Sorry, you need to enable JavaScript to visit this website.

സാമ്പത്തിക മാന്ദ്യമുണ്ടെന്ന് സമ്മതിക്കുമോ? ഉത്തരത്തിനു പകരം എതിര്‍വാദമുന്നയിച്ച് ധനമന്ത്രി

ന്യൂദല്‍ഹി- രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചുള്ള ആശങ്ക ശക്തിപ്പെടുന്നതിനിടെ സാമ്പത്തിക മാന്ദ്യമില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. മോഡി സര്‍ക്കാരിന്റെ പിടിപ്പുകേടാണ് ഈ മാന്ദ്യത്തിനു കാരണമെന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ വിമര്‍ശനത്തിന് മറുപടി പറയുന്നില്ലെന്നും ദല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ നിര്‍മല പറഞ്ഞു. ജിഡിപി നിരക്കിലെ ഇടിവും നിരവധി പേരുടെ ജോലികള്‍ നഷ്ടപ്പെട്ടതും സാമ്പത്തിക മാന്ദ്യം കാരണമാണെന്ന് കേന്ദ്ര സമ്മതിക്കുമോ എന്ന ചോദ്യത്തിന് മന്ത്രി നിര്‍മല മറുപടി നല്‍കിയില്ല. പകരം മറുചോദ്യമുന്നയിച്ച് മാധ്യമ പ്രവര്‍ത്തകരോട് വാദിക്കുകയാണ് ചെയ്തത്. മോഡി സര്‍ക്കാരിന്റെ മനുഷ്യനിര്‍മിത ദുരന്തങ്ങളാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ മാന്ദ്യമുണ്ടാക്കിയതെന്ന മന്‍മോഹന്റെ പ്രസ്താവനയോട് പ്രതികരിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കാനും നിര്‍മല വിസമ്മതിച്ചു. രാഷ്ട്രീയ പ്രതികാരം തീര്‍ക്കല്‍ അവസാനിപ്പിച്ച് വിദഗ്ധരുടെ വിവേകമുള്ളവര്‍ പറയുന്നത് കേള്‍ക്കാന്‍ തയാറാകണമെന്നാണോ മന്‍മോഹന്‍ സിങ് പറഞ്ഞത്? എങ്കില്‍ ശരി. നന്ദി. ഞാനീ പ്രസ്താവനയെ നേരിടുന്നു. അതാണ് എന്റെ ഉത്തരം' നിര്‍മല പറഞ്ഞു. തനിക്ക് അതിനെ കുറിച്ചു ഒന്നും പറയാനില്ലെന്നും അദ്ദേഹം പറയുകയും ഞാന്‍ ശ്രദ്ധിക്കുകയും ചെയ്തു- നിര്‍മല കൂട്ടിച്ചേര്‍ത്തു.

വിവിധ മേഖലകളില്‍ നിന്നുള്ളവരുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തി വരികയാണ്. പിന്തുണ ആവശ്യമുണ്ടെന്ന ഏതെങ്കിലും മേഖലയില്‍ നിന്ന് ആവശ്യമുയര്‍ന്നാല്‍ അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ തയാറാണ്. സര്‍ക്കാരുമായി ആശയവിനിമയം നടത്താന്‍ താല്‍പര്യമുള്ളവരെ സ്വാഗതം ചെയ്യുന്നതായും മന്ത്രി പറഞ്ഞു.
 

Latest News