Sorry, you need to enable JavaScript to visit this website.

പി.എസ്.സിയിലെ സഹചര്യം ഗുരുതരം; സ്വതന്ത്ര അന്വേഷണം വേണം-ഹൈക്കോടതി

തിരുവനന്തപുരം- പി.എസ്.സി പരീക്ഷയിലെ ക്രമക്കേട് ഞെട്ടിക്കുന്ന സംഭവമാണെന്നും അനർഹർ സർക്കാർ ജോലിയിൽ പ്രവേശിക്കുന്നത് തടയാൻ സംവിധാനം വേണമെന്നും ഹൈക്കോടതി. പി.എസ്.സി പരീക്ഷയിൽ ക്രമക്കേട് കണ്ടെത്തിയ സംഭവത്തിൽ സ്വതന്ത്ര ഏജൻസിയുടെ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്വതന്ത്ര ഏജൻസിയായ പി.എസ്.സിയിലെ നടപടിക്രമങ്ങൾ സുതാര്യമായിരിക്കണം. എല്ലാവർക്കും അതിൽ വിശ്വാസമുണ്ടാകണം. നിലവിലുള്ള അവസ്ഥ ഏറെ ആശങ്കാജനകമാണ്. സാധാരണ ജനങ്ങളുമായി ബന്ധപ്പെട്ടതാണ് പി.എസ്.സി. അതുകൊണ്ടുതന്നെ അതിന്റെ വിശ്വാസ്യത നിലനിർത്തേണ്ടത് അത്യാവശ്യമാണ്. പി.എസ്.സിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരുപാട് സംശയങ്ങൾ ഉയരാൻ ഈ സംഭവം ഇടയാക്കിയിട്ടുണ്ട്. പി.എസ്.സി പരീക്ഷയിൽ ക്രമക്കേട് നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ നാലാംപ്രതിയായ സഫീറിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതിയുടെ ഈ പരാമർശം. പ്രതികൾക്ക് മൊബൈൽ ഫോൺ വഴി ഉത്തരങ്ങൾ പറഞ്ഞുകൊടുത്തത് സഫീറാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. 96 ഉത്തരങ്ങളാണ് ഇത്തരത്തിൽ മൊബൈൽ ഫോൺ വഴി കൈമാറിയതെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായിട്ടുണ്ട്. ഉത്തരങ്ങൾ കൈമാറുന്നതിനായി ഉപയോഗിച്ച മൊബൈൽ ഫോണുകളും മറ്റും കണ്ടെത്തേണ്ടതുണ്ടെന്നും അതിനാൽ സഫീറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്നുമാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. ഈ ഘട്ടത്തിലായിരുന്നു കോടതിയുടെ വിമർശനം.

Latest News