കൊല്‍ക്കത്ത- നോബല്‍ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യാസെന്‍ പശു, ഗുജറാത്ത്, ഹിന്ദു ഇന്ത്യ, ഹിന്ദുത്വ വ്യൂ ഓഫ് ഇന്ത്യ എന്നീ വാക്കുകള്‍ പറയാന്‍ പാടില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ. അമര്‍ത്യാ സെന്നുമായി സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൗശിക് ബസു നടത്തുന്ന സംഭാഷണം ഉള്‍ക്കൊള്ളുന്ന ദി ആര്‍ഗുമെന്റേറ്റീവ് ഇന്ത്യന്‍ ഡോക്യുമെന്ററിയാണ് വിവാദത്തിലായത്. ഈ വാക്കുകള്‍ നീക്കതെ ഡോക്യെമന്ററിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് സംവിധായകന്‍ സുമന്‍ ഘോഷിനെ സെന്‍സര്‍ബോര്‍ഡ് അറിയിച്ചിരിക്കയാണെന്ന് ദ ടെലഗ്രാഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വാക്കുകള്‍ മായ്ച്ച് കളയാനോ ബിപ് ശബ്ദം നല്‍കാനോ ഒരുക്കമല്ലെന്ന് സംവിധായകന്‍ സെന്‍സര്‍ ബോര്‍ഡിനെ അറിയിച്ചിരിക്കയാണ്.
സെന്‍സര്‍ ബോര്‍ഡ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടതിനു പിന്നില്‍ തികഞ്ഞ അസഹിഷ്ണുതയാണെന്ന് സുമന്‍ ഘോഷ് ആരോപിച്ചു. ബോര്‍ഡിന്റെ ഈ പ്രവൃത്തിയിലൂടെ ഡോക്യുമെന്ററിയുടെ കാലികപ്രസക്തി കൂടുതല്‍ വ്യക്തമാവുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.
2002ലും 2017ലുമായി പൂര്‍ത്തിയായ ദി ആര്‍ഗുമെന്റേറ്റീവ് ഇന്ത്യന്‍ ഡോക്യുമെന്ററിയില്‍ അമര്‍ത്യസെന്‍ കോര്‍ണല്‍ യൂണിവേഴ്സിറ്റിയില്‍ ക്ലാസ് എടുക്കുന്ന ഭാഗത്താണ് ഗുജറാത്ത് എന്ന വാക്കു കടന്നു വരുന്നത്. ജനാധിപത്യത്തെ പരാമര്‍ശിക്കുന്ന വേളയില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലൂടെയായിരിക്കും ഗുജറാത്തിനെ അടയാളപ്പെടുത്തുകയെന്നാണ് അദ്ദേഹം പറയുന്നത്. പശു, അതുപോലെ മറ്റെന്തെങ്കിലും കാര്യങ്ങള്‍ പറഞ്ഞ് മനുഷ്യരെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നു. ജനങ്ങളെ ആ കാര്യം പറഞ്ഞ് എതിര്‍ക്കുന്നു- ഇതാണ് പശു സംബന്ധിച്ച പരാമര്‍ശം. നമ്മുടെ കാലഘട്ടത്തിലെ വലിയ ചിന്തകര്‍ പറഞ്ഞ ഒറ്റവാക്കും നീക്കാന്‍ തയാറല്ലെന്നാണ് സംവിധായകന്റെ നിലപാട്.
കേരളത്തില്‍ നടന്ന അന്താരാഷ്ട്ര ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ മൂന്ന് ഡോക്യുമെന്ററികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിച്ചത് വിവാദമായിരുന്നു