യുപിയില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചഭക്ഷണം ചപ്പാത്തിയും ഉപ്പും; വാര്‍ത്ത പുറത്തുവിട്ടവര്‍ക്കെതിരെ കേസ്

മിര്‍സാപൂര്‍- ഉത്തര്‍ പ്രദേശിലെ കിഴക്കന്‍ ജില്ലയായ മിര്‍സാപൂരില്‍ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണമായി ഉപ്പും റൊട്ടിയും വിളമ്പുന്ന ദൃശ്യം പുറത്തു വന്നതിനു പിന്നാലെ മാധ്യമ പ്രവര്‍ത്തകനെതിരെ പോലീസ് കേസെടുത്തു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്കു കീഴിലാണ് സ്‌കൂളിലെ ഉച്ചഭക്ഷണ വിതരണം. അരി, പയര്‍, പച്ചക്കറികള്‍, റൊട്ടി, പഴങ്ങള്‍, പാല്‍ തുടങ്ങിയവയാണ് ഈ പദ്ധതി പ്രകാരം സ്‌കൂളുകളില്‍ വിതരണം ചെയ്യുന്നതെന്ന് യുപി മിഡ് ഡേ മീല്‍ അതോറിറ്റി പറയുന്നു. എന്നാല്‍ മിര്‍സാപൂര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ നിലത്തിരുന്ന് റൊട്ടി ഉപ്പുകൂട്ടി തിന്നുന്ന ദൃശ്യമാണ് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പുറത്ത് വന്നത്. 

പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ പവന്‍ ജയ്‌സ്വാളാണ് ഈ ദൃശ്യം പകര്‍ത്തി പുറത്തു വിട്ടത്. വാര്‍ത്താ ഏജന്‍സി വഴി ഈ ദൃശ്യം പുറത്തു വന്നതോടെ സമൂഹ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചു. ഇതോടെ യുപി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ചാണ് മാധ്യമപ്രവര്‍ത്തകനും ഗ്രാമ മുഖ്യന്റെ പ്രതിനിധിക്കുമെതിരെ വഞ്ചന, ക്രിമിനില്‍ ഗൂഢാലോചന കുറ്റങ്ങള്‍ ചുമത്തി കേസെടുത്തത്. ബ്ലോക്ക് എജുക്കേഷന്‍ ഓഫീസറുടെ പരാതിയിലാണ് കേസ്.

അതേസമയം, വിഡിയോ ഷൂട്ട് ചെയ്ത ദിവസം സ്‌കൂളില്‍ റൊട്ടി മാത്രമെ പാകം ചെയ്തിട്ടുള്ളൂവെന്ന് പോലീസ് രജിസ്റ്റര്‍ ചെയ്ത പ്രഥമ വിവര റിപോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഈ സംഭവം പുറത്തറിയിക്കാന്‍ മാധ്യമപ്രവര്‍ത്തകനെ വിളിച്ചു വരുത്തുന്നതിനു മുമ്പ് ഗ്രാമ മുഖ്യന്റെ പ്രതിനിധി പച്ചക്കറികള്‍ എത്തിക്കാന്‍ വഴിയുണ്ടാക്കണമായിരുന്നു എന്നും പോലീസ് റിപോര്‍ട്ടില്‍ പറയുന്നു.

പ്രാഥമികാന്വേഷണിനു ശേഷം സര്‍ക്കാര്‍ സ്വീകരിച്ച നടപടിയും സര്‍ക്കാരിനെ തന്നെ വെട്ടിലാക്കുന്നതാണ്. വീഴ്ച സംഭവിച്ചത് ചുമതല വഹിച്ചിരുന്നു അധ്യാപകനും ഗ്രാമ പഞ്ചായത്തിലെ സൂപ്പര്‍വൈസര്‍ക്കുമാണെന്ന് പ്രഥമ ദൃഷ്ട്യാ വ്യക്തമാണ്. ഇരുവരേയും സസ്‌പെന്‍ഡ് ചെയ്തു. സംഭവം അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു.

Latest News