ടു കോടിയിലേറെ വ്യാജ ഉൽപന്നങ്ങൾ മന്ത്രാലയം പിടിച്ചെടുത്തു. 


പുതിയ അധ്യയന വർഷാരംഭത്തോടനുബന്ധിച്ച് കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ പഠനോപകരണങ്ങൾ വിൽപന നടത്തുന്ന 2642 സ്ഥാപനങ്ങളിൽ വാണിജ്യ, നിക്ഷേപ മന്ത്രാലയം പരിശോധനകൾ നടത്തി. ഇതിനിടെ 170 നിയമ ലംഘനങ്ങൾ കണ്ടെത്തി. വിൽപനക്ക് പ്രദർശിപ്പിച്ച ഉൽപന്നങ്ങളിൽ വില രേഖപ്പെടുത്തിയ സ്റ്റിക്കർ പതിക്കാതിരിക്കൽ, വാണിജ്യ വിവരങ്ങൾ രേഖപ്പെടുത്താതിരിക്കൽ, ഇൻവോയ്‌സ് നൽകാൻ വിസമ്മതിക്കൽ, വിൽപനക്ക് പ്രദർശിപ്പിച്ച സ്റ്റാന്റിലെ വിലയും കൗണ്ടറിൽ ഈടാക്കുന്ന വിലയും തമ്മിൽ വ്യത്യാസം എന്നീ നിയമ ലംഘനങ്ങളാണ് സ്ഥാപനങ്ങളിൽ കണ്ടെത്തിയത്. 


നിയമ ലംഘകർക്കെതിരെ പിഴ അടക്കമുള്ള നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിച്ചു. പരിശോധനകൾ നടത്തിയതിൽ 94 ശതമാനം സ്ഥാപനങ്ങളും വാണിജ്യ വഞ്ചനാ വിരുദ്ധ നിയമം, വാണിജ്യ വിവര നിയമം, ട്രേഡ് മാർക്ക് നിയമം എന്നിവ അടക്കമുള്ള ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ പാലിക്കുന്നതായി തെളിഞ്ഞു. 
ഈ കൊല്ലത്തെ പുതിയ അധ്യയന വർഷത്തോടനുബന്ധിച്ച് സൗദിയിലേക്കുള്ള പഠനോപകരണ ഇറക്കുമതിയിൽ കുറവ് രേഖപ്പെടുത്തിയതായി സൗദി കസ്റ്റംസ് കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ആദ്യ പകുതിയിൽ 31.8 കോടി റിയാലിന്റെ പഠനോപകരണങ്ങളാണ് സൗദിയിലേക്ക് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ 71.7 കോടി റിയാലിന്റെ പഠനോപകരണങ്ങൾ ഇറക്കുമതി ചെയ്തിരുന്നു. 
അമേരിക്ക, സ്വിറ്റ്‌സർലാന്റ്, ബ്രിട്ടൻ, കൊറിയ, തുർക്കി, ചൈന, തായ്‌ലാന്റ്, യു.എ.ഇ, ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, മറ്റു ചില യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് സൗദിയിലേക്ക് മുഖ്യമായും പഠനോപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നത്. 

 

Latest News