പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സിക്രട്ടറി നൃപേന്ദ്ര മിശ്ര രാജിവച്ചു

ന്യൂദൽഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര രാജിവച്ചു. മോഡിയുടെ അടുത്ത വിശ്വസ്‌തരിൽ ഒരാളായിരുന്ന മിശ്ര  2014 ല്‍ മോഡി പ്രധാനമന്ത്രി പദത്തില്‍ എത്തിയകാലം മുതല്‍ അദ്ദേഹത്തിന്റെ ടീം അംഗമായി പ്രവർത്തിച്ചു വരികയായിരുന്നു. മിശ്രയുടെ പിൻഗായിയായി പി.കെ സിന്‍ഹ എത്തുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തു. രാജി വെച്ചെങ്കിലും മോഡിയുടെ അഭ്യർത്ഥന മാനിച്ച് രണ്ടാഴ്ച്ച കൂടി അദ്ദേഹം പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് തുടരും. പ്രധാനമന്ത്രി മോഡി രണ്ടാം തവണയും അധികാരത്തില്‍ വന്നതോടെയാണ് മിശ്ര അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിതനായത്. നൃപേന്ദ്ര മിശ്ര മികച്ച ഓഫീസറായിരുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു. മിശ്ര വളരെയേറെ സഹായങ്ങള്‍ നല്‍കിയെന്നും അഞ്ച് വര്‍ഷമായി അദ്ദേഹം സഹായിയായി ഒപ്പമുണ്ടായിരുന്നുവെന്നും മോഡി ട്വിറ്ററിൽ കുറിച്ചു. മിശ്ര ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നുവെന്നും പ്രധാനമന്ത്രിയുടെ ട്വീറ്റില്‍ വ്യക്തമാക്കി. 
       യു.പി കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ മിശ്ര നേരത്തെ ട്രായ് ചെയര്‍പേഴ്‌സണായും ടെലികോം സെക്രട്ടറിയായും ഫെര്‍ട്‌ലൈസേഴ്‌സ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാബിനറ്റ് റാങ്കോടെയാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിച്ചു വന്നിരുന്നത്. 

Latest News