Sorry, you need to enable JavaScript to visit this website.

പ്രതീക്ഷിച്ചത് മലയാളി സംഘ്പരിവാർ ഗവർണറെ; നിരാശയോടെ കേരള ബി.ജെ.പി ഘടകം 

തിരുവനന്തപുരം- കേരള ഗവർണറായി മലയാളി സംഘപരിവാറുകാരെ പ്രതീക്ഷിച്ച ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് നിരാശ. 
നിലവിലെ ഗവർണർ പി. സദാശിവത്തിന് വീര്യം പോരെന്നും അദ്ദേഹം ബി.ജെ.പിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നില്ലെന്നും പരാതി പറഞ്ഞിരുന്ന ബി.ജെ.പി നേതാക്കളും പ്രവർത്തകരും കേരളത്തിലേക്ക് പുതിയ ഗവർണറെ നിയമിക്കുമ്പോൾ തീവ്ര നിലപാടുള്ള സംഘപരിവാറുകാർ എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, അതുണ്ടായില്ല, തീപ്പൊരി നേതാവിനെ പ്രതീക്ഷിച്ചിടത്ത് എത്തിയതാകട്ടെ മുൻ കോൺഗ്രസ് നേതാവും കേന്ദ്ര മന്ത്രിയുമായ വ്യക്തി. അതും മുസ്‌ലിം സമുദായത്തിലെ പരിഷ്‌കരണ വാദിയായ വ്യക്തി. ഇത് കേരളത്തിലെ ബി.ജെ.പിക്കാരെ നിരാശരാക്കുകയാണ് ചെയ്തത്. 
കേരളത്തിലെ സി.പി.എമ്മിനെ പാഠം പഠിപ്പിക്കാൻ കുമ്മനത്തെയോ ടി.പി സെൻകുമാറിനെയോ ഗവർണറാക്കുമെന്ന് പ്രതീക്ഷിച്ചവരും ഏറെയാണ്. അതത് സംസ്ഥാനങ്ങളിലുള്ളവരെ അതേ സംസ്ഥാനത്ത് ഗവർണറാക്കുന്ന പതിവില്ലെങ്കിലും കേരളത്തിന്റെ കാര്യത്തിൽ ബി.ജെ.പി കേന്ദ്ര നേതൃത്വം പതിവു തെറ്റിക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ ആ പ്രതീക്ഷയെല്ലാം അസ്ഥാനത്തായ മ്ലാനതയാണ് ബി.ജെ.പി ക്യാമ്പുകളിൽ. ആരിഫ് മുഹമ്മദ് ഖാന്റെ നിയമനത്തിൽ സി.പി.എമ്മിനോ കോൺഗ്രസിനോ കാര്യമായി എതിർപ്പില്ലെന്നതും ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് കൂടുതൽ അസ്വസ്ഥതയുണ്ടാക്കുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ് ആരിഫിനെ കേരളത്തിലേക്ക് സ്വാഗതം ചെയ്തു. 
നിലവിലെ ഗവർണർ പി. സദാശിവത്തോട് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് അത്ര താൽപര്യമില്ലായിരുന്നു. ബി.ജെ.പിയുടെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വഴങ്ങാതെ മറ്റു പാർട്ടികളോട് അനുഭാവം പ്രകടിപ്പിക്കുന്ന ആളായാണ് നേതൃത്വം അദ്ദേഹത്തെ വിലയിരുത്തുന്നത്. കണ്ണൂരിലെ അക്രമ സംഭവങ്ങൾ ചർച്ചയായപ്പോൾ ബി.ജെ.പി അനുകൂല നിലപാട് ഗവർണർ സ്വീകരിക്കുമെന്ന വിശ്വാസത്തിലായിരുന്നു സംസ്ഥാന നേതൃത്വം. എന്നാൽ കാര്യങ്ങൾ വിശദമായി പഠിച്ച് സൂക്ഷ്മമായാണ് അദ്ദേഹം പ്രതികരിച്ചത്. സംസ്ഥാന സർക്കാരിനെ സമ്മർദത്തിലാക്കാൻ അദ്ദേഹം തുനിഞ്ഞില്ല. ആർ.എസ്.എസ് പ്രവർത്തകർ രാഷ്ട്രീയ സംഘർഷത്തിൽ കൊല്ലപ്പെട്ടപ്പോൾ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് ചോദിക്കാത്ത ഗവർണർക്കെതിരെ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ പേടിയാണെങ്കിൽ ഗവർണർ സ്ഥാനത്തുനിന്ന് ഇറങ്ങിപ്പോകണമെന്നായിരുന്നു ശോഭയുടെ പ്രസ്താവന. ഗവർണറുടെ നടപടിയെ വിമർശിച്ചെങ്കിലും ബി.ജെ.പി നേതൃത്വം ശോഭയുടെ പ്രസ്താവനയെ തള്ളിയിരുന്നു. 
സംസ്ഥാന സർക്കാരുമായി നല്ല ബന്ധത്തിലായിരുന്നെങ്കിലും ചില സാഹചര്യങ്ങളിൽ അദ്ദേഹം സംസ്ഥാന സർക്കാരിനെതിരെ ഒരു ന്യായാധിപന്റെ റോളിൽനിന്ന് വിമർശിച്ചു. എങ്കിലും അപൂർവമായേ ഇടതു നേതാക്കളുടെ വിമർശനത്തിന് വിധേയനായിട്ടുള്ളൂ. സംസ്ഥാന സർക്കാർ നിർദേശങ്ങൾ അതേപടി അംഗീകരിക്കുന്ന ഗവർണറായിരുന്നില്ല സദാശിവം. സംസ്ഥാന സർക്കാർ സമർപ്പിച്ച വിട്ടയയ്ക്കാനുള്ള തടവുകാരുടെ പട്ടിക അദ്ദേഹം തിരിച്ചയച്ചു തിരുത്തിച്ചു. വിവരാവകാശ കമ്മീഷണർമാരുടെ പട്ടികയിൽ നിന്ന് സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം എ.എ. റഷീദിനെ ഒഴിവാക്കി ബാക്കി നാലു പേരെ നിയമിച്ചു. ദുരഭിമാനക്കൊലയും തുടരുന്ന രാഷ്ട്രീയ കൊലപാതകങ്ങളും കേരളത്തിന് അപമാനമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ തുറന്നു പറഞ്ഞു. 
ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായപ്പോഴൊക്കെ ഇടപെട്ടു. ഒരു ഘട്ടത്തിൽ മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയത് ഇടതു നേതാക്കളെ അൽപം അലോസരപ്പെടുത്തുകയും ചെയ്തു. കാലാവധിയുടെ അവസാനം വിമർശനം ഏറ്റുവാങ്ങേണ്ട സാഹചര്യം അദ്ദേഹത്തിനുണ്ടായിയിരുന്നു. കേരള സർവകലാശാല സെനറ്റിലേക്ക് വൈസ് ചാൻസലർ ശുപാർശ ചെയ്ത പട്ടികയിൽ നിന്ന് രണ്ട് അംഗങ്ങളെ ഒഴിവാക്കി മറ്റ് രണ്ടുപേരെ ഗവർണർ നിയമിച്ചതാണ് സർക്കാരിന്റെ വിമർശനത്തിനിടയാക്കിയത്. വിവിധ പ്രശ്‌നങ്ങളിൽ ബി.ജെ.പിയുടെ ദേശീയ നേതാക്കളടക്കം പല തവണ പരാതികളുമായി രാജ്ഭവനിലെത്തിയെങ്കിലും ഗവർണർ ഒരു സന്ദർഭത്തിലും രാഷ്ട്രീയം കണ്ടില്ല. ഇതിലൊക്കെ ബി.ജെ.പി നേതാക്കൾ പലപ്പോഴും അതൃപ്തരാകുകയും ചെയ്തിരുന്നു. 
 

Latest News