കേരളത്തിലെ പോലീസിൽ ആത്മഹത്യ കൂടുന്നു;  മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം 

തിരുവനന്തപുരം- സംസ്ഥാനത്ത് പോലീസുകാർക്കിടയിൽ ആത്മഹത്യ വർദ്ധിക്കുകയാണെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പോലീസ് സംഘടനകളുടെ യോഗം വിളിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ ഒന്നരമാസത്തിനിടെ നാല് പോലീസുകാരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉടൻ തന്നെ പോലീസ് സംഘടനയിലെ പ്രതിനിധികളെ ഉൾപ്പെടുത്തി യോഗം വിളിക്കാൻ തീരുമാനിച്ചത്. ഈ മാസം അഞ്ചിനാണ് യോഗം. 
ജോലിക്കിടയിലെ മാനസികസംഘർഷം, ജോലി സമയത്തിലെ പുനഃക്രമീകരണം എന്നിവ ഉൾപ്പെടെ എല്ലാ വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്യും. ഈ മാസം അഞ്ചിന് വൈകുന്നേരം നാലരയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് യോഗം. ഐ.പി.എസ് അസോസിയേഷൻ, പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്, പോലീസ് അസോസിയേഷൻ, സീനിയർ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ യോഗമാണ് വിളിച്ചിരിക്കുന്നത്.
അടൂർ കെ.എ.പി ബറ്റാലിയനിലെ വനിതാ കോൺസ്റ്റബിൾ ഹണി രാജ് (27) ആഗസ്റ്റ് 22 നാണ് ആത്മഹത്യ ചെയ്തത്. ഹണിയെ റാന്നി വലിയകുളത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആഗസ്റ്റ് 20 നാണ് ആലുവ തടിയിട്ട പറമ്പ് പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ പി.സി.ബാബു വീട്ടിൽ തൂങ്ങിമരിച്ചത്. ജോലി സംബന്ധമായ സമ്മർദങ്ങളെ തുടർന്നാണ് ബാബു ആത്മഹത്യ ചെയ്തതെന്ന് ആരോപണമുയർന്നിട്ടും ഇതേപ്പറ്റി അന്വേഷണമൊന്നുമുണ്ടായില്ല. ആഗസ്റ്റ് എട്ടിനാണ് ആലുവ ചെങ്ങമനാട് പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ പൗലോസ് ജോണിനെ പോലീസ് ക്വാട്ടേഴ്‌സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചെങ്ങമ്മനാട് പോലീസ് സ്‌റ്റേഷനിലെ പോലീസുകാർക്ക് മേൽ സി.ഐ അമിത ജോലിഭാരം അടിച്ചേൽപ്പിച്ചിരുന്നതായി പൗലോസ് ജോണിന്റെ സഹപ്രവർത്തകർ തന്നെ ആരോപിച്ചിരുന്നു. പാലക്കാട് എ.ആർ ക്യാമ്പിലെ പോലീസുകാരനായ കുമാർ ജൂലൈ 25 നാണ് ജീവനൊടുക്കിയത്. സഹപ്രവർത്തകരുടെ മാനസികപീഡനങ്ങളെ തുടർന്നായിരുന്നു ആത്മഹത്യ. പോലീസിൽ അടിമ ജോലി, വോട്ട് ചെയ്യാനുള്ള അവകാശം നിഷേധിച്ചുകൊണ്ട് ബാലറ്റ്‌പേപ്പർ പിടിച്ചെടുക്കൽ, സേനക്കുള്ളിലെ സി.പി.എം ഫ്രാക്ഷൻ തുടങ്ങി നിരവധി വിവാദങ്ങളാണ് ഉയർന്ന് വന്നത്.

Latest News