ന്യൂദല്‍ഹി- രാജ്യത്തെ സുപ്രധാനമായ എട്ടു വ്യവസായ മേഖലകളില്‍ വളര്‍ച്ച കുത്തനെ ഇടിഞ്ഞു 2.1 ശതമാനത്തിലെത്തി. സര്‍ക്കാര്‍ പുറത്തു വിട്ട ജൂലൈയിലെ കണക്കാണിത്. കഴിഞ്ഞ വര്‍ഷം ഇതേ മാസം 7.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ വ്യവസായ മേഖലകളാണിത്. കല്‍ക്കരി, അസംസ്‌കൃത എണ്ണ, പ്രകൃതി വാതകം, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, വളം, ഉരുക്ക്, സിമന്റ്, വൈദ്യുതി എന്നീ വ്യവസായ രംഗങ്ങളിലാണ് വളര്‍ച്ച പിന്നോട്ടടിച്ചത്. സര്‍ക്കാരിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നത് കല്‍ക്കരി, അസംസ്‌കൃത എണ്ണ, പ്രകൃതി വാതകം, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഉല്‍പ്പാദനം ജൂലൈയില്‍ നെഗറ്റീവ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഏപ്രില്‍-ജൂലൈ കാലയളവില്‍ ഈ എട്ടു മേഖലകളില്‍ മൂന്ന് ശതമാനം മാത്രമാണ് വളര്‍ച്ച. മുന്‍ വര്‍ഷം ഇത് 5.9 ആയിരുന്നു.
രാജ്യത്തിന്റെ മൊത്ത ആഭ്യന്തരോല്‍പ്പന്ന (ജിഡിപി) വളര്‍ച്ചാ നിരക്ക് ദുര്‍ബലപ്പെട്ട് ഇടിഞ്ഞതിനു പിന്നാലെയാണ് പുതിയ കണക്കുകള്‍ പുറത്തുവന്നത്. ഉല്‍പ്പാദനത്തിലും ഉപഭോഗത്തിലുമുണ്ടായ ഇടിവ് ജിഡിപി വളര്‍ച്ചയെ പിന്നോട്ടടിച്ച് അഞ്ചു ശതമാനത്തിലെത്തിച്ചിരിക്കുകയാണെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍.എസ്.ഒ) വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച കണക്കുകള്‍ പറയുന്നു. തുടര്‍ച്ചയായ അഞ്ചാം പാദത്തിലും ജിഡിപി വളര്‍ച്ച താഴോട്ടാണ്. 2013ല്‍ രേഖപ്പെടുത്തിയ 4.3 ആണ് ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്ക്. എട്ടു വ്യവസായ മേഖലകളില്‍ അഞ്ചിലും വളര്‍ച്ച മന്ദഗതിയിലായിരിക്കുകയാണ്. ഇത് സമ്പദ്‌വ്യവസ്ഥയില്‍ മൊത്തത്തില്‍ വ്യാപകമായി പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്. ഇന്ത്യ ദീര്‍ഘകാല സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായി ഡോ. മന്‍മോഹന്‍ സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതു അടിവരയിടുന്ന വിവരങ്ങളാണ് സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും തന്നെ ഇപ്പോള്‍ പുറത്തു വരുന്നത്.