സകാക്ക - ബിനാമി ബിസിനസ് കേസ് പ്രതികളായ സൗദി പൗരനും ഈജിപ്തുകാരനും സകാക്ക ക്രിമിനൽ കോടതി 1,10,000 റിയാൽ പിഴ ചുമത്തി.
അൽജൗഫിൽ കാർഷികോൽപന്നങ്ങളുടെ വ്യാപാര മേഖലയിൽ ബിനാമി ബിസിനസ് സ്ഥാപനം നടത്തിയ ഈജിപ്തുകാരൻ നസ്ർ മുഹമ്മദ് അബൂബക്കർ മുഹമ്മദ്, ഇതിനു കൂട്ടുനിന്ന സൗദി പൗരൻ നായിഫ് ബിൻ അബ്ദുറഹ്മാൻ ബിൻ ഹംദാൻ അൽനുഅ്മാൻ എന്നിവർക്കാണ് ശിക്ഷ.
ബിനാമി സ്ഥാപനം അടച്ചുപൂട്ടുന്നതിനും ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും റദ്ദാക്കുന്നതിനും വിധിയുണ്ട്.
ശിക്ഷ പൂർത്തിയാക്കിയ ശേഷം ഈജിപ്തുകാരനെ സൗദിയിൽ നിന്ന് നാടുകടത്തുന്നതിനും പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽനിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്താനും ഉത്തരവിട്ടു.
സൗദി പൗരന്റെയും ഈജിപ്തുകാരന്റെയും പേരുവിവരങ്ങളും ഇവർ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും നിയമ ലംഘകരുടെ ചെലവിൽ പ്രാദേശിക പത്രത്തിൽ പരസ്യം ചെയ്യുന്നതിനും വിധിയുള്ളതായി വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു.