ജിദ്ദ- ഇന്ത്യയിലെ പ്രീമിയർ രാജ്യാന്തര എയർലൈൻ സേവന ദാതാക്കളായ ജെറ്റ് എയർവേയ്‌സ് ജിദ്ദ-മുംബൈ റൂട്ടിൽ ജനുവരി 16 മുതൽ വലിയ വിമാനമായ എയർബസ് എ330 സർവീസ് ആരംഭിക്കുന്നു. ഇതോടെ യാത്രക്കാരുടെ എണ്ണത്തിൽ 50 ശതമാനം വർധനായാണ് ജെറ്റ് ലക്ഷ്യമിടുന്നത്.
വിശാല ബോഡിയോടുകൂടിയ എയർബസിൽ രണ്ട് കാബിനുകളിലായി 18 പ്രീമിയർ സീറ്റുകളും 235 എക്കണോമി സീറ്റുകളുമാണുള്ളത്. പ്രീമിയം ക്ലാസിലെ അതിഥികൾക്ക് ആകാശത്തിലെ കിടക്കകൾ എന്നറിയപ്പെടുന്ന ആഡംബര സൗകര്യമാണ് ജെറ്റ് വാഗ്ദാനം ചെയ്യുന്നത്.
പരിസ്ഥിതിക്കനുയോജ്യമായ രീതിയിൽ രൂപകൽപന ചെയ്ത എക്കണോമി വിഭാഗത്തിൽ യാത്രക്കാർക്ക് കൂടുതൽ ലെഗ്‌റൂമും, സൗകര്യപ്രദമായ കാബിനും ലഭ്യമാണ്.
ജിദ്ദയിൽനിന്ന് രാത്രി 11.30ന് പുറപ്പെടുന്ന വിമാനം രാവിലെ 6.25ന് മുംബൈയിലെത്തി തിരിച്ച് വൈകുന്നേരം 7.05ന് പുറപ്പെട്ട് രാത്രി 10ന് ജിദ്ദയിലെത്തും. മുംബൈയിൽനിന്ന് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് സൗകര്യപ്രദമായ കണക്ഷനും ഒരുക്കിയിട്ടുണ്ട്. കൂടാതെ ബാങ്കോക്ക്, ഹോംങ്കോങ്, സിംഗപൂർ, കൊളംബോ, ധാക്ക, കാട്മണ്ഡു തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇന്ത്യയിൽനിന്ന് കണക്ഷനുകൾക്കുള്ള അവസരവും ഒരുക്കിയിട്ടുണ്ടെന്ന് ഗൾഫ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മേഖല വൈസ് പ്രസിഡന്റ് ഷാകിർ കാന്താവാല അറിയിച്ചു. സൗദിയിൽനിന്ന് ഇന്ത്യയിലേക്ക് ജെറ്റിന് നിലവിൽ എട്ട് സർവീസുകളുണ്ട്. ഇതിൽ ആറ് സർവീസുകൾ ദമാമിൽനിന്നും ഒന്ന് റിയാദിൽനിന്നും ഒന്ന് ജിദ്ദയിൽനിന്നുമാണ്.
ഇന്ത്യയിലും വിദേശത്തുമായി 66 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ജെറ്റ് സർവീസ് നടത്തുന്നുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക വിമാനത്താവളങ്ങളുമായി ആഭ്യന്തര നെറ്റ്‌വർക്കും ജെറ്റിനുണ്ട്. നിലവിൽ 114 വിമാനങ്ങളുണ്ട്.
എയർ സെർബിയ, എയർ സിഷ്വൽസ്, അലിറ്റാലിയ, എതിയാഡ് എയർവേയ്‌സ്, ഡാർവിൻ എയർവേയ്‌സ്, നികി തുടങ്ങിയ വിമാനക്കമ്പനികളുമായി ജെറ്റ് സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്.