Sorry, you need to enable JavaScript to visit this website.

അഭയയുടെ യഥാർഥ ഇൻക്വസ്റ്റ് റിപ്പോർട്ട് കീറിക്കളഞ്ഞെന്ന് മൊഴി 

തിരുവനന്തപുരം - സിസ്റ്റർ അഭയയുടെ മൃതദേഹം കണ്ട് തയാറാക്കിയ യഥാർഥ  ഇൻക്വസ്റ്റ്  റിപ്പോർട്ടും കൃത്യസ്ഥല മഹസ്സറും കീറിക്കളഞ്ഞെന്ന് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ മുൻ  ഹെഡ് കോൺസ്റ്റബിൾ തോമസ് തിരുവനന്തപുരം സി.ബി.ഐ കോടതിയിൽ സാക്ഷി മൊഴി നൽകി.
കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ മുൻ അഡീഷണൽ എസ്.ഐ വി.വി.അഗസ്റ്റിൻ യഥാർഥ റിപ്പോർട്ട് വലിച്ചു കീറിക്കളഞ്ഞ് തൽസ്ഥാനത്ത് വ്യാജ ഇൻക്വസ്റ്റ് റിപ്പോർട്ടും കൃത്യ സ്ഥല മഹസറും തയ്യാറാക്കി. ഇത് കോട്ടയം ആർ.ഡി.ഒ കോടതിയിൽ സമർപ്പിച്ചു. അഭയ കൊല്ലപ്പെട്ട 1992 മാർച്ച് 27 ന് രാവിലെ 8.30 ന് താനും പോലീസ് സംഘവും അഡീ.എസ്‌ഐ അഗസ്റ്റിന്റെ നേതൃത്വത്തിൽ കോട്ടയം പയസ് ടെൻത് കോൺവെന്റിലെത്തി. ഫയർഫോഴ്‌സാണ് മൃതദേഹം കിണറ്റിൽ നിന്നും കരക്കെത്തിച്ചത്. കോൺവെന്റിനുള്ളിൽ അടുക്കളയ്ക്ക് സമീപം വാഷ് ഏരിയക്കടുത്ത് അഭയയുടെ ചെരുപ്പുകൾ, ശിരോവസ്ത്രം, ഫ്രിഡ്ജിന് സമീപം വാട്ടർ ബോട്ടിലിൽ നിന്ന് വെള്ളം ഒഴുകിക്കിടക്കുന്നതായും കണ്ടു. അടുക്കളയിൽ കൈക്കോടാലി കിടക്കുന്നത് കണ്ടതായും തോമസ് മൊഴി നൽകി. 
സംഭവസ്ഥലത്ത് വച്ച് തയാറാക്കിയ രണ്ടു റിപ്പോർട്ടുകളും സ്റ്റേഷനിലെത്തിയ ശേഷം അഗസ്റ്റിൻ വലിച്ചു കീറിക്കളഞ്ഞു. പകരം പല വസ്തുതകളും മറച്ചു വച്ചും ചിലത് കൃതൃമമായി ചമച്ചും തയ്യാറാക്കിയ വ്യാജ റിപ്പോർട്ടുകളാണ് കോട്ടയം റവന്യൂ സബ് ഡിവിഷണൽ മജിസ്‌ട്രേട്ട് കോടതിയിൽ എഫ്.ഐ.ആറിനൊപ്പം ഹാജരാക്കിയത്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. റിപ്പോർട്ടുകളിലെ അഗസ്റ്റിന്റെ ഒപ്പ് തോമസ് കോടതിയിൽ തിരിച്ചറിഞ്ഞു. വ്യാജ റിപ്പോർട്ടുകളിലെ കൈപ്പട സ്റ്റേഷൻ റൈറ്റർ കെ.ജെ.സക്കറിയയുടേതാണെന്ന് മൊഴി നൽകിയ തോമസ് സ്‌ക്കറിയയുടെ കൈയ്യക്ഷരവും കോടതിയിൽ തിരിച്ചറിഞ്ഞു. 
രേഖകൾ പ്രോസിക്യൂഷൻ ഭാഗം രേഖകളായി കോടതി തെളിവിൽ സ്വീകരിക്കരുതെന്ന ആക്ഷേപവുമായി എണീറ്റ പ്രതിഭാഗം അഭിഭാഷകൻ രാമൻ പിള്ളയുടെ ആക്ഷേപം തള്ളിക്കൊണ്ട് കോടതി പ്രോസിക്യൂഷൻ രേഖകളാക്കി അക്കമിട്ട് തെളിവിൽ സ്വീകരിച്ചു.

Latest News