യു.എസ്, ഖത്തർ ധാരണാപത്രം പര്യാപ്തമല്ലെന്ന് സഖ്യ രാജ്യങ്ങൾ

ഭീകര വിരുദ്ധ പോരാട്ടത്തിന് ഖത്തറിന് ആത്മാർഥതയില്ല

റിയാദ് - ഭീകരതക്കുള്ള ഫണ്ടിംഗ് ചെറുക്കുന്നതിന് അമേരിക്കയും ഖത്തറും ഒപ്പുവെച്ച ധാരണാപത്രം പര്യാപ്തമല്ലെന്ന് സൗദി അറേബ്യയും ബഹ്‌റൈനും യു.എ.ഇയും ഈജിപ്തും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ഭീകര വിരുദ്ധ പോരാട്ട മേഖലയിൽ അമേരിക്ക നടത്തുന്ന ശ്രമങ്ങളെ വിലമതിക്കുന്നതായി സംയുക്ത പ്രസ്താവന പറഞ്ഞു. മുൻ വർഷങ്ങളിൽ നാലു രാജ്യങ്ങളും ശക്തമായി സമ്മർദം ചെലുത്തുകയും ആവർത്തിച്ച് ആവശ്യപ്പെടുകയും ചെയ്തതിന്റെ ഫലമാണ് ഖത്തർ അധികൃതർ അമേരിക്കയുമായി ഭീകരതക്കുള്ള ഫണ്ടിംഗ് ചെറുക്കുന്നതിന് ധാരണാപത്രം ഒപ്പുവെച്ചത്. ഈ ചുവടുവെപ്പ് പര്യാപ്തമല്ല. ഭീകരതക്കുള്ള പിന്തുണയും ഫണ്ടിംഗും ചെറുക്കുന്നതിന് ഖത്തറിന് എത്രമാത്രം ആത്മാർഥതയുണ്ടെന്ന് നാലു രാജ്യങ്ങളും സസൂക്ഷ്മം നിരീക്ഷിക്കും. 
ഭീകരതക്ക് പിന്തുണയും സാമ്പത്തിക സഹായവും നൽകുന്നതും ഭീകരർക്ക് അഭയം നൽകുന്നതും വിദ്വേഷഭാഷണം പ്രചരിപ്പിക്കുന്നതും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതുമാണ് ഖത്തറിനെതിരായ നടപടികൾക്ക് കാരണം. തങ്ങൾ മുന്നോട്ടുവെച്ച നിയമാനുസൃതവും നീതിയുക്തവുമായ ഉപാധികൾ പാലിച്ച് ഈ പ്രവർത്തനങ്ങൾ ഖത്തർ പൂർണമായും അവസാനിപ്പിക്കണം. 
കാലാകാലങ്ങളായി ഖത്തർ കരാറുകൾ ലംഘിച്ചുവരികയാണ്. ഏറ്റവും ഒടുവിൽ 2013 ൽ റിയാദിൽ ഒപ്പുവെച്ച കരാർ ഖത്തർ ലംഘിച്ചതാണ് ഖത്തറിൽ നിന്ന് അംബാസഡർമാരെ പിൻവലിക്കുന്നതിന് ഇടയാക്കിയത്. 2014 ൽ പുതിയ കരാർ ഒപ്പുവെച്ചതിനെ തുടർന്നാണ് അംബാസഡർമാരെ ഖത്തറിലേക്ക് വീണ്ടും നിയോഗിച്ചത്. ഇതിനു ശേഷവും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതും ഭീകരർക്ക് അഭയം നൽകുന്നതും ഭീകരതക്ക് സാമ്പത്തിക സഹായം നൽകുന്നതും തീവ്രവാദവും വിദ്വേഷവും പ്രചരിപ്പിക്കുന്നതും ഖത്തർ തുടരുകയാണ്. ഭീകര വിരുദ്ധ പോരാട്ടത്തിന് ഖത്തറിന് ആത്മാർഥതയില്ല. ഈ സാഹചര്യത്തിൽ ശരിയായ പാതയിലേക്ക് തിരിച്ചുവരുന്നതിന് ആത്മാർഥതയുണ്ടെന്ന് നിരീക്ഷിച്ച് ഉറപ്പുവരുത്തുന്ന ശക്തമായ വ്യവസ്ഥകൾ ഇല്ലാതെ ഖത്തറുണ്ടാക്കുന്ന ഒരു ധാരണയെയും വിശ്വസിക്കുന്നതിന് സാധിക്കില്ല. ഉപാധികൾ പാലിക്കുന്നതുവരെ ഖത്തറിനെതിരെ ഇപ്പോൾ സ്വീകരിച്ച നടപടികൾ തുടരുമെന്നും നാലു രാജ്യങ്ങളും പ്രസ്താവനയിൽ പറഞ്ഞു. യു.എസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സൺ നടത്തിയ ദോഹ സന്ദർശനത്തിനിടെയാണ് ഭീകരതക്കുള്ള ഫണ്ടിംഗ് ചെറുക്കുന്നതിന് ഇരു രാജ്യങ്ങളും ധാരണാപത്രം ഒപ്പുവെച്ചത്. 

Latest News