Sorry, you need to enable JavaScript to visit this website.

തരൂരും ചില തുരപ്പന്മാരും


പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ രാഷ്ട്രീയ കാപട്യങ്ങളേയും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ അപകടങ്ങളേയും രണ്ടു ഗംഭീര പുസ്തകങ്ങളിലായി വരച്ചുകാട്ടുകയും ലോക്‌സഭയിൽ കോൺഗ്രസിന്റെ നിർഭയ പോരാളിയായി വാക്ശരങ്ങളാൽ ബി.ജെ.പിയെ വേട്ടയാടുകയും ചെയ്യുന്ന ശശി തരൂരിനെ ചിത്രവധം ചെയ്യാൻ കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം നടത്തുന്ന ശ്രമങ്ങൾക്ക് പിന്നിലെന്താണ്? ആരാണ് ഈ ശശി തരൂർ വധം ആട്ടക്കഥയുടെ തിരശ്ശീലക്ക് പിന്നിൽ ചരടുവലിക്കുന്നത്?

ശശി തരൂർ എഴുതിയ ദ പാരഡോക്‌സിക്കൽ പ്രൈംമിനിസ്റ്റർ (വിരോധാഭാസങ്ങളുടെ പ്രധാനമന്ത്രി) എന്ന പുസ്തകം വായിച്ച ശേഷം ഒരു വായനക്കാരൻ എഴുതി: എനിക്കിപ്പോൾ മനസ്സിലാകുന്നു, തൂലിക പടവാളിനേക്കാൾ എത്ര ശക്തമാണെന്ന്. തന്റെ പുസ്തകത്തെ ഒരു സൂചിയായും പ്രധാനമന്ത്രി മോഡിയെ നൂലായും ഉപയോഗിച്ച് എത്ര സൂക്ഷ്മതയോടെയാണ് ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ വഷളൻ പ്രതിഛായയെ തരൂർ മിനുക്കിത്തയ്ക്കുന്നത്. മറ്റൊരാൾ എഴുതി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വേഛാധികാര പ്രവൃത്തികളെക്കുറിച്ചുള്ള മികച്ച വിവരണം. ഇന്ത്യൻ സമ്പദ്‌രംഗത്തെ അദ്ദേഹം തകർത്തു. ജനാധിപത്യവാദിയുടെ വേഷമിട്ട ഏകാധിപതിയാണ് മോഡി. ഇന്ത്യയുടെ മൂല്യങ്ങളേയും മതേതരത്വത്തേയും തകർത്തെറിഞ്ഞയാൾ. പുസ്തകത്തിലൂടെ തരൂർ മഹത്തായ ജോലിയാണ് ചെയ്തിരിക്കുന്നത്. 

ഈ തരൂരിനെയാണ് മോഡി സ്തുതിയുടെ പേരിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഇപ്പോൾ വേട്ടയാടുന്നത്. നാളെ തരൂർ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേരുമോ ഇല്ലയോ എന്നൊന്നും ആർക്കും പറയാനാവില്ല. അത് കെ. മുരളീധരന്റേയും രമേശ് ചെന്നിത്തലയുടേയും കെ. സുധാകരന്റേയും കാര്യത്തിലും പറയാനാവില്ല എന്നതിനാൽ തരൂരിനെതിരായ ആക്രമണത്തെ വിലയിരുത്തുമ്പോൾ ഒരു സന്ദേഹവാദിയാകേണ്ട ആവശ്യമില്ല. 

ജവാഹർലാൽ നെഹ്‌റുവിനേക്കാൾ വലിയ രാഷ്ട്ര തന്ത്രജ്ഞനും ഇന്ദിരാ ഗാന്ധിയേക്കാൾ ശക്തനായ ഭരണാധികാരിയുമായി സ്വയം ഉയർത്തിക്കാട്ടാനുള്ള നരേന്ദ്ര മോഡിയുടെ ശ്രമങ്ങൾക്കേറ്റ മുഖത്തടിയാണ് 'വിരോധാഭാസങ്ങളുടെ പ്രധാനമന്ത്രി' എന്ന പുസ്തകം. മോഡിയുടെ കാപട്യങ്ങളെ അത് മറനീക്കി പുറത്തു കൊണ്ടുവരുന്നു. ശശി തരൂർ എന്ന ലബ്ധപ്രതിഷ്ഠനായ എഴുത്തുകാരനും രാജ്യാന്തര തലത്തിൽ അറിയപ്പെടുന്ന ആളുമായ ഒരാളുടെ കൃതി അന്തർദേശീയ തലത്തിൽ തന്നെ വായിക്കപ്പെടുമെന്നതിനു സംശയമില്ല. രാജ്യാന്തര തലത്തിൽ പ്രതിഛായ നിർമാണത്തിന് കോപ്പുകൂട്ടിയ മോഡിയെ ഈ പുസ്തകം ഏറെ ശല്യപ്പെടുത്തിയിരുന്നു എന്നതിന് ബി.ജെ.പിയോടൊപ്പം നിൽക്കുന്ന എഴുത്തുകാരും നിരൂപകരും നടത്തിയ കൂട്ട ആക്രമണം തന്നെ തെളിവ്. ഈ പുസ്തകത്തിന്റെ ഒരു അധ്യായമെങ്കിലും വായിച്ചിരുന്നെങ്കിൽ രമേശ് ചെന്നിത്തലയോ കെ. മുരളീധരനോ മോഡി സ്തുതി വിമർശവുമായി തരൂരിനെതിരെ രംഗത്തു വരുമായിരുന്നില്ല.

തരൂരിന്റെ ഈ പുസ്തകത്തെക്കുറിച്ചുള്ള ഏറ്റവും വലിയ പരാതി അത് ഏകപക്ഷീയമായിപ്പോയി എന്നതാണ്. മോഡി ഭക്തർ ഈ വിമർശം ഉയർത്തി കൂട്ടമായി അദ്ദേഹത്തെ ആക്രമിച്ചത് മനസ്സിലാക്കാം. എന്നാൽ പ്രമുഖരായ സാംസ്‌കാരിക പ്രവർത്തകരും എഴുത്തുകാരും പോലും തരൂരിന്റെ എഴുത്തിനെ വിമർശിച്ചത് അത് ഒരു വശം മാത്രം കാണുന്നു എന്നതിലാണ്. എഴുത്തുകാരൻ എന്ന നിലയിൽനിന്ന് കോൺഗ്രസുകാരൻ എന്ന നിലയിലേക്ക് ചുരുങ്ങുകയാണ് ഈ പുസ്തക രചനയിൽ തരൂർ എന്ന് പലരും വിമർശിക്കുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിന്റെയും ഭരണത്തിന്റെയും ചരിത്രവും ഗതിവിഗതികളും പരിശോധിക്കുന്ന ആർക്കും അങ്ങനെ തോന്നാവുന്നതേയുള്ളൂ.

ആർക്കും പിടിച്ചുകെട്ടാനാവാത്ത യാഗാശ്വം പോലെയുള്ള മോഡിയുടെ കുതിപ്പിനെ തടയിടുക എന്നതു തന്നെയാണ്, ഒരു വസ്തുതാന്വേഷണ പുസ്തകം എന്നതിലുപരിയായി പാരഡോക്‌സിക്കൽ പ്രൈം മിനിസ്റ്റർ എന്ന ഗ്രന്ഥത്തിന്റെ പ്രസക്തി. നിരവധി ഉജ്വല സൃഷ്ടികളുടെ കർത്താവായ തരൂർ പാർട്ടിക്കു വേണ്ടി എഴുതിയ പുസ്തകമാണതെന്ന് വായിക്കുന്ന ആർക്കും മനസ്സിലാകും. നരേന്ദ്ര മോഡി പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിലുള്ള വൈരുധ്യം എടുത്തുകാണിക്കുന്നതിനാണ് അഞ്ച് ഭാഗങ്ങളിൽ 50 അധ്യായങ്ങളിലായി പരന്നുകിടക്കുന്ന ഈ പുസ്തകം പ്രധാനമായും ശ്രമിക്കുന്നത്. അത് പ്രകാശനം ചെയ്തതു തന്നെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗും പി. ചിദംബരവും ചേർന്നാണ് എന്നതും പുസ്തക രചനയിലെ രാഷ്ട്രീയ പ്രസക്തി തുറന്നു കാണിക്കുന്നതാണ്. അങ്ങേയറ്റം നിരീക്ഷണ പാടവത്തോടെയും വിമർശനാത്മകതയോടെയുമാണ് പ്രധാനമന്ത്രിയെന്ന നിലയിലുള്ള നരേന്ദ്ര മോഡിയുടെ ഓരോ പ്രവർത്തനങ്ങളേയും പ്രഖ്യാപനങ്ങളേയും ശശി തരൂർ ഇഴപിരിച്ച് പരിശോധിക്കുന്നത്. നിഷ്പക്ഷനായ ഒരു വസ്തുതാന്വേഷകനോ അക്കാദമിക്കിനോ തീർച്ചയായും ഇതിന് സമാനമായ പല പ്രവൃത്തികളും കോൺഗ്രസ് പ്രധാനമന്ത്രിമാരിലും കണ്ടെത്താനാകും. അതേക്കുറിച്ച് മൗനം പാലിക്കുന്നതാണ് ഈ പുസ്തകത്തിന്റെ പ്രധാന പോരായ്മ. പുസ്തകത്തിന് ദ പാരഡോക്‌സസ് ഇൻ ഇന്ത്യൻ പൊളിറ്റിക്‌സ് ആന്റ് പ്രോപഗണ്ട ഓഫ് കോൺഗ്രസ് (ഇന്ത്യൻ രാഷ്ട്രീയത്തിലെ വിരോധാഭാസങ്ങളും കോൺഗ്രസിന്റെ ദുഷ്പ്രചാരണവും) എന്ന് പേരു നൽകണമെന്ന് ഒരു വായനക്കാരൻ നിർദേശിക്കുന്നത് വെറുതെയല്ല. 


2018 ൽ തന്നെ തരൂർ പുറത്തിറക്കിയ വൈ ഐ ആം എ ഹിന്ദു എന്ന പുസ്തകവും ഇന്ത്യയുടെ നവരാഷ്ട്രീയവുമായി ഏറെ ബന്ധം പുലർത്തുന്ന ഒന്നാണ്. ഹിന്ദൂയിസത്തിന്റെ ചരിത്രവും അടിസ്ഥാന മൂല്യങ്ങളും സവിസ്തരം പ്രതിപാദിക്കുന്ന ഈ പുസ്തകം തന്റെ മതബോധ്യങ്ങളെക്കുറിച്ച വിവരണത്തിനും തരൂർ ഉപയോഗിക്കുന്നുണ്ട്. ഹിന്ദു മതവുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടായ സാംസ്‌കാരിക - സാമൂഹിക പുരോഗതിയേയും പുസ്തകം വിലയിരുത്താൻ ശ്രമിക്കുന്നു. അക്രമാസക്ത ഹിന്ദുത്വം രാഷ്ട്രീയ മുദ്രാവാക്യമായി സ്വീകരിച്ച ഫാസിസ്റ്റ് ശക്തികൾക്കെതിരെ ഹിന്ദു മതത്തിന്റെ അടിത്തറയിൽ നിന്നുകൊണ്ട് തന്നെ പ്രതിരോധം തീർക്കുകയാണ് തരൂർ. ഇന്ത്യൻ സമൂഹത്തിൽ ഹിന്ദു ദേശീയതയുടെ വളർച്ചയേയും വികാസത്തേയും പണ്ഡിതോചിതമായി അവതരിപ്പിക്കുന്നുണ്ട് തരൂർ. താൻ ജനിക്കുകയും വളരുകയും ചെയ്ത ഹിന്ദു മതം, ആർ.എസ്.എസും ബി.ജെ.പിയും പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വമല്ലെന്ന് വ്യക്തമാക്കിയാണ് എന്തുകൊണ്ട് താനൊരു ഹിന്ദുവാണ് എന്ന് തരൂർ സമർഥിക്കുന്നത്. ഹിന്ദൂയിസത്തെ വിശദമായ പുനഃപരിശോധനക്ക് വിധേയമാക്കുന്ന ഗ്രന്ഥകാരൻ, അതിന്റെ രാഷ്ട്രീയവത്കരണത്തിനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. 

വിവാദങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ ശ്രമിക്കാതെ, നിർഭയ വിമർശകനായാണ് ഈ രണ്ടു പുസ്തകങ്ങളിലും ശശി തരൂർ എന്ന രാഷ്ട്രീയക്കാരൻ നിറഞ്ഞുനിൽക്കുന്നത്. ഹിന്ദൂയിസത്തിന്റെ സമ്പന്നമായ സഹിഷ്ണുതാ പാരമ്പര്യത്തേയും വൈവിധ്യത്തേയും ഉയർത്തിക്കാട്ടി, ഇന്ത്യയുടെ ബഹുസ്വര സ്വഭാവം നിലനിർത്താൻ അതെങ്ങനെ സഹായിക്കുന്നു എന്ന് തരൂർ വിശദീകരിക്കുന്നുണ്ട്. സങ്കുചിത മതമൗലികവാദം വിജയിക്കുകയാണെങ്കിൽ ഇന്ത്യയുടെ ജനാധിപത്യം അതോടെ ഇല്ലാതാകുമെന്നും തരൂർ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് നിലനിൽക്കുന്ന മതേതരത്വത്തേയും ജനാധിപത്യത്തേയും കുറിച്ച ആത്മാർഥമായ ആശങ്കകളാണ് അദ്ദേഹം പങ്കുവെക്കുന്നത്. തെരുവു പ്രസംഗകർക്കോ പത്രസമ്മേളന ജീവികൾക്കോ സാധ്യമാകാത്ത അക്കാദമിക ഔന്നത്യത്തിൽ നിന്നുകൊണ്ടാണ് ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന സങ്കീർണമായ രാഷ്ട്രീയ പ്രതിസന്ധിയെ തരൂർ വരച്ചുകാട്ടുന്നത്.

രാജ്യഭരണത്തിനുള്ള ബി.ജെ.പിയുടെ ഒരേയൊരു മൂലധനം നരേന്ദ്ര മോഡിയുടെ ഊതിവീർപ്പിച്ച പ്രതിഛായ മാത്രമാണെന്ന് പ്രാഥമിക രാഷ്ട്രീയ ബോധ്യങ്ങളുള്ള ആർക്കും വ്യക്തമായി മനസ്സിലാകും. ഒരുവശത്ത് മോഡിയുടെ പ്രഭാവത്തേയും മറുവശത്ത് ആർ.എസ്.എസ് ഉയർത്തിപ്പിടിക്കുന്ന തീവ്ര ഹിന്ദുത്വ, തീവ്ര ദേശീയ രാഷ്ട്രീയത്തേയും ആളിക്കത്തിച്ചാണ് അവർ ജനമനസ്സ് കീഴടക്കുന്നത്. ഭരണ പരാജയങ്ങളുടെ അഞ്ച് വർഷങ്ങൾക്കിപ്പുറവും വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലേറാൻ അവരെ സഹായിച്ചത് ഈ രണ്ട് ഘടകങ്ങളാണ്. 

ബി.ജെ.പിയുടെ ഏകരാഷ്ട്രീയ മൂലധനമായ മോഡിയേയും അവർ പ്രതിനിധീകരിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ അപകടങ്ങളേയും ഒരുപോലെ വരച്ചുകാട്ടിയ തരൂർ, കോൺഗ്രസ് വിട്ടുപോകണമെന്ന് കേരളത്തിലെ ഒരു വിഭാഗം കോൺഗ്രസുകാർ ആഗ്രഹിക്കുന്നത് വെറുതെയല്ല. തിരുവനന്തപുരം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, പാർട്ടിയുടെ പാരകളെ അതിജീവിച്ചാണ് തരൂർ ജയിച്ചുകയറിയത് എന്നത് ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്. തലസ്ഥാന മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് യന്ത്രത്തെ പരിപൂർണമായും നിശ്ചലമാക്കുന്ന വിധത്തിലുള്ള ഗൂഢാലോചന അരങ്ങേറി. സജീവ പ്രവർത്തകരെയെല്ലാം മറ്റ് മണ്ഡലങ്ങളിലെ പ്രചാരണത്തിനായി സ്ഥലംമാറ്റി. പാർട്ടി പാലം വലിക്കുന്നത് കണ്ട തരൂരിന് ഒടുവിൽ കേന്ദ്ര നേതൃത്വത്തോട് പരാതി പറയേണ്ടിവന്നു. സ്വയം ആവിഷ്‌കരിച്ച തന്ത്രങ്ങളും ജനവിധിയെക്കുറിച്ച ശുഭാപ്തിയുമാണ് തളരാതെ പിടിച്ചുനിന്ന് പോരാടാൻ അദ്ദേഹത്തെ സഹായിച്ചത്. ഗംഭീരമായ തെരഞ്ഞെടുപ്പ് ജയത്തിന്റെ തിളക്കത്തിൽ തരൂരിനെതിരായ ഗൂഢാലോചന എല്ലാവരും മറന്നു. രണ്ട് നേതാക്കൾ പ്രസ്താവനയിറക്കിയപ്പോൾ തന്നെ വിശദീകരണം തേടി തരൂരിന് കത്തയച്ച മുല്ലപ്പള്ളി രാമചന്ദ്രൻ എന്ന കെ.പി.സി.സി പ്രസിഡന്റ്, തരൂരിനെതിരെ പാർട്ടിയിൽ നടന്ന ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാൻ മിനക്കെട്ടില്ല എന്നത് ദുരൂഹമായി തുടരുന്നു. 

കോൺഗ്രസിലെ നിർഗുണ പരബ്രഹ്മ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന മുല്ലപ്പള്ളിക്കും അദ്ദേഹത്തിന്റെ കേന്ദ്രത്തിലെ നേതാവിനും ശശി തരൂരിനോടുള്ള ചതുർഥി മനസ്സിലാക്കാവുന്നതേയുള്ളൂ. ലോകം ഇടിഞ്ഞുവീണാലും വായ തുറക്കാത്ത ഇത്തരം നേതാക്കൾ, തരൂരിന്റെ പാർലമെന്റിലെ ഉജ്വല പ്രസംഗങ്ങൾ കേട്ട് അമിത് ഷായെപ്പോലെ വായും പൊളിച്ചിരിക്കുകയേയുള്ളു. തങ്ങൾക്ക് മേലെ വളരുന്ന ആൽമരമായി അവർ തരൂരിനെ കാണുന്നതിൽ അത്ഭുതമില്ല. തരൂർ കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്നാഗ്രഹിക്കുന്ന ഒരു വിഭാഗം ഇന്ന് കോൺഗ്രസിലെ ചെറുപ്പക്കാരിലും പാർട്ടി ബന്ധങ്ങളില്ലാത്ത പൊതുജനങ്ങൾക്കിടയിലുമുണ്ട്. വിദ്യാസമ്പന്നരുടെ നാടായ കേരളത്തെ മുന്നോട്ടു നയിക്കാൻ, പടുകിഴവന്മാരുടെ തുരുമ്പിച്ച രാഷ്ട്രീയ ബോധ്യത്തേക്കാൾ, തരൂരിന്റെ ചടുല ചിന്തകളാണ് വേണ്ടതെന്ന് അവർ കരുതുന്നു. ഈ വെല്ലുവിളി മുഖ്യമന്ത്രിക്കുപ്പായം തുന്നിയിരിക്കുന്ന പലരേയും വിറളി പിടിപ്പിക്കുന്നതിൽ അത്ഭുതമില്ല. അതു പക്ഷേ ഇരിക്കുന്ന മരത്തിന്റെ കൊമ്പു മുറിച്ചുകൊണ്ടാകുന്നത് അപകടകരമാണ്. പാർട്ടിയുടെ നയങ്ങളും നിലപാടുകളും കുറിക്കുകൊള്ളുന്ന വിധം അവതരിപ്പിക്കാൻ ലോക്‌സഭയിൽ മറ്റൊരാളില്ലാത്ത സ്ഥിതിയിൽ, ഈ കൊടുംപാതകം സ്വന്തം പാർട്ടിയോടെങ്കിലും അവർ ചെയ്യാതിരിക്കണം. 

Latest News