Sorry, you need to enable JavaScript to visit this website.

പി.എസ്.സി ക്രമക്കേട്: മുഖ്യപ്രതിയായ പോലീസുകാരൻ കീഴടങ്ങി, വിശ്വാസ്യത തിരിച്ചുപിടിക്കാൻ പി.എസ്.സി

തിരുവനന്തപുരം- പി.എസ്.സി  കോൺസ്റ്റബിൾ പരീക്ഷ ക്രമക്കേടിലെ അഞ്ചാം പ്രതിയും എസ്.എ.പി ക്യാമ്പിലെ പോലീസുകാരനുമായ ഗോകുൽ കീഴടങ്ങി. തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് ഗോകുൽ കീഴടങ്ങിയത്. സെപ്തംബർ 16 വരെ ഗോകുലിനെ കോടതി റിമാൻഡ് ചെയ്തു. കേസിലെ എല്ലാ പ്രതികളും അടുത്ത പത്ത് ദിവസത്തിനകം കീഴടങ്ങണമെന്ന്, കേസിലെ നാലാം പ്രതി സഫീറിന്റെ മുൻകൂർജാമ്യാപേക്ഷ തള്ളെി ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ഗോകുലിൻറെ കീഴടങ്ങൽ. 
അതിനിടെ, പരീക്ഷാ നടത്തിപ്പിലും റാങ്ക് ലിസ്റ്റ് പട്ടിക പ്രസിദ്ധീകരിച്ചതിലും ഉൾപ്പടെയുള്ള വിഷയത്തിൽ വിവാദത്തിലായ പി.എസ്.സി വിശ്വാസ്യത തിരിച്ചുപിടിക്കാൻ ശ്രമം ആരംഭിച്ചു. വിവാദമുണ്ടായപ്പോൾ വിജിലൻസിനെ കൊണ്ട് അന്വേഷണം നടത്തിച്ച് പി.എസ്.സിയുടെ സുതാര്യത പൊതുജനങ്ങളെ അറിയിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിന് പിന്നാലെ ഹൈക്കോടതിയും പബ്ലിക്ക് സർവ്വീസ് കമ്മീഷനെതിരെ വിമർശനവുമായി രംഗത്തു വന്നിരുന്നു. നഷ്ടമായ വിശ്വാസ്യത വീണ്ടെടുക്കാനുള്ള നടപടി സ്വീകരിക്കാൻ ഇന്ന് ചേരുന്ന കമ്മീഷൻ യോഗത്തിൽ തീരുമാനം എടുത്തേക്കും.
പരീക്ഷാ നടത്തിപ്പിനെതിരെ ഹൈക്കോടതിയിൽ നിന്നുണ്ടായ വിമർശനങ്ങളെ സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തി റിപ്പോർട്ട് നൽകാൻ സ്റ്റാന്റിംഗ് കൗൺസിലിനെ പി.എസ്.സി ചുമതലപ്പെടുത്തും. ഹൈക്കോടതിയിലുള്ള പി.എസ്.സിയുടെ ലീഗൽ റീട്ടെയിനർ ആകും അന്വേഷണം നടത്തി റിപ്പോർട്ട് നൽകുക. ഇതിനായി ലീഗൽ റീട്ടെയിനറെ നിയമിക്കേണ്ടതുണ്ട്. ഇതു സംബന്ധിച്ചും ഇന്നത്തെ യോഗത്തിൽ തീരുമാനമുണ്ടാകും.
പി.എസ്.സി സമീപകാലത്ത് നടത്തിയ നിയമനങ്ങളെക്കുറിച്ച് വിപുലമായ അന്വേഷണം നടത്തണമെന്നാണ് ഹൈക്കോടതി ഉത്തരവ്. എന്നാൽ അന്വേഷണത്തിൽ ഏതു കാലം മുതൽക്കുള്ള പരീക്ഷകൾ പരിശോധിക്കണം എന്നതിനെ കുറിച്ച് ആശങ്കയിലാണ് ഉദ്യോഗസ്ഥർ. ഇതുസംബന്ധിച്ച് ഹൈക്കോടതിയും വ്യക്തത വരുത്തിയിട്ടില്ല. പി.എസ്.സിയുടെ ലീഗൽ റീട്ടെയിനർക്ക് ഹൈക്കോടതി ജഡ്ജി ഇതുസംബന്ധിച്ചുള്ള നിർദേശങ്ങൾ ബോദ്ധ്യപ്പെടുത്തിയതിനു ശേഷമായിരിക്കും പി.എസ്.സി സ്വന്തം നിലയ്ക്കുള്ള അന്വേഷണം തുടങ്ങുക.
പി.എസ്.സിയുടെതായ അന്വേഷണം നടത്തി, കുറ്റക്കാരെ വെളിച്ചത്തുകൊണ്ടു വന്നാൽ മാത്രമെ പൊതു ജനങ്ങളിലുള്ള വിശ്വാസ്യത തിരിച്ചുകൊണ്ടു വരാൻ സാധിക്കുകയുള്ളു. ക്രമക്കേട് നടന്ന കാസർകോട് സിവിൽ പോലീസ് ബറ്റാലിയൻ പരീക്ഷ നടന്നത് കഴിഞ്ഞ വർഷം ജൂലായ് 22നാണ്. ഇതിനു ശേഷം നടത്തിയ മുഴുവൻ പരീക്ഷകളും നിയമനങ്ങളും പരിശോധിക്കണമെന്നാണ് കോടതി പറയുന്നതെങ്കിൽ പി.എസ്.സിക്കും ചുമതലപ്പെടുത്തിയ ലീഗൽ റീട്ടെയിനർക്കും പണി കൂടും. ചോദ്യപേപ്പർ ചോർച്ചയുടെ അടിസ്ഥാനത്തിൽ സ്വയം വിമർശനം ഉൾക്കൊണ്ട് പി.എസ്.സിയുടെ പരീക്ഷാ രീതികളിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തണമെന്നാവശ്യപ്പെട്ട് റിപ്പോർട്ട് നൽകാൻ പരീക്ഷ കൺട്രോളറെ നേരത്തെ പി.എസ്.സി യോഗം ചുമതലപ്പെടുത്തിയിരുന്നു. 
പി.എസ്.സി പരീക്ഷാ ഹാളിൽ വാച്ച് നിരോധിക്കണമെന്നും ഉദ്യോഗാർത്ഥികൾക്ക് എൻജിനീയറിംഗ്, മെഡിക്കൽ പ്രവേശന പരീക്ഷാ മാതൃകയിൽ ഡ്രസ് കോഡ് ഏർപ്പെടുത്തണമെന്നും ഹാളിൽ പ്രവേശിക്കുന്നതിന് ദേഹപരിശോധനയ്ക്ക് വിധേയമാക്കണമെന്ന നിർദേശവും കമ്മീഷൻ അംഗങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചും ഇന്നത്തെ യോഗത്തിൽ തീരുമാനമുണ്ടായേക്കും.
 

Latest News