Sorry, you need to enable JavaScript to visit this website.

വിദേശ ഫണ്ടുകൾ ഇന്ത്യൻ വിപണിയെ ആവേശത്തിലാക്കി

വിദേശ ഫണ്ടുകൾ ഇന്ത്യൻ മാർക്കറ്റിനെ വീണ്ടും ആവേശം കൊള്ളിച്ചു. നികുതി പ്രശ്‌നത്തിൽ രണ്ട് മാസം വിൽപനയ്ക്ക് മുൻതൂക്കം നൽകിയ അവർ കഴിഞ്ഞവാരം ഹെവിവെയിറ്റ് ഓഹരികളിൽ പിടിമുറുക്കിയതോടെ സെൻസെക്‌സ് 632 പോയന്റും നിഫ്റ്റി 195 പോയന്റും വർധിച്ചു. സാങ്കേതികമായി വിപണി ബിയറിഷായതിനാൽ വിദേശ ഓപറേറ്റർമാർ ചുവട് മാറ്റിച്ചവിട്ടാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല. 
ജനുവരി - ജൂൺ കാലയളവിൽ 11.34 ബില്യൺ ഡോളർ വിലയുള്ള ഓഹരികൾ ഇന്ത്യയിൽ നിന്ന് ശേഖരിച്ച വിദേശ ഓപറേറ്റർമാർ പക്ഷേ കേന്ദ്ര ബജറ്റിന് ശേഷം 4 ബില്യൺ ഡോളറിന്റെ ഓഹരികൾ വിറ്റു മാറി. ഇത് ധനമന്ത്രാലയത്തെ ആശയക്കുഴപ്പത്തിലാക്കിയതാണ് സൂപ്പർ ടാക്‌സിൽ നിന്ന് പിൻതിരിയാൻ കേന്ദ്രത്തെ പ്രേരിപ്പിച്ചത്.  
നടപ്പുവർഷം ഇതുവരെ വിദേശ നിക്ഷേപം ഇന്ത്യയിൽ 7.21 ബില്യൺ ഡോളറാണ്. ജൂലൈയിൽ 2985 കോടി രൂപയുടെ ഓഹരികളും ഓഗസ്റ്റിൽ 5920 കോടി രൂപയുടെയും വിൽപന അവർ നടത്തി.  ജൂലൈയിൽ സെൻസെക്‌സും നിഫ്റ്റിയും യഥാക്രമം 4.86 ശതമാനവും 5.69 ശതമാനവും ഇത് മൂലം കുറഞ്ഞു. 
വിനിമയ വിപണിയിൽ ഇന്ത്യൻ നാണയം കടുത്ത സമ്മർദത്തിലാണ്. നടപ്പുവർഷം വിനിമയ നിരക്ക് 2.81 ശതമാനം ഇടിഞ്ഞു. മൂന്ന് തവണകളിലായി ആർ ബി ഐ ഈ വർഷം പലിശ നിരക്കിൽ കുറവ് വരുത്തിയിട്ടും തിരിച്ചടിയെ പിടിച്ചു  നിർത്താനായില്ല. ഡോളറിന് മുന്നിൽ രൂപ 71.66 ൽ നിന്ന് 72.23 ലേയ്ക്ക് തുടക്കത്തിൽ ഇടിഞ്ഞ ശേഷം പിന്നീട് 71.23 ലേയ്ക്ക് മികവ് കാണിച്ചെങ്കിലും വ്യാപാരാന്ത്യം രൂപ 71.73 ലാണ്. ഡെയ്‌ലി ചാർട്ട് വിലയിരുത്തിയാൽ രൂപയ്ക്ക് 72.50 ൽ പ്രതിരോധവും 70.60 ൽ താങ്ങുമുണ്ട്. സാമ്പത്തിക രംഗത്തെ ചലനങ്ങൾ വിലയിരുത്തിയാൽ ഈ വർഷം രൂപ 7274 റേഞ്ചിലേയ്ക്ക് നീങ്ങാം. കഴിഞ്ഞ വർഷം ഒക്ടോബറിൽ രേഖപ്പെടുത്തിയ 74.44 രൂപയുടെ റെക്കോർഡ് തകർച്ച. 
ജിഡിപി കണക്കുകൾ നൽകുന്ന സൂചനകൾ നിരാശാജനകമാണ്. തുടർച്ചയായ അഞ്ചാം പാദത്തിലും സാമ്പത്തിക വളർച്ച മന്ദഗതിയിൽ നീങ്ങുന്നതിനാൽ റിസർവ് ബാങ്ക് കൂടുതൽ ഇളവുകൾക്ക് നീക്കം നടത്താം. 
വിദേശ കറൻസി കരുതൽ ശേഖരത്തിൽ ഇടിവ്. ഓഗസ്റ്റ് 23 അവസാനിച്ച വാരത്തിൽ വിദേശ വിനിമയ കരുതൽ ധനം 1.45 ബില്യൺ ഡോളർ കുറഞ്ഞ് 429.050 ബില്യൺ ഡോളറായി. റിസർവ് ബാങ്ക് കണക്കുകൾ പ്രകാരം ഓഗസ്റ്റ് 9 വരെയുള്ള ആഴ്ചയിൽ കരുതൽ ധനം സർവകാല റെക്കോർഡായ 430.572 ബില്യൺ ഡോളറിലെത്തിയിരുന്നു. 
മുൻനിരയിലെ ഏറ്റവും മൂല്യമേറിയ പത്ത് കമ്പനികളിൽ എട്ട് എണ്ണത്തിന്റെ വിപണി മൂല്യത്തിൽ മൊത്തം 77,222.53 കോടി രൂപയുടെ വർധന. ഐടിസി, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച് യു എൽ, എച്ച്ഡിഎഫ്‌സി, ഇൻഫോസിസ്, ഐടിസി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നിവയ്ക്ക് നേട്ടം. ആർഐഎൽ, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയുടെ വിപണി മൂല്യം കുറഞ്ഞു. 
ഡെറിവേറ്റീവ് മാർക്കറ്റിൽ സെപ്റ്റംബർ സീരീസ് മികവോടെയാണ് ആദ്യ ദിനം വ്യാപാരം അവസാനിച്ചത്. നിഫ്റ്റി സൂചിക പിന്നിട്ട വാരം തുടക്കത്തിൽ 10,788 റേഞ്ചിലേയ്ക്ക് ഇടിഞ്ഞ വേളയിൽ ഉടലെടുത്ത ബുൾ തരംഗത്തിൽ  സൂചിക 11,140 ലേക്ക് കുതിച്ചു. ഇതിനിടയിൽ മുൻവാരം സൂചിപ്പിച്ച 11,104 ലെ പ്രതിരോധം തകർക്കാനായെങ്കിലും 11,280 ലേക്ക് ഉയരാനാവശ്യമായ ഊർജം കണ്ടെത്താനായില്ല. വാരാന്ത്യം നിഫ്റ്റി 11,023 പോയന്റിലാണ്. ഈ വാരം ആദ്യ കടമ്പ 11,247 പോയന്റിലാണ്. എന്നാൽ അതിന് മുമ്പേ 11,179 ൽ പ്രതിരോധം നിലവിലുണ്ട്. ഉയർച്ചയിൽ വിൽപനക്ക് ഓപറേറ്റർമാർ നീക്കം നടത്തിയാൽ 10,827-10,631 പോയന്റിലേയ്ക്ക് സാങ്കേതിക പരീക്ഷണങ്ങൾ പ്രതീക്ഷിക്കാം. 
ബോംബെ സെൻസെക്‌സ് 36,701 ൽ നിന്ന് 36,598 ലേയ്ക്ക് തുടക്കത്തിൽ താഴ്ന്ന ശേഷം ശക്തമായ മുന്നേറ്റത്തിലൂടെ സൂചിക 37,730 വരെ ഉയർന്നു. ഇതിനിടയിൽ മുൻവാരം സൂചിപ്പിച്ച 37,579 ലെ പ്രതിരോധം ഭേദിച്ചെങ്കിലും ആ കരുത്ത് വാരാന്ത്യം വരെ നിലനിർത്താനാവാതെ 37,333 പോയന്റിൽ ക്ലോസിങ് നടന്നു. ഈവാരം ആദ്യ പ്രതിരോധം 37,842 ലും ആദ്യ താങ്ങ് 36,710 പോയന്റിലുമാണ്.   

 

Latest News