Sorry, you need to enable JavaScript to visit this website.

മോഡിയെയും ഷായെയും കൊലക്കേസിൽനിന്ന് രക്ഷിച്ചത് അഭിമാനമായും സി.പി.എം ബ്രാഞ്ച് സെക്രട്ടറി എന്നത് അപമാനമായും കാണുകയാണോ ഡി.ജി.പി-വി.ടി ബൽറാം

തിരുവനന്തപുരം- കേരള ഡി.ജി.പി ലോക്‌നാഥ് ബെഹ്്‌റ സി.പി.എം ബ്ര്ാഞ്ച് സെക്രട്ടറിയെ പോലെ പെരുമാറുന്നുവെന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമർശത്തിൽ നിയമനടപടിയുമായി മുന്നോട്ടുപോകാനുള്ള സംസ്ഥാന സർക്കാർ നടപടിക്കെതിരെ കടുത്ത വിമർശനവുമായി വി.ടി ബൽറാം എം.എൽ.എ. മോഡിയെയും അമിത് ഷായെയും കൊലക്കേസിൽനിന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചുവെന്നത് അഭിമാനമായും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ പെരുമാറുക എന്നത് അപമാനമായും കാണുകയാണോ ലോക്‌നാഥ് ബെഹ്‌റയെന്നും ബൽറാം ചോദിച്ചു. 
 

ബൽറാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

കേരളം ഇത് കാണുന്നില്ലേ?

സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയേപ്പോലെ പെരുമാറുന്നു എന്ന് ആരോപിച്ചു എന്നതിന്റെ പേരിൽ കെപിസിസി പ്രസിഡണ്ടും മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ദീർഘകാലം പാർലമെന്റംഗവുമായിരുന്ന ശ്രീ മുല്ലപ്പള്ളി രാമചന്ദ്രനെ പ്രോസിക്യൂട്ട് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്ത്വം നൽകുന്ന ആഭ്യന്തര വകുപ്പ് അനുമതി നൽകിയിരിക്കുന്നു!

എത്ര വലിയ ഒരു അധികാര ദുർവ്വിനിയോഗമാണ് ഈ സിപിഎം സർക്കാർ ചെയ്തു കൊണ്ടിരിക്കുന്നത്! 'സിപിഎം ബ്രാഞ്ച് സെക്രട്ടറിയേപ്പോലെ പെരുമാറുക' എന്നത് ഇത്ര വലിയ ഒരു അധിക്ഷേപമായിട്ടാണ് ഈ സർക്കാർ കാണുന്നതെന്നത് ഏതായാലും കൗതുകകരമാണ്. എന്നാൽ രാഷ്ട്രീയ വിമർശനങ്ങളുടെ പേരിൽ ഇങ്ങനെ കേസെടുത്ത് പ്രോസിക്യൂട്ട് ചെയ്യുന്ന ഒരു കീഴ്വഴക്കം തുടങ്ങി വച്ചാൽ അത് എവിടെച്ചെന്ന് നിൽക്കുമെന്ന് പിണറായി സർക്കാരിന് വല്ല ധാരണയുമുണ്ടോ? ഇലക്ഷൻ കമ്മീഷനെതിരെ ആരോപണമുന്നയിക്കുന്ന കോടിയേരി ബാലകൃഷ്ണനെതിരെയും റവന്യൂ ഉദ്യോഗസ്ഥരെ പുലഭ്യം പറയുന്ന എം എം മണിക്കെതിരെയും സമാനമായ രീതിയിൽ പ്രോസിക്യൂഷന് സർക്കാർ അനുമതി നൽകുമോ? അതോ ബെഹ്‌റ മാത്രമാണോ ഈ സർക്കാരിന് പ്രിയപ്പെട്ട ഏക ഉദ്യോഗസ്ഥൻ?

ബെഹ്‌റയേക്കുറിച്ച് ഇതിനേക്കാൾ എത്രയോ ഇരട്ടി ഗൗരവമുള്ള വിമർശനം 2018ൽ ഇതേ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയിട്ടുണ്ടല്ലോ. ബെഹ്‌റ എൻഐഎ യിൽ ഉദ്യോഗസ്ഥനായിരുന്ന കാലത്താണ് ഗുജറാത്ത് കലാപത്തിന്റെ ഭാഗമായ ഇസ്രത്ത് ജഹാൻ കൊലക്കേസിൽ അമിത് ഷായേയും നരേന്ദ്ര മോഡിയേയും സംരക്ഷിക്കുന്ന തരത്തിൽ റിപ്പോർട്ട് തയ്യാറാക്കിയതെന്നും അതിന്റെ പ്രത്യുപകാരമായി മോഡിയുടെ ശുപാർശയിൽ ലഭിച്ചതാണ് ഇപ്പോഴത്തെ ഡിജിപി സ്ഥാനമെന്നും മുല്ലപ്പള്ളി ആരോപിച്ചിരുന്നുവല്ലോ? അതിനെതിരെ കേസിന് പോവാൻ തോന്നാതിരുന്ന ബെഹ്‌റയാണ് ഇപ്പോൾ ഉമ്മാക്കി കാട്ടാൻ നോക്കുന്നത്.

മോഡിയേയും ഷായേയും കൊലക്കേസിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ചു എന്നത് അഭിമാനമായും സിപിഎം ബ്രാഞ്ച് സെക്രട്ടറിയേപ്പോലെ പെരുമാറുക എന്നത് കൊടിയ അപമാനമായും കാണാൻ ലോകനാഥ് ബെഹ്‌റക്കുള്ള സ്വാതന്ത്ര്യത്തെ മാനിക്കുന്നു. എന്നാൽ ഇതേ അഭിപ്രായം തന്നെയാണ് അദ്ദേഹത്തിന്റെ കേരളത്തിലെ ലോക്കൽ ഗാർഡിയനായ പിണറായി വിജയനുമുള്ളത് എന്നാണ് സർക്കാരിന്റെ ഈ പ്രോസിക്യൂഷൻ അനുമതി തെളിയിക്കുന്നത്.
 

Latest News