Sorry, you need to enable JavaScript to visit this website.

മടക്കയാത്രാ നടപടികള്‍ താമസ കേന്ദ്രങ്ങളില്‍; ഹാജിമാര്‍ക്ക് ഇയാബ് പദ്ധതി മദീനയിലും

ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ ഹാജിമാർക്ക് പ്രയോജനം, ജിദ്ദയിൽ പദ്ധതി വൻവിജയം

മദീന- ഹജ് തീർഥാടകരുടെ മടക്കയാത്ര നടപടികൾ താമസ സ്ഥലങ്ങളിൽ വെച്ചു പൂർത്തിയാക്കുന്ന 'ഇയാബ്' പദ്ധതി മദീന പ്രിൻസ് മുഹമ്മദ് അന്താരാഷ്ട്ര എയർപോർട്ടിലും നടപ്പാക്കുന്നു. അടുത്ത ബുധനാഴ്ച മുതൽ മദീന വിമാനത്താവളത്തിൽ ഇയാബ് പദ്ധതി നടപ്പാക്കുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ജിദ്ദ എയർപോർട്ടിൽ നടപ്പാക്കിയ പദ്ധതി വൻ വിജയമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വിമാനത്താവളത്തിൽ എത്തുന്നതിനു മുമ്പായി താമസ സ്ഥലങ്ങളിൽ വെച്ചു തന്നെ ഹാജിമാരുടെ മടക്കയാത്ര നടപടികൾ പൂർത്തിയാക്കുന്ന പദ്ധതിയാണിത്. ഇന്തോനേഷ്യ, ഇന്ത്യ, മലേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്കാണ് ഈ വർഷം പദ്ധതിയുടെ ഗുണം ലഭിക്കുന്നത്. 
രാജ്യത്തെ വിമാനത്താവളങ്ങളിൽ ഹജ് തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിനുമാണ് പുതിയ പദ്ധതിയിലൂടെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ശ്രമിക്കുന്നത്. ഇതിലൂടെ മടക്കയാത്രക്കിടെ തീർഥാടകർക്ക് വിമാനത്താവളങ്ങളിൽ കാത്തുനിൽക്കേണ്ട സമയം കുറക്കാം. 
പരീക്ഷണാർഥം ഈ വർഷം ആദ്യമായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തിൽ ജിദ്ദ എയർപോർട്ടും മദീന വിമാനത്താവളവും വഴി സ്വദേശങ്ങളിലേക്ക് മടങ്ങുന്ന 30,000 ഹാജിമാരെയാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. ജിദ്ദ വിമാനത്താവളത്തിൽ 16,500 ഹാജിമാർക്കും മദീന എയർപോർട്ടിൽ 13,500 തീർഥാടകർക്കും പദ്ധതിയുടെ ഗുണം ലഭിക്കും. വരും വർഷങ്ങളിൽ മുഴുവൻ ഹജ്, ഉംറ തീർഥാടകർക്കും യാത്രക്കാർക്കും പദ്ധതി വ്യാപകമാക്കാനാണ് ലക്ഷ്യമിടുന്നത്. മക്ക ഗവർണറേറ്റ്, മദീന ഗവർണറേറ്റ്, ഇസ്‌ലാമികകാര്യ മന്ത്രാലയം, ഹജ്, ഉംറ മന്ത്രാലയം, ദേശീയ സുരക്ഷാ സേന, ജവാസാത്ത് ഡയറക്ടറേറ്റ്, സൗദി കസ്റ്റംസ്, നാഷണൽ ഇൻഫർമേഷൻ സെന്റർ, റെഡ് ക്രസന്റ്, മക്ക ഗവർണറേറ്റിന്റെ മേൽനോട്ടത്തിൽ തീർഥാടകർക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്ന സിഖായ, രിഫാദ കമ്മിറ്റി എന്നിവ സഹകരിച്ചാണ് ഇയാബ് പദ്ധതി നടപ്പാക്കുന്നത്. 
ജിദ്ദ, മദീന എയർപോർട്ടുകളിൽ ഹജ് തീർഥാടകർക്കു മാത്രമല്ല രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളും വഴി യാത്ര ചെയ്യുന്നവരുടെ യാത്രാനടപടികൾ എയർപോർട്ടുകളിലെത്തുന്നതിനു മുമ്പായി മുൻകൂട്ടി പൂർത്തിയാക്കുന്ന നിലക്ക് ഇയാബ് പദ്ധതി വ്യാപിപ്പിക്കുന്നതിനും ആലോചനയുണ്ട്. ഇയാബ് പദ്ധതി പ്രകാരം യാത്രയുടെ 24 മണിക്കൂർ മുമ്പ് താമസ സ്ഥലങ്ങളിൽ തീർഥാടകരുടെ ലഗേജുകൾ സ്വീകരിക്കുകയാണ് ചെയ്യുന്നത്. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ലൈസൻസുള്ള സ്ഥാപനങ്ങൾ വഴിയാണ് താമസ സ്ഥലങ്ങളിൽ ഹാജിമാരുടെ ലഗേജുകൾ ഇയാബ് പോർട്ടൽ സ്വീകരിക്കുന്നത്. ഹാജിമാരുടെ പേരുവിവരങ്ങൾ ഉറപ്പു വരുത്തി പേരുവിവരങ്ങളെ ലഗേജുകളുമായും മടക്കയാത്രാ നടപടികളുമായും ബന്ധിപ്പിക്കുകയാണ് ഇയാബ് പോർട്ടൽ ചെയ്യുന്നത്. 
ഹജ് തീർഥാടർക്ക് സൗദിയിലേക്ക് പ്രവേശനം നൽകുന്നതുമായി ബന്ധപ്പെട്ട മുഴുവൻ നടപടിക്രമങ്ങളും സ്വദേശങ്ങളിലെ എയർപോർട്ടുകളിൽ വെച്ച് പൂർത്തിയാക്കുന്ന 'മക്ക റൂട്ട്' പദ്ധതി സമീപ കാലത്ത് ആരംഭിച്ചിട്ടുണ്ട്. ഇതിന് സമാനമാണ് 'ഇയാബ്' പദ്ധതി. ഈ വർഷം പാക്കിസ്ഥാൻ, തുനീഷ്യ, ബംഗ്ലാദേശ് എന്നീ മൂന്നു രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകരെ കൂടി 'മക്ക റൂട്ട്' പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങൾക്കിടെ മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ തീർഥാടകർക്കാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആദ്യമായി നടപ്പാക്കിയത്. ഇത് വലിയ വിജയമാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഈ വർഷം മൂന്നു രാജ്യങ്ങളെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ഈ വർഷം ആകെ 2,25,000 ലേറെ തീർഥാടകർക്ക് 'മക്ക റൂട്ട്' പദ്ധതിയുടെ പ്രയോജനം ലഭിച്ചു. 


 

Latest News