റാഞ്ചി-കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി പ്രസിഡന്റുമായ ലാലുപ്രസാദ് യാദവിന്റെ വൃക്കകള്‍ തകരാറില്‍. റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ കഴിയുന്ന ലാലുവിന്റെ വൃക്കകള്‍ക്ക് 63 ശതമാനവും തകരാറ് സംഭവിച്ചതായി അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ.പി.കെ. ഝാ അറിയിച്ചു.
രക്തത്തില്‍ അണുബാധയുണ്ട്. ചെറിയ തടിപ്പ് പോലെ കാണപ്പെട്ടത് പിന്നീട് വലുതായതിനെ തുടര്‍ന്ന് നീക്കം ചെയ്തുവെന്നും അന്‍പതു ശതമാനം പ്രവര്‍ത്തനക്ഷമമായിരുന്ന വൃക്ക ഇപ്പോള്‍ 37 ശതമാനം മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രമേഹവും രക്തസമ്മര്‍ദവും ലാലുവിനെ അലട്ടുന്നുണ്ട്.
2017 ഡിസംബര്‍ 23 മുതല്‍ ജയിലിലായിരുന്ന ലാലുവിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഒരു വര്‍ഷം മുമ്പാണ് അദ്ദേഹത്തെ രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് മാറ്റിയത്.