തൃശൂർ- തകർന്നു കിടക്കുകയും ഗതാഗതക്കുരുക്ക് രൂക്ഷമാവുകയും ചെയ്ത തൃശൂർ-പാലക്കാട് ദേശീയ പാതയിലെ കുതിരാനിൽ കുരുങ്ങുന്നത് വണ്ടികൾ മാത്രമല്ല ജീവിതങ്ങളും കൂടിയാണ്. രാവെന്നോ പകലെന്നോ ഭേദമില്ലാതെ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിൽ വിവാഹപാർട്ടികളും ഗൾഫിലേക്ക് പോകേണ്ടവരും പരീക്ഷയെഴുതാൻ പോകുന്നവരുമെല്ലാം പെട്ടുപോകുമ്പോൾ ഇവരുടെയെല്ലാം ഭാവി ജീവിതം കൂടിയാണ് കുരുങ്ങിപ്പോകുന്നത്. അതുകൊണ്ടുതന്നെ കുതിരാൻ വഴി കടന്നുപോകേണ്ടവരാണെങ്കിൽ ഒരു ദിവസം നേരത്തെ ഇറങ്ങിയാൽ പോലും തെറ്റില്ലെന്നാണ് പറയുന്നത്.
തൃശൂർ-പാലക്കാട് ദേശീയപാതയിൽ കുതിരാനിലുള്ള രൂക്ഷമായ ഗതാഗതക്കുരുക്ക് മാറ്റമില്ലാതെ തുടരുമ്പോൾ വിവിധ ആവശ്യങ്ങൾക്കായി ഈ റൂട്ടിൽ യാത്ര ചെയ്യുന്നവരുടെ ഭാവിയാണ് ഇല്ലാതാകുന്നത്. കഴിഞ്ഞ ദിവസം പരീക്ഷയെഴുതാനെത്തിയവർക്ക് ഗതാഗതകുരുക്കിൽ പെട്ട് പരീക്ഷയെഴുതാൻ പറ്റാതെ പോയി.
ഓണക്കാലമെത്തിയതോടെ ചരക്ക് വാഹനങ്ങളടക്കം ആയിരക്കണക്കിന് വാഹനങ്ങളാണ് തമിഴ്നാട് ഉൾപ്പടെയുളള അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെ ഓണവിപണി ലക്ഷ്യമാക്കി അതിർത്തി കടന്നെത്തുന്നത്. ഇതോടെ ഈ വഴിക്ക് വാഹനപ്പെരുപ്പം വർധിച്ചു. റോഡ് തകർന്നുതരിപ്പണമായി കിടക്കുന്നതിനാൽ വണ്ടികളെല്ലാം പതുക്കെയാണ് പോകുന്നത്. വരും ദിവസങ്ങളിൽ ഓണം അവധികൂടിയാകുന്നതോടെ വാഹനങ്ങളുടെ എണ്ണം ഇനിയും വർധിക്കും. മഴയും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്.
കുതിരാൻ റൂട്ടിൽ തിരക്ക് വർധിച്ചതോടെ പാലക്കാട് നിന്നുള്ള വാഹനങ്ങൾ ഇപ്പോൾ ഒറ്റപ്പാലം-ഷൊർണൂർ-വടക്കാഞ്ചേരി വഴിയാണ് തൃശൂരിലേക്ക് കടക്കുന്നത്. ഇതോടെ തൃശൂർ-ഷൊർണൂർ റൂട്ടിലും വാഹനത്തിരക്ക് കൂടിയിട്ടുണ്ട്. വരും നാളുകളിൽ ഈ റൂട്ടും ഗതാഗതകുരുക്കിലാകുമെന്നാണ് കരുതുന്നത്.
മോശം റോഡുകൾ ഇവിടെയും വാഹനങ്ങളുടെ മെല്ലെപ്പോക്കിന് കാരണമാകുന്നുണ്ട്. ഓണത്തിന് തമിഴ്നാട്ടിൽ നിന്നും മറ്റും കേരളത്തിലേക്ക് എത്തിക്കുന്ന പച്ചക്കറികളും പൂക്കളുമെല്ലാം കുതിരാൻ വഴി കൊണ്ടുവരാൻ ലോറിക്കാരും വ്യാപാരികളും താത്പര്യപ്പെടുന്നില്ല. അവരെല്ലാം ഷൊർണൂർ വഴി തൃശൂരിലെത്താനാണ് ശ്രമിക്കുന്നത്. ഓണത്തിന് തിരക്ക് കുറയ്ക്കാൻ കുതിരാനിലെ തുരങ്കപാത തുറന്നുകൊടുക്കാൻ തീരുമാനിച്ചിട്ടുള്ളത് ആശ്വാസം പകരുന്നുണ്ട്. ഇരട്ട തുരങ്കപാതയിലെ ഒരെണ്ണം ഒരാഴ്ചക്കകം തുറന്നുകൊടുക്കാൻ നിർമാണകമ്പനിക്ക് ജില്ലാ കലക്ടർ നിർദ്ദേശം നൽകിയിരുന്നു. കമ്പനി ഇത് സമ്മതിച്ചിട്ടുണ്ട്.
തൃശൂർ ഭാഗത്തേക്ക് പാലക്കാട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ തുരങ്കപ്പാതയിലൂടെ കടത്തിവിടും. അന്യസംസ്ഥാനങ്ങളിൽ നിന്നും ചരക്കുവാഹനങ്ങൾ കേരളത്തിലേക്കു വരുന്ന പ്രധാന മാർഗമായതിനാൽ കുതിരാനിൽ ഓണക്കാലത്തു കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടി വരും. വാഹനങ്ങളുടെ ആധിക്യത്തിനു പുറമെ ഡീസൽ തീരുന്നതും കേടുപാടുകൾ സംഭവിക്കുന്നതും കുതിരാനിൽ പതിവാണ്. ഏതെങ്കിലും ഒരുവാഹനം വഴിയിൽ കുടുങ്ങിയാൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുണ്ട്. തകർന്ന റോഡുകളിലെ വൻ കുഴികൾ കുരുക്കു വീണ്ടും വഷളാക്കുകയാണ്. അതുകൊണ്ടുതന്നെ തുരങ്കപ്പാത തുറക്കുന്നതിനൊപ്പം റോഡുകളുടെ അറ്റകുറ്റപ്പണിയും പൂർത്തിയാകണമെന്നാണ് പൊതുവെയുള്ള ആവശ്യം. കൂടുതൽ പോലീസിനെ ഗതാഗതനിയന്ത്രണത്തിനായി കുതിരാനിൽ നിയോഗിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.