Sorry, you need to enable JavaScript to visit this website.

നെഹ്റുട്രോഫി നടുഭാഗം ചുണ്ടന്

ആലപ്പുഴ-പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ പാദസ്പർശമേറ്റ നടുഭാഗം ചുണ്ടൻ ജലരാജാവ്. പ്രഥമ ജലോൽസവത്തിൽ വെന്നിക്കൊടി പാറിച്ച് 67 വർഷങ്ങൾക്കുശേഷമാണ് നടുഭാഗം ഓളപ്പരപ്പിലെ ഒളിമ്പിക്‌സിൽ കിരീടം ചൂടുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്റെ സാന്നിധ്യത്താൽ കായലും കരയും ഒരുപോലെ ആവേശത്തിലായ ഇത്തവണത്തെ ജലമേളയിൽ പൊരിഞ്ഞപാരാട്ടത്തിലൂടെയാണ് ചമ്പക്കുളം ചുണ്ടനെ 3 സെക്കന്റ് സമയത്തിന് പിന്നിലാക്കി നടുഭാഗം ട്രോഫിയിൽ മുത്തമിട്ടത്. പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗിലെ വിജയി കൂടിയായി നടുഭാഗം മാറി. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് നടുഭാഗത്തിൽ തുഴയെറിഞ്ഞത്. കുട്ടനാടിന്റെ ഹൃദയതാളത്തിന് ഉടമകളായ യു.ബി.സി കൈനകരിയാണ് ചമ്പക്കുളത്തിൽ തുഴഞ്ഞത്. 14 തവണ നെഹ്‌റുട്രോഫി നേടിയ യു.ബി.സിക്ക് ഇത്തവണയും സാധ്യതകൾ പ്രവചിച്ചിരുന്നു. പോലിസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ മൂന്നാമതെത്തി. ദേവസിനാണ് നാലാസ്ഥാനം. ഫൈനലിൽ തുഴയെറിഞ്ഞ നാലു ക്ലബ്ബുകൾ തമ്മിലും അത്യന്തം ആവേശകരമായ പോരാട്ടമായിരുന്നു. 4.25.83 സമയത്തിലാണ് 1360 മീറ്റർ ദൂരം നടുഭാഗം തഴഞ്ഞെത്തിയത്. ചമ്പക്കുളം 4.28.40 സമയത്തിലും കാരിച്ചാൽ 4.29.84 സമയത്തിലും ദേവസ് 4.30.28 സമയത്തിലുമെത്തി. ചുണ്ടൻവള്ളങ്ങളുടെ ലൂസേഴ്‌സ് ഫൈനലിൽ വി.ജി.അജയൻ ക്യാപ്റ്റനായ കുമരകം ടൗൺ ബോട്ട് ക്ലബ്ബിൻരെ പായിപ്പാടൻ (4.42.06) ഒന്നാമതും മുനിസിപ്പൽ ചെയർമാൻ തോമസ് ജോസഫ് ക്യാപ്റ്റനായ പുന്നമട ബോട്ട് ക്ലബ്ബിൻരെ ആയാപറമ്പ് പാണ്ടി (4.43.11) രണ്ടാം സ്ഥാനവും എബ്ലഹാം കോശി മൂന്നുതൈക്കൽ ക്യാപ്റ്റനായ എടത്വ വില്ലേജ് ബോട്ട് ക്ലബ്ബിൻരെ ഗബ്രിയേൽ (4.43.49) മൂന്നാം സ്ഥാനവും കോരുത്ത് ജോൺ നായകനായ  വേമ്പനാട് ബോട്ട് ക്ലബ്ബിൻരെ വീയപുരം (4.43.78) നാലാം സ്ഥാനവും നേടി. സെക്കന്റ്  ലൂസേഴ്‌സ് ഫൈനലിൽ ബിജോയ് എസ് നായകനായ കുമരകം കെ.ബി.സി ആൻഡ് എസ്.എഫ്.ബി.സി കൊല്ലം തുഴഞ്ഞ മഹാദേവികാട് കാട്ടിൽ തെക്കേതിൽ (4.53.51) ഒന്നും എ.ജെ.ചാക്കോ നയിച്ച മങ്കൊമ്പ് ഫൗണ്ടേഴ്‌സ് അക്കാദമി ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ സെന്റ് പയസ് ടെൻത് (4.54.34) രണ്ടും തോമസ്‌കുട്ടി മണ്ണന്തുരുത്തിൽ നായകനായ എടത്വ ബ്രദേഴ്‌സ് ബോട്ട് ക്ലബ്ബിന്റെ സെന്റ് ജോർജ് (4.54.57) മൂന്നും ജെയിംസ്‌കുട്ടി ജേക്കബ് നയിച്ച ആർപ്പുക്കര നവജീവൻ ബോട്ട് ക്ലബ്ബിന്റെ ജവഹർ തായങ്കരി (4.55.14) നാലും സ്ഥാനത്തെത്തി. മൂന്നാം ലൂസേഴ്‌സ് ഫൈനലിൽ  ആലപ്പുഴ സിവിൽ സർവീസ് ബോട്ട് ക്ലബ്ബിന്റെ ആയാപറമ്പ് വലിയ ദിവാൻ (5.39.25) ഒന്നും ന്യൂ ചെറുതന ബോട്ട് ക്ലബ്ബിൻരെ കെ.മധു നായകനായ ചെറുതന (5.40.02) രണ്ടും വിവേകാന്ദൻ നയിച്ച വേണാട്ടുകാട് വി.ബി.സി ബോട്ട് ക്ലബ്ബിൻരെ മഹാദേവൻ (5.44.65) മൂന്നും ഫാദർ ഫിലിപ്പോസ് നായകനായ ചേന്നങ്കരി ലൂർദ് മാതാ ബോട്ട് ക്ലബ്ബിൻരെ ശ്രീഗണേശൻ (5.5.29) നാലും സ്ഥാനത്തെത്തി. 
പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സച്ചിൻ ടെണ്ടുൽക്കർ മുഖ്യാതിഥിയായി പങ്കെടുത്തു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നെഹ്‌റുട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ ഡോ. തോമസ് ഐസക്ക്, പി. തിലോത്തമൻ, ജി. സുധാകരൻ, എ.എം ആരിഫ് എം.പി, തോമസ് ചാണ്ടി എം.എൽ.എ, ആർ. രാജേഷ് എം.എൽ.എ, യു. പ്രതിഭ എം.എൽ.എ തുടങ്ങിയവർ സംബന്ധിച്ചു. 

Latest News