ഇസ്‌ലാമാബാദ്- പാകിസ്ഥാനിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞു 24 യാത്രികർ മരിച്ചു. വടക്കു പടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ കുണ്ഡിയ തെഹ്‌സിലിൽ വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. സംഭവത്തിൽ ഏതാനും ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. പാലം തകർന്ന് ബസ് മലയിടുക്കിലേക്ക് മറിഞ്ഞാണ് അപകടം. 31 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നതെന്നും ഇതിനകം നിരവധി പേരുടെ മൃതുദേഹങ്ങൾ കണ്ടെടുക്കാൻ സാധിച്ചതായും കൊഹിസ്ഥാൻ ഡെപ്യൂട്ടി കമ്മീഷണർ അബ്ദുൽ സബൂർ പറഞ്ഞു. രാത്രിസമയമായതും മലയിടുക്കിലായതും രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നതിൽ ഏറെ പ്രയാസം സൃഷ്ടിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കഴിഞ്ഞ പതിനാലിനും ഇതേ പ്രദേശത്തുണ്ടായ റോഡപകടത്തിൽ 17 പേർ മരിച്ചിരുന്നു.