വാഷിംഗ്ടണ്‍- ജമ്മു കശ്മീരിലെ സ്ഥിതിഗതികളില്‍ വളരെയധികം ആശങ്കയുണ്ടെന്നും യു.എന്‍ പിന്തുണയുള്ള സമാധാനപരമായ പരിഹാര ശ്രമങ്ങളെ അമേരിക്ക പിന്തുണക്കണമെന്നും യു.എസ് സെനറ്ററും പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ ബെര്‍ണി സാണ്ടേഴ്സ് പറഞ്ഞു.
പ്രത്യേക പദവി അവസാനിപ്പിച്ച് ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓഗസ്റ്റ് അഞ്ച് മുതല്‍ ജമ്മു കശ്മീരില്‍ കര്‍ശന നിയന്ത്രണം തുടരുകയാണ്.
കശ്മീര്‍ താഴ്വരയില്‍ ആശയവിനിമയത്തിന് ഏര്‍പ്പെടുത്തിയ നിരോധം ഉടന്‍ പിന്‍വലിക്കണമെന്ന് 77 കാരനായ ബെര്‍ണി സാണ്ടേഴ്സ് പറഞ്ഞു. കശ്മീരിലെ അവസ്ഥയെക്കുറിച്ച് അതിയായ ആശങ്കയുണ്ട്- അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര മാനുഷിക നിയമത്തെ പിന്തുണയ്ക്കുന്ന കാര്യത്തിലും കശ്മീര്‍ ജനതയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിന് യുഎന്‍ പിന്തുണയുള്ള സമാധാനപരമായ പരിഹാരത്തെ പിന്തുണയ്ക്കുന്നതിലും അമേരിക്ക ധീരമായ നിലപാടെടുക്കണമെന്നും തുറന്നു പ്രഖ്യാപിക്കണമെന്നും ഡെമോക്രാറ്റ് നേതാവ് കൂട്ടിച്ചേര്‍ത്തു.
ഫ്രാന്‍സിലെ ബിയാരിറ്റ്സില്‍ ഈയാ്ച നടന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ജമ്മു കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നു.
ഇന്ത്യയും പാകിസ്ഥാനും 1947 ന് മുമ്പ് ഒറ്റ രാജ്യമായിരുന്നുവെന്നും എല്ലാ പ്രശ്‌നങ്ങളും ഉഭയകക്ഷി തലത്തിലുള്ളതാണെന്നും മൂന്നാം കക്ഷിയുടെ മാധ്യസ്ഥം ആവശ്യമില്ലെന്നും ചര്‍ച്ചയില്‍ പ്രധാനമന്ത്രി മോഡി വ്യക്തമാക്കിയിരുന്നു.






