Sorry, you need to enable JavaScript to visit this website.

ഹൂത്തി ആക്രമണത്തെ  രക്ഷാസമിതി അപലപിച്ചു

റിയാദ്- സൗദി അറേബ്യയിൽ എയർപോർട്ടുകൾ അടക്കമുള്ള സിവിലിയൻ പശ്ചാത്തല കേന്ദ്രങ്ങൾക്കു നേരെ ഹൂത്തികൾ നടത്തുന്ന ആക്രമണങ്ങളെ യു.എൻ രക്ഷാ സമിതി ശക്തമായ ഭാഷയിൽ അപലപിച്ചു. ആക്രമണങ്ങൾ ഹൂത്തികൾ നിരുപാധികം അവസാനിപ്പിക്കണമെന്ന് രക്ഷാ സമിതി ആവശ്യപ്പെട്ടു. ആക്രമണങ്ങളിൽ സാധാരണക്കാർ കൊല്ലപ്പെടുന്നതിനും പരിക്കേൽക്കുന്നതിനും കാരണമാകുന്നു. സൗദി അറേബ്യയുടെ ദേശീയ സുരക്ഷക്കും മേഖലാ സുരക്ഷക്കും ഭീഷണിയാണ്. യെമൻ സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം കാണുന്നതിന് യു.എൻ നടത്തുന്ന ശ്രമങ്ങൾക്ക് ഇത് തുരങ്കം വെക്കും. 
യെമനിലേക്കുള്ള യു.എൻ ദൂതൻ മാർട്ടിൻ ഗ്രിഫിത്‌സ് നടത്തുന്ന ശ്രമങ്ങൾക്കുള്ള പിന്തുണ രക്ഷാ സമിതി ആവർത്തിച്ചു. യു.എൻ ദൂതനുമായി എല്ലാ കക്ഷികളും സഹകരിക്കണം. സ്റ്റോക്‌ഹോം കരാർ നടപ്പാക്കുന്നതിനും സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം കാണുന്നതിനും യു.എൻ ദൂതൻ നടത്തുന്ന പരിശ്രമങ്ങളെ രക്ഷാ സമിതി പ്രശംസിച്ചു. സമഗ്ര ചർച്ചകൾ പുനരാരംഭിക്കാൻ നടത്തുന്ന ശ്രമങ്ങളെ പൂർണ തോതിൽ പിന്തുണക്കുന്നു. 
യെമനിൽ അടുത്തിടെ സംഘർഷം രൂക്ഷമായതിലും ഏദനിലും സഅ്ദയിലും സൻആയിലും ശബ്‌വയിലും മറ്റു പ്രദേശങ്ങളിലും വലിയ തോതിൽ ആളപായമുണ്ടായതിലും രക്ഷാ സമിതി ആശങ്ക പ്രകടിപ്പിച്ചു. കുട്ടികൾ അടക്കമുള്ള സാധാരണക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തൽ, റിലീഫ് സംഘടനകളുടെ പ്രവർത്തനം എളുപ്പമാക്കൽ എന്നിവ അടക്കം അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച ബാധ്യതകൾ എല്ലാ കക്ഷികളും പാലിക്കണം. സർക്കാർ സ്ഥാപനങ്ങൾ ബലപ്രയോഗത്തിലൂടെ തട്ടിയെടുക്കുന്നതിനുള്ള ശ്രമങ്ങൾ അടക്കം ദക്ഷിണ യെമനിൽ അടുത്തിടെയുണ്ടായ പുതിയ സംഭവ വികാസങ്ങളിൽ രക്ഷാ സമിതി ആശങ്ക പ്രകടിപ്പിച്ചു. എല്ലാവരും ആത്മസംയമനം പാലിക്കുകയും യെമന്റെ സുരക്ഷ കാത്തു സൂക്ഷിക്കുകയും വേണം. 
ദക്ഷിണ യെമനിലെ സംഘർഷങ്ങൾക്ക് സമാധാനപരമായി പരിഹാരം കാണുന്നതിന് ബന്ധപ്പെട്ട എല്ലാ കക്ഷികളെയും പങ്കെടുപ്പിച്ച് ജിദ്ദയിൽ ചർച്ച സംഘടിപ്പിക്കാൻ സൗദി നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു. യെമനിൽ മാനുഷിക ദുരന്തം സംഭവിക്കാതെ നോക്കുന്നതിന് ഭക്ഷ്യവസ്തുക്കളും ഇന്ധനവും അടക്കമുള്ള റിലീഫ് വസ്തുക്കളുടെയും അടിയന്തര വസ്തുക്കളുടെയും നീക്കവും റിലീഫ് പ്രവർത്തകരുടെ സഞ്ചാരവും സുഗമമാക്കണമെന്നും യെമനിലെ മുഴുവൻ തുറമുഖങ്ങളും ഫലപ്രദമായും തുടർച്ചയായും പ്രവർത്തിക്കുന്നത് ഉറപ്പു വരുത്തണമെന്നും യു.എൻ രക്ഷാ സമിതി ആവശ്യപ്പെട്ടു.
 

Latest News