Sorry, you need to enable JavaScript to visit this website.

രണ്ടായിരം രൂപാ നോട്ടുകള്‍ കുത്തനെ കുറയുന്നു

മുംബൈ- വിപണിയിലുള്ള രണ്ടായിരം രൂപാ കറന്‍സി നോട്ടുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു വരുന്നു. 2019 സാമ്പത്തിക വര്‍ഷം 7.2 കോടി രണ്ടായിരം രൂപാ നോട്ടുകളാണ് കുറഞ്ഞത്. ഇപ്പോള്‍ വിപണിയുള്ളത് 329 കോടി നോട്ടുകളാണ്. 2000 രൂപാ നോട്ടുകളുടെ അച്ചടി റിസര്‍വ് ബാങ്ക് കുറച്ചു വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നോട്ടു നിരോധനകാലത്ത് രൂക്ഷമായ കറന്‍സി ക്ഷാമം കുറക്കാന്‍ അസാധു നോട്ടുകള്‍ക്ക് പകരമായി വന്‍തോതില്‍ റിസര്‍വ് ബാങ്ക് 2000 രൂപാ നോട്ടുകള്‍ അടിച്ചിറക്കിയിരുന്നു. എല്ലാ അസാധുനോട്ടുകളും പിന്‍വലിച്ചതോടെ 2017 മാര്‍ച്ചില്‍ വിപണിയിലുണ്ടായിരുന്ന കറന്‍സി നോട്ടുകളുടെ പകുതിയും 2000 രൂപാ നോട്ടുകളായിരുന്നു. ഒരു വര്‍ഷത്തിനു ശേഷം ഇത് 37 ശതമാനമായി കുറഞ്ഞു. ഇപ്പോള്‍ മൊത്തം കറന്‍സികളില്‍ 31 ശതമാനം മാത്രമാണ് 2000 രൂപാ കറന്‍സികള്‍. 

അതേസമയം മറ്റു എല്ലാ നോട്ടുകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഏറ്റവും വലിയ വര്‍ധന 500 രൂപാ നോട്ടുകളുടെ എണ്ണത്തിലാണ്. വിപണിയിലുള്ള 21.1 ലക്ഷേം കോടി നോട്ടുകളുടെ 51 ശതമാനവും ഇപ്പോള്‍ 500 രൂപാ നോട്ടുകളാണ്. 2019 മാര്‍ച്ച് അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം 10 രൂപാ, 100 രൂപാ നോട്ടുകള്‍ 47.2 ശതമാനം വരും. പ്രചാരണത്തിലുള്ള മൊത്തം കോയിനുകളില്‍ 83.6 ശതമാനവും 1, 2, 5 രൂപാ കോയിനുകളാണ്. ഇവയുടെ മൂല്യം മൊത്തം കോയിനുകളുടെ 78.3 ശതമാനവും വരും.

2018-19 സാമ്പത്തിക വര്‍ഷം 4,811 കോടി രൂപയാണ് കറന്‍സി അച്ചടിക്കായി റിസര്‍വ് ബാങ്ക് ചെലവിട്ടത്. മുന്‍ വര്‍ഷം ഇത് 4,912 കോടിയായിരുന്നു. ജീവനക്കാരുടെ ശമ്പള, ആനുകൂല്യ ചെലവവുകള്‍ മാറ്റി നിര്‍ത്തിയാണ് നോട്ട് അച്ചടിക്കാണ് റിസര്‍വ് ബാങ്ക് ഏറ്റവും കൂടുതല്‍ പണം ചെലവിട്ടത്.


 

Latest News