കാസർകോട്- കേരള-കർണാടക അതിർത്തിയായ പാണത്തൂർ കരിക്കയത്ത് യുവാവിനെ തോട്ടം ഉടമ വെടിവെച്ചു കൊന്നു. കർണാടക ചെമ്പേരിക്ക് അടുത്ത ചെത്ത്കയത്തെ ഗണേശൻ (39) ആണ് കൊല്ലപ്പെട്ടത്. വനാതിർത്തിയിൽ കാരിക്കെ എന്ന സ്ഥലത്താണ് വെടിയേറ്റ് മരിച്ച നിലയിൽ ഗണേശന്റെ മൃതദേഹം കാണപ്പെട്ടത്. ശരീരത്തിൽ വെടികൊണ്ട പാടുണ്ടായിരുന്നു. ടോർച്ച് കൈയിൽ പിടിച്ച നിലയിലായിരുന്നു കിടന്നിരുന്നത്. വാഗമണ്ഡലം പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അടക്ക മോഷണം നടത്താൻ ഇന്ദുധരൻ എന്നയാളുടെ വീട്ടിൽ എത്തിയ ഗണേശനെ ഇയാളുടെ പിതാവായ തോട്ടം ഉടമ വെടിവെച്ചുവെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാത്രി 12.30 മണിയോടെയാണ് ഗൃഹനാഥൻ ഹൊന്നണ്ണയുടെ വെടിയേറ്റ് ഗണേശൻ മരിച്ചത്. അടയ്ക്ക മോഷ്ടിക്കാനാണ് ഗണേശൻ എത്തിയതെന്നാണ് വീട്ടുകാർ പറയുന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന അടയ്ക്ക മോഷണം പോകുന്നത് പതിവായിരുന്നു. വ്യാഴാഴ്ച രാത്രി വീട്ടുകാർ ഉണർന്നതോടെ മോഷ്ടാവുമായി മൽപിടുത്തത്തിൽ ഏർപ്പെടുകയും സ്വയരക്ഷക്കായി വെടിവെക്കുകയും ചെയ്തുവെന്ന് വീട്ടുകാർ പറയുന്നു. ഹൊന്നണ്ണയും ഭാര്യയും മകനുമാണ് വീട്ടിൽ താമസം. സംഭവസ്ഥലത്ത് തന്നെ ഇയാൾ മരിച്ചതോടെ വീട്ടുകാർ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു എന്നും പറയുന്നു. പോലീസെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തിയ ശേഷമാണ് പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയത്. ചെത്ത്കയത്തെ ജീപ്പ് ഡ്രൈവറായിരുന്നു ഗണേശൻ. ഇയാളുടെ മരണം നാടിനെ ഞെട്ടിച്ചിരിക്കുകയാണ്. മോഷണ കേസുകളുമായി നേരത്തെ ഇയാൾക്ക് ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു.






