റണ്‍വേയില്‍ നായ കയറി; ഗോവ-ദല്‍ഹി വിമാനം വൈകി

പനാജി- വിമാനം പുറപ്പെടാന്‍ തയാറെടുക്കുമ്പോള്‍   റണ്‍വേയില്‍ നായ പ്രവേശിച്ചതിനെ തുടര്‍ന്ന് ദല്‍ഹിയിലേക്കുള്ള എയര്‍ ഏഷ്യ ഇന്ത്യ വിമാനത്തിന്റെ ടേക്ക് ഓഫ് വൈകി.
രാവിലെ 8.25 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഐ 5778 പിന്നീട് 9.15 നാണ് ടേക്ക് ഓഫ് ചെയ്തതെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.
എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കണ്ടെത്തിയ നായയെ ഉടന്‍ റണ്‍വേയില്‍ നിന്ന് നീക്കം ചെയ്ത ശേഷമാണ് വിമാനം പുറപ്പെട്ടത്.
ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് ഹന്‍സ വ്യോമതാവളത്തില്‍നിന്നാണ്  ഗോവയിലെ യാത്രാ വിമാനങ്ങളടക്കം ടേക്ക് ഓഫ് ചെയ്യുന്നത്.  
റണ്‍വേയില്‍ തെരുവ് നായയെ കണ്ടെത്തിയ ഉടന്‍ ഗോവക്കും ന്യൂദല്‍ഹിക്കും ഇടയില്‍ പറക്കുന്നതിന് നല്‍കിയിരുന്ന ക്ലിയറന്‍സ്  ഗോവ എ.ടി.സി റദ്ദാക്കുകയായിരുന്നുവെന്ന് ചീഫ് സേഫ്റ്റി ഓഫ് എയര്‍ ഏഷ്യ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.
വിമാനം ടേക്ക് ഓഫിന് തയാറെടുത്തുവരികയായിരുന്നുവെന്നും  ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് (ഡിജിസിഎ) റിപ്പോര്‍ട്ട് നല്‍കിയയതായി ഗോവ എ.ടി.സി അറിയിച്ചു. ടേക്ക് ഓഫ് 40 മിനിറ്റ് വൈകിയതിന് എയര്‍ ഏഷ്യ ഇന്ത്യ യാത്രക്കാരോട് ഖേദം പ്രകടിപ്പിച്ചു.  
റണ്‍വേക്ക് സമീപത്തുനിന്ന് നായ്ക്കളെ മാറ്റുന്നതിന് ഐ.എന്‍.എസ് ഹന്‍സ നേരത്തെ തന്നെ നടപടികള്‍ സ്വീകരിച്ചരുന്നു. മൃഗ സംരക്ഷണ വകുപ്പുമായി നാവിക സേന ഉണ്ടാക്കിയ ധാരണ പ്രകാരം  ഓഗസ്റ്റ് പകുതി മുതല്‍ 60 ഓളം നായ്ക്കളെ മാറ്റി പാര്‍പ്പിച്ചതായും വക്താവ് പറഞ്ഞു.

 

Latest News