Sorry, you need to enable JavaScript to visit this website.

സൗദിയിൽ സ്‌കൂളുകൾ ഇന്ന് തുറക്കുന്നു 

  • അറുപതു ലക്ഷത്തിലേറെ വിദ്യാർഥികൾ ഇന്ന് വിദ്യാലയങ്ങളിലേക്ക്

റിയാദ് - മൂന്നു മാസത്തിലേറെ നീണ്ട വേനലവധിക്കു ശേഷം രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് തുറക്കുന്നു. അറുപതു ലക്ഷത്തിലേറെ വിദ്യാർഥികൾ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളെ വീണ്ടും ബഹളമയമാക്കും. പുതിയ അധ്യയന വർഷത്തെ സ്വീകരിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയവും പ്രവിശ്യാ വിദ്യാഭ്യാസ വകുപ്പുകളും എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. പുതിയ അധ്യയന വർഷാരംഭത്തിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും പ്രോത്സാഹനം നൽകുന്നതിന് വിവിധ വകുപ്പ് മേധാവികൾ ഇന്ന് സ്‌കൂളുകളിൽ സന്ദർശനങ്ങൾ നടത്തും. 

സ്‌കൂളുകളിൽ ഫീൽഡ് സന്ദർശനങ്ങൾ നടത്തിയും പുതിയ അധ്യയന വർഷത്തിനു മുന്നോടിയായി ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിന് രൂപീകരിച്ച പ്രത്യേക കമ്മിറ്റികൾ പലതവണ യോഗം ചേർന്ന് തയാറെടുപ്പുകൾ വിലയിരുത്തുകയും ചെയ്തിരുന്നു. എല്ലാ സ്‌കൂളുകളിലും പാഠപുസ്തങ്ങൾ എത്തിച്ചിട്ടുണ്ട്. ഈ വർഷം നിരവധി പുതിയ പദ്ധതികൾ വിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കിയിട്ടുണ്ട്. നിരവധി പുതിയ സ്‌കൂളുകൾ തുറക്കുകയും മറ്റു സ്‌കൂളുകളിൽ നവീകരണ, വികസന പദ്ധതികൾ നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരുക്കിയിട്ടുണ്ട്. 
റിയാദ് പ്രവിശ്യ വിദ്യാഭ്യാസ വകുപ്പിനു കീഴിലെ 4700 സ്‌കൂളുകളിൽ ആകെ പത്തു ലക്ഷത്തോളം വിദ്യാർഥികളാണുള്ളത്. അധ്യാപകരും ഓഫീസ് ജീവനക്കാരും അടക്കം 87,000 ലേറെ പേർ റിയാദ് പ്രവിശ്യയിൽ രണ്ടാഴ്ച മുമ്പു മുതൽ വേനലധിക്കു ശേഷം ജോലി പുനരാരംഭിച്ചിട്ടുണ്ട്. 
ജിദ്ദയിൽ ആറു ലക്ഷത്തിലേറെ വിദ്യാർഥികളും തബൂക്കിൽ 1200 ലേറെ സ്‌കൂളുകളിൽ രണ്ടു ലക്ഷത്തിലേറെ വിദ്യാർഥികളും തായിഫിൽ 1800 ലേറെ സ്‌കൂളുകളിൽ രണ്ടര ലക്ഷത്തിലേറെ വിദ്യാർഥികളും അൽഹസയിൽ 1092 സ്‌കൂളുകളിൽ 2,23,700 വിദ്യാർഥികളും മദീനയിൽ 1900 സ്‌കൂളുകളിൽ മൂന്നു ലക്ഷത്തിലേറെ വിദ്യാർഥികളും നജ്‌റാനിൽ 91,000 വിദ്യാർഥികളും ഹഫർ അൽബാത്തിനിൽ 567 സ്‌കൂളുകളിൽ 1,04,951 വിദ്യാർഥികളും വാദിദവാസിറിൽ 366 സ്‌കൂളുകളിൽ 32,000 ലേറെ വിദ്യാർഥികളും സ്വബ്‌യയിൽ 1239 സ്‌കൂളുകളിൽ 1,43,758 വിദ്യാർഥികളും ഇന്ന് പുതിയ അധ്യയന വർഷത്തെ വരവേൽക്കും. 
വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിൽ സ്‌കൂൾ ട്രാൻസ്‌പോർട്ടേഷൻ സേവനം നൽകുന്ന തത്‌വീർ കമ്പനി ഈ വർഷം 18,000 സ്‌കൂളുകളിലെ പന്ത്രണ്ടു ലക്ഷത്തിലേറെ വിദ്യാർഥികൾക്ക് ബസുകളിൽ യാത്രാ സൗകര്യം നൽകും. ഈ വർഷം 3100 പുതിയ ബസുകൾ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഉപയോഗിച്ചിരുന്ന കാൽ ലക്ഷത്തോളം ബസുകൾക്ക് പുറമേയാണിത്. ഡ്രൈവർമാരും ടെക്‌നിഷ്യന്മാരും അടക്കം 28,000 ലേറെ പേർ തത്‌വീർ കമ്പനിക്കു കീഴിൽ സ്‌കൂൾ ട്രാൻസ്‌പോർട്ടേഷൻ മേഖലയിൽ പ്രവർത്തിക്കുന്നു. 
2890 സ്‌കൂളുകളിൽ പഠിക്കുന്ന മുപ്പതിനായിരം വികലാംഗ വിദ്യാർഥികൾക്കു വേണ്ടി 4500 ബസുകൾ പ്രത്യേകം സജ്ജീകരിച്ചിട്ടുമുണ്ട്. 
വിദേശങ്ങളിലും സൗദിയിലെ മറ്റു പ്രവിശ്യകളിലും നഗരങ്ങളിലും അവധിക്കാലം ചെലവഴിച്ച കുടുംബങ്ങളെല്ലാം തിരിച്ചെത്തിയിട്ടുണ്ട്. സ്‌കൂൾ ബാഗുകളും പഠനോപകരണങ്ങളും വിൽക്കുന്ന സ്ഥാപനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കടുത്ത തിരക്കാണ് അനുഭവപ്പെട്ടത്. 
പുതുതായി എലിമെന്ററി, നഴ്‌സറി സ്‌കൂളുകളിൽ ചേർത്ത മക്കളെ സ്‌കൂളുകളിലേക്ക് അനുഗമിക്കുന്നതിന് സിവിൽ സർവീസ് മന്ത്രാലയം അടക്കം ഏതാനും വകുപ്പുകൾ തങ്ങളുടെ ജീവനക്കാർക്ക് അനുമതി നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതോടെ റോഡുകളിൽ ഇന്ന് അനുഭവപ്പെടുന്ന കടുത്ത തിരക്ക് മുന്നിൽ കണ്ട് ട്രാഫിക് പോലീസും സുരക്ഷാ വകുപ്പുകളും ആവശ്യമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. 
 

Latest News