നജ്‌റാൻ- സൗദി അറേബ്യയിലെ ദക്ഷിണ പ്രവശ്യയായ നജ്‌റാനിൽ കമ്പനി താമസ കേന്ദ്രത്തിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ചവരിൽ മൂന്ന് മലയാളികളും. പ്രവാസി സമൂഹത്തെയും നാടിനെയും നടുക്കിയ ദുരന്തത്തിൽ 11 പേരാണ് മരിച്ചത്. ഷല്ലാൽ മഖ്ബറ ഗെയ്റ്റിനു മുന്നിൽ അൽ ഹംറ കമ്പനിയുടെ അക്കമഡേഷനിലെ കെട്ടിടത്തിൽ പുലർച്ചെ രണ്ട് മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ട് കാരണം എ.സിയിൽനിന്ന് തീ പടർന്നുവെന്നാണ് പ്രാഥമിക നിഗമനം. ഒരാൾ ആശുപത്രിയിലും ബാക്കിയുള്ളവർ സംഭവസ്ഥലത്തുമാണ് മരിച്ചത്. ജനലുകളില്ലാത്ത മൂന്ന് മുറി വീട്ടിൽ എല്ലാവരും ശ്വാസംമുട്ടിയാണ് മരിച്ചത്.