റിയാദ് - ദേശീയ എണ്ണക്കമ്പനിയായ സൗദി അറാംകൊയുടെ പുതിയ ഡയറക്ടർ ബോർഡ് ചെയർമാനായി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഡയറക്ടർ ബോർഡ് അംഗവും എം.ഡിയുമായ യാസിർ അൽറുമയ്യാനെ നിയമിച്ചു. ഊർജ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹിന്റെ പിൻഗാമിയായാണ് സൗദി അറാംകൊയുടെ പുതിയ ഡയറക്ടർ ബോർഡ് ചെയർമാനായി യാസിർ അൽറുമയ്യാനെ നിയമിച്ചത്. 2015 സെപ്റ്റംബറിലാണ് യാസിർ അൽറുമയ്യാനെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് എം.ഡി പദവിയിൽ നിയമിച്ചത്. ഇതിനു മുമ്പ് അൽപകാലം റോയൽ കോർട്ട് ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചിരുന്നു. 2016 ൽ സൗദി അറാംകൊ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തി.
ഊർജ മന്ത്രാലയത്തെ സൗദി അറാംകൊയിൽ നിന്ന് വേർപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടാണ് ഊർജ മന്ത്രിക്കു പകരം സൗദി അറാംകൊ ഡയറക്ടർ ബോർഡ് ചെയർമാൻ പദവിയിൽ യാസിർ അൽറുമയ്യാനെ നിയമിച്ചത്. അടുത്ത വർഷം സൗദി അറാംകൊയുടെ ഓഹരികൾ ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ വിൽപന നടത്തുന്നതിന് നീക്കമുണ്ട്. ഇതിനു മുന്നോടിയായി കൂടിയാണ് ഊർജ മന്ത്രാലയത്തെയും സൗദി അറാംകൊയെയും വേർപ്പെടുത്തുന്നത്.
1970 ൽ ജനിച്ച യാസിർ അൽറുമയ്യാൻ 1993 ൽ കിംഗ് ഫൈസൽ യൂനിവേഴ്‌സിറ്റിയിൽ നിന്ന് അക്കൗണ്ടൻസിയിൽ ബാച്ചിലർ ബിരുദം നേടി. അമേരിക്കയിലെ ഹാർവാർഡ് ബിസിനസ് സ്‌കൂളിൽ നിന്ന് പബ്ലിക് അഡ്മിനിസ്‌ട്രേഷൻ പ്രോഗ്രാമിൽ സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്. 2004 മുതൽ 2007 വരെയുള്ള കാലത്ത് സൗദി കാപ്പിറ്റൽ മാർക്കറ്റ് അതോറിറ്റിക്കു കീഴിൽ ഫിനാൻഷ്യൽ സ്റ്റേറ്റ്‌മെന്റ് വിഭാഗം മേധാവിയായും 2008 മുതൽ 2010 വരെയുള്ള കാലത്ത് സൗദി കാപ്പിറ്റൽ മാർക്കറ്റ് അതോറിറ്റിക്കു കീഴിൽ കോർപറേറ്റ് ഫിനാൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറായും 1999 മുതൽ 2004 വരെയുള്ള കാലത്ത് സൗദി-ഹോളണ്ടി ബാങ്കിൽ ഇന്റർനാഷണൽ ബ്രോക്കറേജ് വിഭാഗം മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2011 മുതൽ 2015 വരെയുള്ള കാലത്ത് സൗദി-ഫ്രാൻസി കാപ്പിറ്റൽ കമ്പനി സി.ഇ.ഒയും ഡയറക്ടർ ബോർഡ് അംഗമായും പിന്നീട് അൽഅവ്വൽ ബാങ്കിൽ ഇന്റർനാഷണൽ ബ്രോക്കറേജ് വിഭാഗം ഡയറക്ടറായും പ്രവർത്തിച്ചു. സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ്, യൂബർ ടെക്‌നോളജീസ് കമ്പനി, സൗദി വ്യവസായ വികസന നിധി, സൗദി ഓർഗനൈസേഷൻ ഫോർ സെർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സ് ഡയറക്ടർ ബോർഡ് അംഗത്വങ്ങളും വഹിച്ചിട്ടുണ്ട്.