Sorry, you need to enable JavaScript to visit this website.

ഒമർ അബ്ദുല്ലക്കും മെഹബൂബക്കും കുടുംബത്തെ കാണാൻ അനുമതി

ശ്രീനഗർ- കശ്മീരിൽ വീട്ടുതടങ്കലിലായ നാഷണൽ കോൺഫ്രൻസ് നേതാവ് ഒമർ അബ്ദുല്ലക്കും പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിക്കും ഒടുവിൽ കുടുംബങ്ങളെ കാണാൻ അനുമതി. ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് ഇരുവരെയും വീട്ടുതടങ്കലിലാക്കിയ ശേഷം ഇതാദ്യമായാണ് ഇവർക്ക് കുടുംബാംഗങ്ങളെ കാണാൻ അനുമതി നൽകിയത്. ഒമർ അബ്ദുല്ലക്ക് തന്റെ കുടുംബത്തെ ആഴ്ചയിൽ രണ്ടു തവണ കാണാൻ അനുമതി നൽകി. സഹോദരി സഫിയക്കും അവരുടെ മക്കൾക്കുമാണ് ഒമർ അബ്ദുല്ലയെ കാണാൻ അനുമതി നൽകിയത്. 
മെഹബൂബ മുഫ്തിയെ അവരുടെ അമ്മയെയും സഹോദരിയെയും കാണാൻ അനുവദിച്ചു. വ്യാഴാഴ്ചയാണ് ഇവരെ കാണാൻ അനുവദിച്ചത്. ഒമർ അബ്ദുല്ലയുടെ പിതാവ് ഫാറൂഖ് അബ്ദുല്ലയും വീട്ടു തടങ്കലിലാണ്. ടെലിഫോൺ സൗകര്യം പോലും അദ്ദേഹത്തിന് അനുവദിച്ചിട്ടില്ല. 
ടി.വി ചാനലുകൾ പോലും ഒമർ അബ്ദുല്ലക്കും മെഹബൂബ മുഫ്തിക്കും ലഭ്യമല്ല. അതേസമയം സിനിമ കാണാൻ ഇരുവർക്കും ഡി.വി.ഡി പ്ലയറുകൾ അനുവദിച്ചു. കിൻഡ്്‌ലേയിൽ പുസ്തകം വായിക്കാനും ഒമർ അബ്ദുല്ലക്ക് സാധിക്കുന്നുണ്ട്. രാഷ്ട്രീയ നേതാക്കളെ ഉടൻ മോചിപ്പിക്കുമെന്നാണ് സർക്കാർ നൽകുന്ന സൂചന. എന്നാൽ ഇത് എന്ന് സാധിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്.
 

Latest News