Sorry, you need to enable JavaScript to visit this website.

ഉംറ വിസക്കുളള നിബന്ധനകൾ ട്രാവൽ ഗ്രൂപ്പുകൾക്ക് തിരിച്ചടി  


കൊണ്ടോട്ടി- ഉംറ തീർത്ഥാടനത്തിന് വിസ ലഭ്യമാകാൻ ഈ വർഷം മുതൽ സൗദി സർക്കാർ  നടപ്പിലാക്കുന്ന നിബന്ധനകൾ ട്രാവൽ ഗ്രൂപ്പുകൾക്ക് തിരിച്ചടിയാകും. ഈ വർഷം മുതൽ ഓരോ തീർത്ഥാടകന്റെയും താമസത്തിനുളള ഹോട്ടലിന്റെയും മക്കയിലും മദീനയിലും സഞ്ചരിക്കേണ്ട വാഹനത്തിന്റെയും നിരക്കുകൾ മുൻകൂട്ടി മുഴുവൻ അടച്ചാൽ മാത്രമേ  ഉംറ വിസ അനുവദിക്കൂവെന്നാണ് സൗദിയുടെ പുതിയ നിബന്ധന. 
പണം അടയ്ക്കുന്നതിന് പ്രത്യേക ബാങ്കിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഉംറ വിസ നിരക്ക് ഇരട്ടിയായി വർധിപ്പിക്കുകയും ചെയ്തതോടെ ഇന്ത്യയിൽ നിന്ന് ഇൗ വർഷത്തെ തീർത്ഥാടനത്തിന് ചെലവുമേറും.
ഉംറ വിസക്ക് കഴിഞ്ഞ വർഷം വരെ 3000 രൂപയോളമുണ്ടായിരുന്നത് ഈ വർഷം 7000 രൂപയോളമായാണ് ഉയർത്തിയത്. ഇതിന് പുറമെ ഓരോ തീർത്ഥാടകന്റെയും താമസ സ്ഥലം, മക്കയിലും മദീനയിലും സഞ്ചരിക്കുന്ന വാഹനത്തിന്റെ നിരക്ക് എന്നിവ മുൻകൂട്ടി അടയ്ക്കണമെന്നാണ് നിർദേശം. എങ്കിൽ മാത്രമാണ് ഉംറ വിസ അനുവദിക്കുക. സൗദി ഗവൺമെന്റിന്റെ പോർട്ടലിൽ ലഭ്യമാകുന്ന ഹോട്ടലുകൾ മാത്രമേ തീർത്ഥാടകന് താമസത്തിന് ബുക്ക് ചെയ്യാൻ അനുമതിയുള്ളൂ. ഹോട്ടലുകളിലെ വാറ്റ് നികുതി ലഭ്യമാക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ വർഷം താമസത്തിനും യാത്രക്കും മുൻകൂട്ടി പണം അടച്ച് ബുക്ക് ചെയ്യേണ്ടിയിരുന്നില്ല.
ഉംറ കമ്പനികൾക്ക് മാത്രമായി സൗദി ഗവൺമെന്റ് ഏർപ്പെടുത്തിയ പ്രത്യേക ബാങ്കിംഗ് സംവിധാനം വഴിയാണ് ഇനി മുതൽ ഉംറക്കുളള പണം അടയ്‌ക്കേണ്ടത്. ബന്ധുക്കളുടെ കൂടെ താമസിക്കാനുദ്ദേശിക്കുന്നവർക്കും ഹോട്ടൽ താമസസ്ഥലത്തിന് മുൻകൂട്ടി പണം അടയ്‌ക്കേണ്ടിവരും. യാത്ര റദ്ദാക്കിയാൽ മുൻകൂട്ടി അടച്ച പണം ലഭിക്കില്ല. 
സൗദി സർക്കാരിന്റെ അംഗീകാരമുളള ട്രാവൽ ഏജൻസികൾക്ക് മാത്രമേ പുതിയ സംവിധാനത്തിൽ ഉംറ വിസ നടത്താൻ കഴിയുകയുള്ളൂ. ഇവർക്കാവട്ടെ പുതിയ നിയമങ്ങൾ കനത്ത സാമ്പത്തിക ബാധ്യതയുമേറ്റും. പുതിയ നിയമങ്ങളും നിബന്ധനകളും മുൻകൂട്ടി ഗ്രൂപ്പ് ടിക്കറ്റ് എടുത്തവെച്ച ട്രാവൽ ഏജൻസികൾക്കും കനത്ത തിരിച്ചടിയായി. 

 

Latest News