ന്യൂദൽഹി- കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി മുതിർന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ പാർട്ടിയിലേക്ക് അടുപ്പിക്കാൻ ബിജെപി തന്ത്രങ്ങൾ മെനയുന്നതായി റിപ്പോർട്ട്. മധ്യപ്രദേശ് സംസ്ഥാന കോൺഗ്രസിൽ ഉയർന്ന കലാപക്കൊടിയിൽ ഇടഞ്ഞു നിൽക്കുന്ന സിന്ധ്യയെ പാർട്ടിയിലെത്തിക്കാൻ ബിജെപി ചർച്ചകൾ നടത്തിയതായും റിപ്പോർട്ടുകളുണ്ട്. മധ്യപ്രദേശ് പി.സി.സി പ്രസിഡന്റാക്കിയില്ലെങ്കില്‍ തനിക്ക് മറ്റ് വഴികള്‍ നോക്കേണ്ടി വരുമെന്ന് മുന്‍ കേന്ദ്ര മന്ത്രി കൂടിയായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ നേതൃത്വത്തെ ഭീഷണിപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. അതേസമയം, സിന്ധ്യയ്ക്കുവേണ്ടി മധ്യപ്രദേശ് കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി കമല്‍നാഥ് പിസിസി അധ്യക്ഷസ്ഥാനം ഒഴിയാനും നീക്കമുള്ളതായും വാർത്തകൾ പുറത്ത് വരുന്നുണ്ട്. തന്നെ പിസിസി അധ്യക്ഷനാക്കിയില്ലെങ്കില്‍ മറ്റു വഴികള്‍ നോക്കുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് കമല്‍നാഥിന്റെ നടപടി.
നിയമസഭാ തെരെഞ്ഞെടുപ്പിന് ശേഷം സിന്ധ്യ മുഖ്യമന്ത്രി ആവുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു എന്നാല്‍, സിന്ധ്യയെ മധ്യപ്രദേശ് ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവും നേരത്തെ കമല്‍നാഥ് തള്ളിയിരുന്നു. ഇതാണ് സിന്ധ്യയെ ചൊടിപ്പിച്ചത്. ഏറെക്കാലമായി അവഗണന സഹിച്ച് കഴിയുകയാണെന്നാണ് സിന്ധ്യ പക്ഷത്തിന്റെ വാദം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ് സിങ്ങിനെ പിസിസി അധ്യക്ഷനാക്കാന്‍ സിന്ധ്യയുടെ മുഖ്യഎതിരാളിയായ ദിഗ്‌വിജയ് സിങ് നീക്കം നടത്തുന്നതിനു പിന്നാലെയാണ് സിന്ധ്യ ബിജെപിയിലേയ്ക്ക് പോകുമെന്ന് ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന അര്‍ജുന്‍ സിങിന്റെ മകന്‍ അജയ് സിങിനെ മുന്‍നിര്‍ത്തിയാണ് ദിഗ്‌വിജയ് സിങിന്റെ നീക്കം. അജയ് സിങും പി.സി.സി പ്രസിഡന്റ് സ്ഥാനത്തിന് അവകാശവാദമുന്നയിച്ചുകഴിഞ്ഞു. പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കമല്‍നാഥ് വെള്ളിയാഴ്ച രാവിലെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. അതിനിടെ മറ്റ് ചില നേതാക്കള്‍ സിന്ധ്യയെ അനുകൂലിച്ച് രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്.