Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാലാ: മാണി ഗ്രൂപ്പ് സ്ഥാനാർഥി നാളെ; നിഷക്ക് സാധ്യത

കോട്ടയം - പാലാ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എം സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കും. സ്ഥാനാർഥി നിർണയത്തിനായി ജോസ് കെ മാണി ചെയർമാനായ ഏഴംഗ സമിതിയെ നിയോഗിച്ചു. രാജ്യസഭാ സീറ്റ് നഷ്ടപ്പെടുത്തുന്നതിനെതിരെ ജോസ് കെ. മാണിക്ക് മുന്നറിയിപ്പ് നൽകിയതോടെ ചർച്ചകൾ നിഷ ജോസ് കെ മാണിയിലേക്ക് കേന്ദ്രീകരിക്കുകയാണ്. 
ഇന്നലെ പാലായിൽ മാരത്തൺ ചർച്ചകളാണ് നടന്നത്. പൊതു സ്വതന്ത്രനെന്ന ജോസഫ് വിഭാഗത്തിന്റെ നിർദേശത്തോട് ജോസ് കെ. മാണിക്ക് യോജിപ്പില്ല. തങ്ങളുടെ കുത്തകയായ പാലായിൽ സ്വന്തം സ്ഥാനാർഥിയെ നിർത്തി മത്സരിപ്പിച്ച് ജോസഫ് പക്ഷത്തെ വെട്ടിലാക്കാനാണ് നീക്കം. കോട്ടയം ലോക്‌സഭാ സീറ്റിലെന്ന പോലെ വിജയിച്ചാൽ ജോസഫ് വിഭാഗത്തിന്റെ ശക്തി ചോരുമെന്ന രാഷ്ട്രീയ ലക്ഷ്യവും ഉണ്ട്.
അതിനിടെ പാലാ ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പണം ആരംഭിച്ച്  മൂന്നുനാൾ പിന്നിടുമ്പോഴും കേരള കോൺഗ്രസ് എമ്മിലെ സ്ഥാനാർഥി നിർണയം സസ്‌പെൻസായി തുടരുന്നു. എൻ.ഡി.എ മുന്നണിയുടെ ചിത്രവും ഇതുവരെ തെളിഞ്ഞിട്ടില്ല. കൊച്ചിയിൽ ചേർന്ന യോഗത്തിൽ സീറ്റ് ബി.ജെ.പി ഏറ്റെടുക്കാൻ തീരുമാനിച്ചു. ഇതോടെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.ഹരിക്ക് സാധ്യതയേറി. ആദ്യം സ്ഥാനാർഥിയെ നിർണയിച്ച്  പ്രഖ്യാപിച്ച ഇടതുമുന്നണിയുടെ മാണി സി കാപ്പനാവട്ടെ പ്രചരണ രംഗത്ത് സജീവമായിക്കഴിഞ്ഞു.
വെള്ളിയാഴ്ച പാലായിലെ കരിങ്ങോഴക്കൽ വീട്ടിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും സ്ഥാനാർഥി ആരെന്ന് വ്യക്തമാക്കിയിട്ടില്ല. രണ്ടു ദിവസം കൂടി കാക്കാനാണ് ജോസ് കെ മാണി പറയുന്നത്. നിഷ ജോസ് കെ മാണി, ജോസ് കെ മാണി എന്നീ പേരുകളാണ് പ്രചരിക്കുന്നതെങ്കിലും മൂന്നാമനുള്ള സാധ്യതയും ഇപ്പോഴും തള്ളിക്കളയുന്നില്ല. കെ.എം മാണിയുടെ അടുത്ത വൃത്തത്തിലുള്ളവർ ഇപ്പോഴും ജോസ് കെ മാണിയെയാണ് സ്ഥാനാർഥിയായി കാണുന്നത്. എന്നാൽ രാജ്യസഭാംഗത്വ കാലാവധി നാല് വർഷം കൂടിയുള്ളത് കോൺഗ്രസ് ഗൗരവമായി പരിഗണിക്കുന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. ഒന്നര വർഷം കഴിഞ്ഞപ്പോൾ സീറ്റ് ഉപേക്ഷിച്ചു പോയാൽ അത് ഉറപ്പായും കോൺഗ്രസ് കേരള കോൺഗ്രസ് ബന്ധത്തെ ഉലയ്ക്കുക തന്നെ ചെയ്യും. സീറ്റ് നൽകിയപ്പോൾ തന്നെ കോൺഗ്രസിൽ കലാപക്കൊടി ഉയർന്നതാണ്. ഈ സാഹചര്യത്തിലാണ് നിഷ ജോസ് കെ മാണിയുടെ പേര് ഉയർന്നതെങ്കിലും മാണി കുടുംബത്തിൽ ഇവരോട് താത്പര്യക്കുറവുള്ളവരും ഉണ്ട്. ഈ സാഹചര്യത്തിൽ കുടുംബത്തിനോട് വിധേയത്വവും വിശ്വസ്തതയുമുള്ള മൂന്നാമനെയാണ് കേരള കോൺഗ്രസ് തേടുന്നത്. എന്നാൽ കരിങ്ങോഴയ്ക്കൽ കുടുംബാംഗം എന്ന നിലയിലേക്ക് ധാരണയിലെത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഇതോടെ നിഷയുടെ സാധ്യതയേറി.
ഇതിനിടെ പാർട്ടി അംഗത്വം ഇല്ലാത്തയാളിനെയാണ് ജോസ് കെ മാണി വിഭാഗം സ്ഥാനാർഥി സ്ഥാനത്തേക്ക് കൊണ്ടുവരുന്നതെങ്കിൽ രണ്ടില ചിഹ്നത്തിൽ പാലായിൽ മൽസരിക്കില്ലെന്നും ജോസഫ് വിഭാഗം വ്യക്തമാക്കി. വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും ജോസ് കെ മാണി പറയുന്നയാൾക്ക് യു.ഡി.എഫ് സീറ്റ് നൽകിയാൽ പൊതു സമ്മതനല്ലെങ്കിൽ ചിഹ്നം നൽകാനാവില്ലെന്നും ജോസഫ് വിഭാഗം വ്യക്തമാക്കി.  
സ്ഥാനാർഥി പ്രഖ്യാപനത്തിനും ചിഹ്നത്തിനും യു.ഡി.എഫിൽ ധാരണയുണ്ടെന്ന് ജോസ് കെ മാണി പറയുന്നു. എന്നാൽ പാലായിൽ നടന്ന യോഗത്തിൽ നിഷ ജോസ് കെ മാണിയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച്  അഭിപ്രായ ഭിന്നയുണ്ടായി. ജോസ് കെ മാണി മൽസരിക്കുന്ന കാര്യത്തിൽ പ്രായോഗികതക്കുറവില്ലെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു. മൽസരിക്കുമോ എന്ന ചോദ്യത്തിന് ഇല്ല എന്ന ഉത്തരം പറയാൻ ജോസ് കെ മാണിയും മടിക്കുന്നതിലൂടെ യു.ഡി.എഫിനോടുള്ള വിലപേശലും വ്യക്തമായിട്ടുണ്ട്. 
ഒടുവിൽ സ്ഥാനാർഥി നിർണയത്തിനായി ഏഴംഗ സമിതിയെ നിയോഗിച്ചിരിക്കുന്നു. ജോസഫ് വിഭാഗം എന്ത് തീരുമാനമെടുക്കും എന്നുള്ളത് ഇനി കാത്തിരുന്ന് കാണാം.
സ്ഥാനാർഥി നിർണയത്തിനായുളള ഏഴംഗ സമിതി പ്രവർത്തകരുടെ അഭിപ്രായം കേട്ട ശേഷം യു.ഡി.എഫിൽ അറിയിക്കുമെന്ന് അറിയിച്ചു. നാളെ തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും ജോസ് കെ മാണി പറയുന്നു. ജോസ് കെ മാണിയുടെ നേതൃത്വത്തിൽ ഉച്ചയ്ക്കു ശേഷം പാലായിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സ്ഥാനാർഥി നിർണയത്തിനായി തോമസ് ചാഴികാടൻ, എൻ. ജയരാജ്, പി കെ സജീവ്, പിടി ജോസ്, ജോസഫ് എം പുതുശേരി, സ്റ്റീഫൻ ജോർജ്, കെഐ ആന്റണി എന്നിവരങ്ങിയ സമിതിയെയാണ് രൂപീകരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് മുമ്പ് പ്രവർത്തകർക്ക് അഭിപ്രായം അറിയിക്കാം. അഭിപ്രായ രൂപീകരണം നടത്തിയ ശേഷം യു.ഡി.എഫിൽ അറിയിച്ച് ഒന്നാം തിയതി സ്ഥാനാർഥിയെ പ്രഖ്യാപിക്കും.
കേരള കോൺഗ്രസ് തർക്കത്തിൽ കോൺഗ്രസ് ഇതുവരെ ഇടപെടില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അറിയിച്ചു. പാർട്ടിയിലെ തർക്കങ്ങൾ അവർ പരിഹരിക്കും. സ്ഥാനാർഥിയെ കേരള കോൺഗ്രസ് തീരുമാനിച്ച് യു.ഡി.എഫിനെ അറിയിക്കുന്ന മുറയ്ക്ക് പ്രഖ്യാപനമുണ്ടാകുമെന്നും തിരുവഞ്ചൂർ പറഞ്ഞു. എൽ.ഡി.എഫിന്റെ പ്രചരണങ്ങൾ അവരുടെ മോഹപ്രകടനങ്ങളാണെന്നും മികച്ച ഭൂരിപക്ഷത്തിൽ യു.ഡി.എഫ് പാലായിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
 

Latest News