മോഡിയുടെ ഭാഷാ ചലഞ്ച് ഏറ്റെടുത്ത് ശശി തരൂര്‍; ആദ്യ ട്വീറ്റില്‍ തന്നെ കൈപ്പിഴ

ന്യൂദല്‍ഹി- തനിക്കെതിരായ മോഡി സ്തുതി വിവാദം ഒരു വായടപ്പന്‍ മറുപടിയിലൂടെ അവസാനിപ്പിച്ച കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ 'ഭാഷാ ചലഞ്ച്' ഏറ്റെടുത്തു. കൊച്ചിയില്‍ നടക്കുന്ന മനോരമ ന്യൂസ് കോണ്‍ക്ലേവ് വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉല്‍ഘാടനം ചെയ്യുന്നതിനിടെയാണ് ഭാഷാ ചലഞ്ച് മോഡി അവതരിപ്പിച്ചത്. ഇന്ത്യയിലെ ഭാഷാവൈവിധ്യത്തെ കുറിച്ചു സംസാരിച്ച മോഡി ഒരു ദിവസം ഒരാള്‍ പത്തോ പന്ത്രണ്ടോ ഭാഷകളില്‍ ഒരു വാക്ക് പബ്ലിഷ് ചെയ്താല്‍ ഒരു വര്‍ഷം ഒരു വ്യക്തിക്ക് വ്യത്യസ്ത ഭാഷകളിലുള്ള മുന്നൂറിലേറെ വാക്കുകള്‍ പഠിച്ചെടുക്കാന്‍ കഴിയുമെന്ന് മോഡി പറഞ്ഞു.  

ഇതേറ്റെടുത്ത ശശി തരൂര്‍ എല്ലാ ദിവസവും ഒരു വാക്കു വീതം ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളില്‍ ട്വീറ്റ് ചെയ്യുമെന്ന് അറിയിച്ചു. ആദ്യ ശ്രമമായി 'പ്ലൂരലിസം' എന്ന ഇംഗ്ലീഷ് വാക്കും അതിന്റെ ഹിന്ദി, മലയാളം അര്‍ത്ഥവും തരൂര്‍ ട്വീറ്റ് ചെയ്തു. എന്നാല്‍ ഇംഗ്ലീഷ് ഭാഷാ വൈഭവം കൊണ്ട് ട്രപ്പീസ് കളിക്കുന്ന തരൂരിന് ഇവിടെ ചെറിയൊരു കൈപ്പിഴ സംഭവിച്ചു. പ്ലൂരലിസം എന്ന ഇംഗ്ലീഷ് വാക്ക് ഹിന്ദിയില്‍ 'ബഹുല്‍വാദ്' എന്നും മലയാളത്തില്‍ 'ബഹുവചനം' എന്നുമാണ് തരൂര്‍ പരിഭാഷപ്പെടുത്തിയത്. മലയാളിയായ തരൂര്‍ പ്ലൂരലിസത്തെ ബഹുവചനം എന്നു മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്  പക്ഷേ കല്ലുകടിയായി. പലരും ഇത് ഉണര്‍ത്തിയതോടെ അദ്ദേഹം ചെറിയൊരു കൂട്ടിച്ചേര്‍ക്കലും പിന്നീട് നടത്തി. പ്ലൂരലിസം എന്ന വാക്കിന് 'ബഹുവചനം' എന്ന പരിഭാഷയേക്കാള്‍ മികച്ചത് 'ബഹുസ്വരത' എന്നാണെന്ന് മറ്റൊരു ട്വീറ്റില്‍ അദ്ദേഹം വ്യക്തമാക്കി പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

Latest News