Sorry, you need to enable JavaScript to visit this website.

ഹിജ്‌റ വർഷാരംഭം: തൊഴിൽ മന്ത്രാലയം നടപ്പാക്കുന്നത് മൂന്ന് വ്യവസ്ഥകൾ

  • അക്കൗണ്ടന്റുമാർക്കുള്ള നിർബന്ധിത രജിസ്‌ട്രേഷൻ ഇന്നു മുതൽ

റിയാദ്- പുതുവർഷം പിറന്നതോടെ ഇന്നും നാളെയുമായി തൊഴിൽ മന്ത്രാലയം നടപ്പാക്കാനിരിക്കുന്നത് മൂന്ന് പ്രധാന വ്യവസ്ഥകൾ. തൊഴിലിടങ്ങളിൽ സമ്പൂർണ പുകവലി നിരോധനവും വിദേശികളായ അക്കൗണ്ടന്റുമാർക്കുള്ള രജിസ്‌ട്രേഷനും ഭിന്നശേഷിക്കാർക്കുള്ള സർട്ടിഫിക്കറ്റുമാണ് ഉടൻ പ്രാബല്യത്തിലാവുക.
രാജ്യത്തിന്റെ തൊഴിൽ വിപണി ക്രമീകരിക്കുന്നതിന്റെ ഭാഗമായി നേരത്തെ തൊഴിൽമന്ത്രി എൻജിനീയർ അഹ്മദ് ബിൻ സുലൈമാൻ അൽറാജ്ഹി അംഗീകാരം നൽകിയതാണ് ഈ വ്യവസ്ഥകൾ. കഴിഞ്ഞ ശഅ്ബാൻ മാസത്തിലാണ് കമ്പനികളിലും സ്ഥാപനങ്ങളിലും പുകവലി നിരോധന നിയമം മുഹറം ഒന്നു മുതൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. വ്യവസ്ഥ പ്രകാരം ജീവനക്കാർക്കും സന്ദർശകർക്കും കാണാവുന്ന വിധത്തിൽ കമ്പനിയിലെ പൊതുസ്ഥലങ്ങളിൽ നിരോധനം സംബന്ധിച്ച അറിയിപ്പുകൾ തൊഴിലുടമകൾ പതിക്കണം. കമ്പനിയുടെ സ്വത്തുക്കൾക്കും പരിസ്ഥിതിക്കും ജീവനക്കാരുടെയും സന്ദർശകരുടെയും ആരോഗ്യ സംരക്ഷണത്തിനും പുകവലി നിരോധനം അനിവാര്യമാണെന്നും വ്യവസ്ഥയിലുണ്ട്.
അക്കൗണ്ടന്റ് വിഭാഗത്തിൽ പെടുന്ന പ്രൊഫഷനുള്ളവർക്ക് ഇഖാമ എടുക്കുകയോ പുതുക്കുകയോ ചെയ്യണമെങ്കിൽ സൗദി ഓർഗനൈസേഷൻ ഫോർ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സിൽ അംഗത്വം നേടണമെന്ന വ്യവസ്ഥയും നിലവിൽ വരുന്നത് ഇന്നു മുതലാണ്. അക്കൗണ്ടന്റ് ജോലികൾ സ്വദേശിവത്കരിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന ഈ പദ്ധതി പ്രകാരം ഈ പ്രൊഫഷനുകളിലുള്ള വിദേശികൾക്ക് ഇഖാമ പുതുക്കണമെങ്കിൽ ഓർഗനൈസേഷന്റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് അംഗത്വം നേടി സർട്ടിഫിക്കറ്റുകൾ വെരിഫിക്കേഷനു സമർപ്പിക്കണം. കഴിഞ്ഞ ദിവസമാണ് രജിസ്‌ട്രേഷൻ സൗകര്യം നിലവിൽ വന്നത്.
ഭിന്നശേഷിക്കാരനായ ഒരു സ്വദേശിയെ നിയമിച്ച് സൗദിവത്കരണ പദ്ധതിയായ നിതാഖാത്തിൽ നാലു സ്വദേശികളുടെ സ്ഥാനത്ത് പരിഗണിക്കാൻ ഉദ്ദേശിക്കുന്ന ഇടത്തരം സ്ഥാപനങ്ങൾ അവർക്കനുയോജ്യമായ തൊഴിൽ സാഹചര്യം സ്ഥാപനത്തിൽ ഒരുക്കിയിട്ടുണ്ടെന്ന സർട്ടിഫിക്കറ്റ് നേടൽ നിർബന്ധമാക്കുന്നത് മുഹറം രണ്ടു മുതലാണ്.

 

Latest News