തെഹ്‌റാൻ- ജിബ്രാള്‍ട്ടര്‍ കോടതി വിട്ടയച്ച ഇറാനിയന്‍ കപ്പല്‍ അഡ്രിയാന്‍ ദാരിയ ലബനോൻ തുറമുഖത്തേക്കാണു നീങ്ങുന്നതെന്ന് സൂചന. തുർക്കിയാണ് ഇത് സംബന്ധിച്ച സൂചന പുറത്ത് വിട്ടത്. എന്നാൽ, ലബനോൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കപ്പല്‍ ഇങ്ങോട്ടു വരുന്നതായി തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടില്ലെന്ന് ലബനോൻ ധനമന്ത്രി അലി ഹസന്‍ ഖലീല്‍ പ്രതികരിച്ചു. കപ്പല്‍ ലബനോനിലെ പ്രധാന തുറമുഖം ലക്ഷ്യമാക്കി നീങ്ങുകയാണെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രി മെവല്‍റ്റ് കാവുസോഗ്‌ലുവാന് വെളിപ്പെടുത്തിയത്. നേരത്തെ ഗ്രേസ്-1 എന്ന പേരുണ്ടായിരുന്ന ഇറാന്‍ എണ്ണക്കപ്പല്‍ അമേരിക്കയുടെ എതിർപ്പ് മറികടന്നാണ് ജിബ്രാൾട്ടർ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം വിട്ടു നൽകിയത്. എന്നാൽ, കപ്പലിനെതിരെ അമേരിക്ക ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. യു.എസ് ഭീഷണി മൂലം ലക്ഷ്യസ്ഥാനം മാറ്റിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയുടെ ഭീഷണി നിലനിൽക്കെയാണ് ഇറാൻ പിന്തുണയുള്ള ഹിസ്‌ബുള്ളക്ക് ഏറെ സ്വാധീനമുള്ള ലബനാനിലേക്ക് കപ്പൽ നീങ്ങുന്നത്. കപ്പലിലെ എണ്ണ ഇതിനകം തന്നെ വിട്ടതായി ഇറാൻ വെളിപ്പെടുത്തിയിട്ടുണ്ട്.
കോടതി ഉത്തരവിനെ തുടർന്നു ജിബ്രാള്‍ട്ടര്‍ വിട്ട കപ്പൽ ഗ്രീസ് ലക്ഷ്യമാക്കി നീങ്ങിയെങ്കിലും അവര്‍ അസൗകര്യമറിയിച്ചതോടെ തുര്‍ക്കിയിലേക്കു തിരിക്കുകയായിരുന്നു. അതിനിടെ ഇറാനിലേക്ക് മടങ്ങുകയാണെന്നും വാർത്തകളുണ്ടായിരുന്നു. നിലവില്‍ തുര്‍ക്കിയുടെ ഇസ്‌കന്ദറന്‍ തുറമുഖത്തിനു സമീപമുള്ള കപ്പല്‍ ഉത്തര സിറിയയുടെ 200 കി.മീ അടുത്താണുള്ളത്. അതേസമയം സിറിയക്ക് എണ്ണ കൈമാറുന്നതു തടയാന്‍ എല്ലാ ശ്രമവും നടത്തുമെന്ന് യു.എസ് മുന്നറിയിപ്പു നല്‍കിയിരുന്നു. 20 ലക്ഷം ബാരല്‍ എണ്ണയുമായി നീങ്ങുന്ന കപ്പല്‍ യൂറോപ്യന്‍ യൂനിയന്റെ ഉപരോധം നേരിടുന്ന സിറിയയിലേക്കു പോവില്ലെന്ന ഉറപ്പിലാണ് ജിബ്രാള്‍ട്ടര്‍ കോടതി മോചിപ്പിച്ചത്. കപ്പലിന് ഇറാന്‍ നാവികസേനയുടെ അകമ്പടി നല്‍കുമെന്നും പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ കടുത്ത പ്രത്യാഘാതമുണ്ടാവുമെന്നും യു.എസിന് ഇറാന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.