Sorry, you need to enable JavaScript to visit this website.

ചുടലപ്പറമ്പാകുന്ന ആമസോൺ കാടുകൾ

ലോകം ആശങ്കയോടെ കാണുന്ന ആമസോൺ കാടുകളുടെ ദഹനം അവിടുത്തുകാർക്ക് ഒരു സാധാരണ സംഭവം മാത്രമാണ്. കാട്ടുകള്ളന്മാരും രാഷ്ട്രീയക്കാരും അങ്ങനെയാണ് ജനത്തെ പഠിപ്പിച്ചിരിക്കുന്നത്. ജനങ്ങൾക്ക് ഗുണം കൊണ്ടുവരാനുള്ള പരിശ്രമമായി കാട് കത്തിക്കലിനെ വ്യാഖ്യാനിക്കുന്നു. വികസനം എത്തിക്കുകയാണത്രേ. കോടിക്കണക്കിന് വർഷം കൊണ്ട് രൂപപ്പെട്ട ഭൂമിയുടെ ശ്വാസകോശമായ ഒരു ജൈവ വ്യൂഹമൊന്നാകെ കത്തി ചാമ്പലായികൊണ്ടിരിക്കുമ്പോഴും കറുപ്പ് തിന്ന മനുഷ്യരെപ്പോലെ അവർ നിസ്സംഗതയോടെ ഇരിക്കുകയാണ്. തീയണയ്ക്കാൻ പട്ടാളത്തെ അയച്ചുവെന്നൊക്കെ സർക്കാർ പറയുന്നുണ്ട്. അപ്പോഴേക്കും ചാമ്പലാകേണ്ടതൊക്കെ ചാമ്പലായിരിക്കും.
ഫ്രാൻസിൽ ചേർന്ന ജി 7 ഉച്ചകോടി തീയണയ്ക്കുന്നതിന് 157 കോടിയുടെ സഹായം വാഗ്ദാനം ചെയ്തപ്പോൾ ധിക്കാരത്തോടും പരിഹാസത്തോടെയുമാണ് ബ്രസീൽ ഭരണകൂടം അത് തള്ളിക്കളഞ്ഞത്. അമേരിക്കയ്ക്കും തീവെപ്പിനോട് യോജിപ്പാണ്. വികസന നയത്തിൽ കാതലായ ഒരു മാറ്റവും ഇപ്പോൾ ലോക രാജ്യങ്ങൾക്കിടയിലില്ല. ഇന്ത്യയും അതിന്റെ ഭാഗമാണ്. ലോകത്തിനാകെ തലതിരിഞ്ഞ നേതൃത്വമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നതാണ് ഇന്നത്തെ വെല്ലുവിളി. ഓഗസ്റ്റ് പത്തിന് കൊളുത്തിയ കാട്ടുതീ ഇപ്പോഴും ആളിപ്പടരുകയാണ്. ലോക രാജ്യങ്ങളുടെ സമ്മർദത്തെ തുടർന്ന് തീയണയ്ക്കൽ പരിപാടി പതിവുപോലെ സർക്കാർ തുടങ്ങിയിട്ടുണ്ടെങ്കിലും കാര്യമായ ഗുണമൊന്നും ഉണ്ടാകാൻ പോകുന്നില്ല. കാട് വലിയൊരു ശതമാനവും കത്തിച്ചാമ്പലാവുക തന്നെ ചെയ്യും. അവിടുത്തെ സർക്കാരും അതാണ് ആഗ്രഹിക്കുന്നത്. 
കഴിഞ്ഞ അര നൂറ്റാണ്ടായി ബ്രസീലിൽ കാലത്തെ മൂന്നായാണ് അവിടുത്തുകാർ തിരിച്ചറിയുന്നത്. മഴക്കാലം, വരൾച്ചാ കാലം, പിന്നെ കാട് ചുട്ടെരിക്കൽ കാലം (തീവെപ്പ് കാലം). ആഘോഷപൂർവം കാടവർ ചുട്ടെരിക്കുന്നു. അഞ്ചു പതിറ്റാണ്ടായി തുടങ്ങിയ തീവെപ്പാണിപ്പോഴും ഏറിയും കുറഞ്ഞും തുടർന്നുകൊണ്ടിരിക്കുന്നത്. 
വൻകിട കയ്യേറ്റക്കാരും ഖനന മാഫിയയും കൃഷിക്കാരും ഒക്കെയടങ്ങുന്ന കാട് ചുട്ടെരിക്കൽ സംഘത്തിന് ഭരണകൂടത്തിന്റെയും രാഷ്ട്രീയക്കാരുടെയും എല്ലാവിധ പിന്തുണയുമുണ്ട്. ഇപ്പോഴത്തെ ബ്രസീലിന്റെ പ്രസിഡന്റ് റെജർ ബോൽസൊനാരോയും പരിസ്ഥിതി മന്ത്രി റിക്കാഡോ സാലെസും കാട് തീവെയ്ക്കുന്നവരുടെ കൂട്ടാളികളാണ്. ഖനന കമ്പനികളുടെ ദല്ലാളന്മാരാണ്. 
ഇപ്പോഴത്തെ ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് മഴക്കാടിന് തീയിടുന്ന കൊടുംപാതകം അവിടെ നടക്കുന്നത്. ഓഗസ്റ്റ് 10 ഇത്തരത്തിലൊരു തീവെപ്പ് ദിനമായിരുന്നു. ലോകമത് തിരിച്ചറിഞ്ഞപ്പോൾ അവരുടെ കണ്ണിൽ പൊടിയിടാൻ ഒരന്വേഷണം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അതിൽ ഒരു കാര്യവുമില്ല.
 തീവെപ്പ് ദിനത്തിന്റെ ബാക്കിപത്രമാണ് ഇപ്പോഴും നിന്നെരിയുന്ന ആമസോണിലെ പതിനായിരത്തോളം കാട്ടുതീയിടങ്ങൾ. സ്വന്തം വീടിന് തീയിട്ട് ആർത്തുചിരിക്കുകയാണവർ.


ആമസോണെന്ന ജീവന്റെ കലവറ 

ഭൂമിയിലെ ഏറ്റവും നീളം കൂടിയ നദിയായി ആഫ്രിക്കയിലെ നൈൽ നദിയെയാണ് കണക്കാക്കുന്നതെങ്കിലും വെള്ളത്തിന്റെ അളവും മറ്റും പരിശോധിച്ചാൽ ആമസോണിനാണ് ഈ വിശേഷണം ചേരുക. പെറുവിൽ ഉൽഭവിക്കുന്ന ആമസോൺ 3900 ഓളം മൈലുകൾ താണ്ടി (6600 കിലോമീറ്റർ) അറ്റ്‌ലാന്റിക്കിൽ പതിക്കുന്നു. നൂറുകണക്കിന് പോഷക നദികളും ആമസോണിനെ ജലസമൃദ്ധമാക്കുന്നു. ഇതിൽ പലതിനും ആയിരക്കണക്കിന് മൈലുകൾ നീളമുണ്ടന്ന് കൂടി ഓർക്കുക. ഇന്ന് ഭൂമിയിൽ അവശേഷിച്ചിരിക്കുന്ന ഉഷ്ണമേഖലാ മഴക്കാടുകളുടെ 31 ശതമാനവും ആമസോണിലാണ്. 1500 മുതൽ 3000 മില്ലിമീറ്റർ വരെയാണ് ആമസോണിൽ ലഭിക്കുന്ന വാർഷിക മഴയുടെ തോത്. ചെറുതും വലുതുമായ 40,000 ത്തോളം സസ്യവർഗങ്ങൾ. 427 തരം സസ്തനികൾ, 1300 തരം പക്ഷികൾ, 25 ലക്ഷത്തോളം പ്രാണി വർഗങ്ങൾ, 378 തരം ഉരഗങ്ങൾ, 400 ലധികം തരം ഉഭയജീവികൾ, 3000 ത്തോളം തരം ശുദ്ധജല മത്സ്യങ്ങൾ ഇങ്ങനെ എണ്ണിയാലും എണ്ണിയാലും തീരാത്ത ജീവ വർഗങ്ങളുടെ അക്ഷയ ഖനിയെയാണ് കണ്ണിൽ ചോരയില്ലാതെ ചുട്ടുകൊല്ലുന്നത്. 
തെക്കേ അമേരിക്കയിലെ ആമസോൺ നദീതടത്തിൽ വളരുന്ന കൊടും കാടാണിത്. ഇതിൽ ഏതാണ്ട് 55 ലക്ഷം ചതുരശ്ര കിലോമീറ്ററോളം മഴക്കാടുകളാണ്. ഈ കാട്ടിൽ മഴ പെയ്താൽ വെള്ളം ഇലചാർത്തുകൾക്കിടയിലൂടെ ഭൂമിയിൽ പതിക്കാൻ പത്ത് മിനിറ്റെങ്കിലും വേണ്ടിവരും. ആമസോൺ എന്ന വാക്കിന്റെ അർത്ഥം തന്നെ കരുത്ത് എന്നാണ്. ഭൂമിയുടെ കരുത്താണിത്. ഒൻപത് രാജ്യങ്ങളിലായാണ് ഈ കാട് പടർന്നു പന്തലിച്ച് കിടക്കുന്നത്. ബ്രസീലിലാണ് കാടിന്റെ അറുപത് ശാതമാനം. 13 ശതമാനം പെറു. 10 ശതമാനം കൊളംബിയ, മിച്ചമുള്ളതെല്ലാം കൂടി മറ്റ് രാജ്യങ്ങൾ പങ്കുവെയ്ക്കുന്നു. വെനിസ്വേല, ഇക്വഡോർ, ബൊളീവിയ, ഗയാന, സുരിനാം, ഫ്രഞ്ച് ഗയാന എന്നീ രാജ്യങ്ങളിലും ഈ കാടുണ്ട്.
ആമസോണിലെ കാടുകൾ ഭൂമിയുടെ പൊതുസ്വത്താണെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ആമസോണിലെ കാടുകൾക്കുണ്ടായിരുന്ന സംരക്ഷണ പദവി അവിടുത്തെ സർക്കാർ ഈ അടുത്ത കാലത്ത് എടുത്തുകളഞ്ഞു.  

കാട്ടുതീയുടെ ചരിത്രം
1970 മുതലാണ് വലിയ തോതിൽ ഇവിടെ വനനശീകരണം ആരംഭിച്ചത്. കഴിഞ്ഞ 50 വർഷം കൊണ്ട് കാടിന്റെ വിസ്തൃതി 17 ശതമാനത്തിലേറെ കുറഞ്ഞു. ഇപ്പോൾ കാട് നശീകരണത്തിന്റ തോത് മുൻവർഷങ്ങളേക്കാൾ അതിവേഗത്തിലാണ്. കാലാവസ്ഥ വ്യതിയാനം പോലെയുള്ള ദുരന്തം ഭൂമിക്ക് മേൽ വാളോങ്ങിനിൽക്കുമ്പോഴാണ് ഭൂമിയുടെ രക്ഷാകവചമാകേണ്ട മഴക്കാടുകളൊക്കെ തീയിട്ട് നശിപ്പിക്കുന്നത്. കാടിന് തീവെയ്ക്കുന്നതോടെ അന്തരീക്ഷത്തിലേക്ക് കാർബൺ ഡയോക്‌സൈഡിന്റെ വലിയ തോതിലുള്ള തള്ളിക്കയറ്റം ഉണ്ടാകുന്നു. കാലാവസ്ഥ വ്യതിയാനത്തിനും ഭൂമിയിൽ ചൂട് വർധിക്കുന്നതിനും ഇത് കാരണമാകുന്നു. 
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ 20 കോടി ടണ്ണിലധികം കാർബൺ ഡയോക്‌സൈഡ് ഇവിടുത്തെ കാട്ടുതീ അന്തരീക്ഷത്തിലെത്തിച്ചുകഴിഞ്ഞു. കാട്ടിൽനിന്ന് 270 കിലോമീറ്റർ അകലെയുള്ള സാവോ പോളോ നഗരത്തിൽ ചാരവും പുകയും മൂലം ആളുകൾക്ക് ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണ്. 1987 ൽ അഞ്ചു കോടി പത്ത് ലക്ഷം ഏക്കർ കാടിവിടെ ചുട്ടെരിച്ചതായി കണക്കുകൾ പറയുന്നു. ആറു മാസമാണ് കാട് നിന്നുകത്തിയത്. 62 കോടി ടൺ കാർബൺ വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് കടത്തിവിട്ടു. ഇങ്ങനെ പോയാൽ 1987 ലെ കാട്ടു തീയേയും ഇപ്പോഴത്തേത് കടത്തിവെട്ടിയേക്കും. അഞ്ചര കോടി വർഷത്തെ പഴക്കമാണ് ആമസോൺ കാടുകൾക്ക് പരിസ്ഥിതി ശാസ്ത്രജ്ഞർ കണക്കാക്കുന്നത്. 11,000 വർഷങ്ങൾക്കു മുമ്പു തന്നെ മനുഷ്യർ ഈ കാടുകളിൽ ജീവിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. നിലവിൽ 35 വിഭാഗത്തിൽ പെടുന്ന ആദിമ ഗോത്രങ്ങൾ ഈ വനത്തിനുള്ളിൽ കഴിയുന്നു. പുരാതന സംസ്‌കൃതിയാണ് അവരുടേത്. 27 ലക്ഷത്തോളം വരുന്ന ആ ആദിമ ഗോത്രക്കാർ 170 ഭാഷകൾ സംസാരിക്കുന്നുണ്ട്. 
500 വർഷം മുമ്പ് 90 ലക്ഷത്തോളം തദ്ദേശ ജനവിഭാഗം ഇവിടെയുണ്ടായിരുന്നു. യൂറോപ്യരുടെയും മറ്റും കടന്നുകയറ്റത്തോടെ വലിയൊരു ശതമാനത്തേയും അവർ വകവരുത്തി. തനത് സംസ്‌കാരം നശിപ്പിച്ചു. അവരുടെ ഭൂമിയൊക്കെ തട്ടിപ്പറിച്ചു. ഇപ്പോഴും അത് തുടരുന്നു. ഘോരവനത്തിൽ കഴിയുന്ന ഇക്കൂട്ടർ കുടിയിറക്കപ്പെടുകയാണ്. ഈ ആസൂത്രിത തീവെപ്പിന് പിന്നിൽ തദ്ദേശ ജനതയെ കൊന്നെടുക്കുകയെന്ന ലക്ഷ്യം കൂടിയുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 1542 ൽ യൂറോപ്പുകാരനായ ഫ്രാൻസിസ്‌കോ ഡി ഒറീല്ലാനയാണ് ആദ്യമായി ഇവിടെയെത്തിയ സഞ്ചാരിയെന്ന് കരുതുന്നു.
വില മതിക്കാനാവാത്ത ജൈവ മൂല്യമാണ് ഈ വനങ്ങൾക്കുള്ളത്. പകരം വെയ്ക്കാനാവാത്ത കാടാണിത്. കാട്ടിലെ തടി വെട്ടിക്കടത്തുന്ന വലിയ സംഘങ്ങളുണ്ട്. ഈ കാട്ടിനുള്ളിലെ മണ്ണിൽ കാണപ്പെടുന്ന സ്വർണം, ഇരുമ്പ്, അലൂമിനിയം പോലെയുള്ള ധാതുനിക്ഷേപത്തിലാണ് വൻകിട കമ്പനികളുടെ കണ്ണ്. ലോകമെമ്പാടുമുള്ള ഖനി മാഫിയാ സംഘങ്ങൾ ഇവിടെ തമ്പടിച്ചിട്ടുണ്ട്. അമേരിക്കയിൽനിന്നുള്ളവരാണ് അവരിൽ അധികവും. ഇക്കൂട്ടരാണ് കാട് നശിപ്പിക്കുന്നതിൽ മുന്നിട്ട് നിൽക്കുന്നത്. പ്രതിവർഷം രണ്ട് കോടി ഏക്കറോളം കാടാണിവിടെ നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. കൃഷിയിടങ്ങൾക്കു വേണ്ടിയും കാലിമേച്ചിൽ സ്ഥലങ്ങൾക്ക് വേണ്ടിയും കാടിന് തീയിടുന്നതും പതിവാണ്. ഭൂമിയിലെ 30 ലക്ഷത്തോളം ജീവി വർഗങ്ങളുടെ ആവാസ ഭൂമിയാണിത്. ഈ ജീവി വർഗങ്ങളില്ലെങ്കിൽ മനുഷ്യരും ഉണ്ടാവില്ലെന്ന് ഓർക്കുക.

Latest News