ന്യൂദല്‍ഹി- ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ സി.ബി.ഐ ചോദ്യം ചെയ്തുവരുന്ന മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന് തിഹാര്‍ ജയിലിലേക്ക് പോകേണ്ടി വന്നില്ല. സി.ബി.ഐ കസ്റ്റഡി മൂന്ന് ദിവസത്തേക്ക് നീട്ടിയതിനെ തുടര്‍ന്നാണിത്.
ഇടക്കാലജാമ്യത്തിന് വേണ്ടിയുള്ള ചിദംബരത്തിന്റെ അപേക്ഷ പരിഗണിക്കണമെന്ന് സുപ്രീംകോടതി വിചാരണ കോടതിയോട് ആവശ്യപ്പെട്ടു. ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിച്ചില്ലെങ്കില്‍ സി.ബി.ഐ കസ്റ്റഡി മൂന്നു ദിവസം കൂടി ദീര്‍ഘിപ്പിച്ചതായി കണക്കാക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ദല്‍ഹിയില്‍ സി.ബി.ഐ ആസ്ഥാനത്തെ സ്യൂട്ടിലാണ് ചിദംബരം ഇപ്പോഴുള്ളത്. സിബിഐ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ തിഹാര്‍ ജയിലിലേക്ക് കൊണ്ടുപോകരുതെന്ന് സഹപ്രവര്‍ത്തകനും അഭിഭാഷകനുമായ കപില്‍ സിബല്‍ ആവശ്യപ്പെട്ടിരുന്നു. 74 കാരനായ ചിദംബരത്തിനു സംരക്ഷണം നല്‍കണമെന്നും അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കണമെന്നുമാണ് അദ്ദേഹം വാദിച്ചത്. വാദം കേട്ട ജസ്റ്റിസുമാരായ ആര്‍.ബാനുമതി, എ.എസ് ബൊപ്പണ്ണ എന്നിവര്‍ രാഷ്ട്രീയ തടവുകാര്‍ക്ക് മാത്രമാണ് വീട്ടുതടങ്കലെന്ന് വ്യക്തമാക്കി.