Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയിൽ പല്ല് പരിശോധനക്ക് ഇൻഷുറൻസ് കവറേജ് തുടരും

ജിദ്ദ- പല്ലുകളിലെ ഓട്ടയടക്കൽ, പല്ല് പറിക്കൽ, ക്ലീനിംഗ് എന്നിവക്കുള്ള ചെലവുകൾ ഹെൽത്ത് ഇൻഷുറൻസ് പോളിസി കവർ ചെയ്യുമെന്ന് കൗൺസിൽ ഓഫ് കോ-ഓപറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് അറിയിച്ചു. എന്നാൽ കൃത്രിമ പല്ലുകൾ വെച്ചുപിടിപ്പിക്കൽ, ദന്ത ക്രമീകരണം എന്നിവക്ക് ഇൻഷുറൻസ് കവറേജ് ലഭിക്കില്ല. 
ഉപയോക്താക്കളിൽനിന്ന് ലഭിക്കുന്ന സാധാരണ പരാതികൾക്ക് അഞ്ചു പ്രവൃത്തി ദിവസത്തിനകം പരിഹാരം കാണും. പരാതികളിൽ സ്വീകരിച്ച നടപടികളെ കുറിച്ച് കൗൺസിൽ വെബ്‌സൈറ്റും ഫോൺ നമ്പർ വഴിയും അന്വേഷണങ്ങൾ നടത്താവുന്നതാണ്. 
ഇൻഷുറൻസ് കമ്പനിക്കു കീഴിലെ അംഗീകൃത ആശുപത്രികളിലും പോളിക്ലിനിക്കുകളിലും ചികിത്സ ലഭ്യമല്ലാത്ത പക്ഷം ഉപയോക്താക്കളെ മറ്റു ആശുപത്രികളിലേക്ക് മാറ്റുമെന്നും കൗൺസിൽ ഓഫ് കോ-ഓപറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് പറഞ്ഞു. 
2017 ൽ ഉപയോക്താക്കളിൽ നിന്ന് കൗൺസിലിന് ലഭിച്ച പരാതികളുടെ എണ്ണത്തിൽ ഒമ്പതിരട്ടി വർധന രേഖപ്പെടുത്തി. പരാതി നൽകുന്നതിനുള്ള സംവിധാനങ്ങൾ പരിഷ്‌കരിച്ചതും ഏകീകൃത ഇൻഷുറൻസ് പോളിസി നടപ്പാക്കിയതും അവകാശങ്ങളെ കുറിച്ച ഉപയോക്താക്കളുടെ അവബോധം വർധിച്ചതുമാണ് പരാതികളുടെ എണ്ണം വലിയ തോതിൽ വർധിക്കുന്നതിന് ഇടയാക്കിയത്. 2017 ൽ ഇൻഷുറൻസ് കമ്പനികൾക്കെതിരെ ഉപയോക്താക്കളിൽ നിന്ന് 48,000 ഓളം പരാതികളാണ് ലഭിച്ചത്. 
തൊഴിലുടമകൾക്കെതിരെ 3213 പരാതികളും ആശുപത്രികളും പോളിക്ലിനിക്കുകളും അടക്കമുള്ള സേവന ദാതാക്കൾക്കെതിരെ 1279 പരാതികളും ലഭിച്ചു. ആശുപത്രികളും പോളിക്ലിനിക്കുകളും അടക്കം 5200 ലേറെ സ്ഥാപനങ്ങൾ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് ചികിത്സാ സേവനങ്ങൾ നൽകുന്നുണ്ട്. 
ചികിത്സയുമായി ബന്ധപ്പെട്ട അപ്രൂവൽ അപേക്ഷകളിൽ 60 മിനിറ്റിനകം ഇൻഷുറൻസ് കമ്പനികൾ മറുപടി നൽകൽ നിർബന്ധമാണ്. അപ്രൂവൽ നിരസിക്കുന്ന പക്ഷം അതിനുള്ള കാരണങ്ങൾ പ്രത്യേകം വിശദീകരിക്കുകയും വേണം. ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം ഉപയോക്താക്കൾക്ക് പരമാവധി അഞ്ചു ലക്ഷം റിയാൽ വരെയാണ് കവറേജ് ലഭിക്കുക. പോളിസി കാലത്തെ ചികിത്സാ ചെലവുകൾ പരമാവധി പരിധിയായ അഞ്ചു ലക്ഷം റിയാലിലെത്തിയാൽ പിന്നീട് ആ ഉപയോക്താക്കൾക്ക് ഹെൽത്ത് ഇൻഷുറൻസ് കവറേജ് ലഭിക്കില്ല. 


 

Latest News