അസമില്‍ ഡോക്ടറെ അടിച്ചുകൊന്ന കേസില്‍ 21 പേര്‍ അറസ്റ്റില്‍

ഗുവാഹത്തി-അസമില്‍ തേയില തോട്ടം തൊഴിലാളികള്‍ എസ്‌റ്റേറ്റിലെ  ഡോക്ടറെ അടിച്ചുകൊന്ന കേസില്‍ 21 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. സഹപ്രവര്‍ത്തകയ്ക്ക് ചികിത്സ നല്‍കാന്‍ ഡോക്ടര്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്നാണ്  250 ലേറെ തൊഴിലാളികള്‍ 73 കാരനായ ഡോക്ടറെ മര്‍ദിച്ച് കൊലപ്പെടുത്തിയത്.
അടിയന്തര സേവനങ്ങളടക്കം നിര്‍ത്തി നാളെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പണിമുടക്കിന് ആഹ്വാനം ചെയ്ത
പശ്ചാത്തലത്തിലാണ് പോലീസ് അറസ്റ്റടക്കമുള്ള നടപടികള്‍ സ്വീകരിച്ചത്.
അസമിലെ പ്രധാന നഗരമായ ഗുവാഹത്തിയില്‍നിന്ന് 300 കിലോമീറ്റര്‍ അകലെ അസമിലെ ജോര്‍ഹട്ടിലെ ടീ എസ്റ്റേറ്റ് സുരക്ഷാ കാരണങ്ങളാല്‍ മാനേജുമെന്റ്  പൂട്ടിയിരിക്കയാണ്.

എസ്റ്റേറ്റ് ആശുപത്രിയില്‍ താല്‍ക്കാലിക ജോലിക്കാരിയെ ഗുരുതരാവസ്ഥയില്‍ കൊണ്ടുവന്നപ്പോള്‍ സ്ഥലത്തില്ലാത്തതിനെ തുടര്‍ന്നാണ്  എസ്റ്റേറ്റിലെ തൊഴിലാളികള്‍ ദേവന്‍ ദത്തയെന്ന ഡോക്ടറെ തല്ലിച്ചതച്ചത്. എസ്റ്റേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സോമ്ര മാജിയുടെ മരണത്തെത്തുടര്‍ന്നണ് ഡോക്ടറെ ആക്രമിച്ചതെന്ന് ജോര്‍ഹട്ട് ഡെപ്യൂട്ടി കമ്മീഷണര്‍ റോഷ്‌നി അപരഞ്ജി  പറഞ്ഞു.

33 കാരിയായ സുക്ര മാജിയെ ശനിയാഴ്ച ഉച്ചയോടെയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോ. ദത്തക്കു പുറമെ ഫാര്‍മസിസ്റ്റും അവധിയിലായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് മരുന്ന് നല്‍കിയെങ്കിലും താമസിയാതെ തൊഴിലാളി മരിച്ചു. ഉച്ചകഴിഞ്ഞ് 3.30 ന് ഡോ. ദത്ത എത്തിയപ്പോള്‍ പ്രകോപിതരായ തൊഴിലാളികള്‍ മര്‍ദിക്കുകയും ആശുപത്രിയിലെ ഒരു മുറിയില്‍ പൂട്ടിയിടുകയും ചെയ്തു. പോലീസ് എത്തി രക്ഷപ്പെടുത്തിയെങ്കിലും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു.

 

Latest News