ജയിലില്‍ ഇരട്ടക്കൊലക്കേസ് പ്രതിയുടെ ബെര്‍ത്ത്‌ഡേ പാര്‍ട്ടി; ബിഹാറില്‍ വൈറല്‍ വിവാദം

പട്‌ന- രണ്ട് എന്‍ജിനീയര്‍മാരെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട കൊലയാളി ബിഹാറിലെ സിതാമാഡി ജയിലില്‍ വമ്പന്‍ ജന്മദിനാഘോഷം നടത്തിയത് വിവാദമായി. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട പിന്റു തിവാരിയാണ് സഹതടവുകാര്‍ക്കൊപ്പം ജന്മദിനം വന്‍ ആഘോഷമാക്കിയത്. കേക്ക് മുറിക്കുന്നതും സഹതടവുകാരില്‍ നിന്ന് സമ്മാനങ്ങള്‍ സ്വീകരിക്കുന്നതും മട്ടന്‍ ഉള്‍പ്പെട്ട സദ്യവിളമ്പുന്നതുമെല്ലാ അടങ്ങിയ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പാര്‍ട്ടിക്കു ശേഷം പിന്റുവും സഹതടവുകാരും ആസ്വദിച്ച് മധുരം നുണയുന്നതും ദൃശ്യത്തിലുണ്ട്.

ജയില്‍ നിയമങ്ങളല്ലാം കാറ്റില്‍ പറത്തിയാണ് കൊലക്കേസ് പ്രതിയുടെ ആഘോഷം. ഇതു പോലീസിനെ വെട്ടിലാക്കിയിരിക്കുകയാണ്. പാര്‍ട്ടിയൊരുക്കാന്‍ പുറത്തു നിന്നുള്ള പാചകക്കാരെ ജയിലിനകത്തേക്ക് പ്രവേശിച്ചുവെന്നാണ് പുറത്തു വന്ന വിവരം. പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ ജയിലനകത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്നും വ്യക്തമായി. മൊബൈലിലാണ് ഈ ദൃശ്യങ്ങളെല്ലാം ഷൂട്ട് ചെയ്തിരിക്കുന്നത്.

നഗ്നമായ നിയമലംഘനം നടന്നതിനെ ചൊല്ലി പോലീസ് വകുപ്പില്‍ ശക്തമായ മുറുമുറുപ്പുണ്ടായി. സംഭവം അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ ജില്ലാ ഭരണകൂടത്തോടും ജയില്‍ അധികൃതരോടും ജയില്‍ ഐജി മിഥിലേഷ് മിശ്ര ഉത്തരവിട്ടു.
 

Latest News