വിദ്വേഷ പ്രചാരണം: സെന്‍കുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

തിരുവനന്തപുരം- മുന്‍ പോലീസ് മേധാവി ടി.പി സെന്‍കുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയിന്‍മേല്‍ അന്വേഷണം നടത്താന്‍ ഡിജിപി ലോക്നാഥ് ബെഹ്റയാണ് ഉത്തരവിട്ടത്.


സെന്‍കുമാര്‍ ന്യൂനപക്ഷ വിരുദ്ധ പരമാര്‍ശം നടത്തിയെന്നാരോപിച്ച് ഡിജിപിക്കു ലഭിച്ച പരാതികള്‍ ക്രൈംബ്രാഞ്ചിനു കൈമാറി. ക്രൈംബ്രാഞ്ച് എഡിജിപി നിഥിന്‍ അഗര്‍വാളിന്റെ നേതൃത്വത്തിലൂള്ള സംഘമാണ് മുന്‍ പോലീസ് മേധാവിക്കെതിരെ അന്വേഷണം നടത്തുക. സര്‍വീസില്‍നിന്ന് പിരിഞ്ഞ ശേഷം സമകാലിക മലയാളം വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് സെന്‍കുമാര്‍ വിവാദ പരാമര്‍ശം നടത്തിയത്.

 

കേരളത്തില്‍ നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42ഉം മുസ്ലിം കുട്ടികളാണ്. മുസ്ലിം ജനസംഖ്യ 27 ശതമാനമാണ്. 54 ശതമാനമുള്ള ഹിന്ദുക്കളുടെ ജനനനിരക്ക് 48 ശതമാനമാനത്തില്‍ താഴെയാണ്. 19.5 ശതമാനമുള്ള ക്രിസ്ത്യാനികളുടെ ജനനനിരക്ക് 15 ശതമാനം. ഭാവിയില്‍ വരാന്‍ പോകുന്നത് ഏതു രീതിയിലുള്ള മാറ്റമായിരിക്കും ഇതായിരുന്നു സെന്‍കുമാറിന്റെ വിവാദമായ പരാമര്‍ശം. സംഘ്പരിവാര്‍ മുസ് ിലംകള്‍ക്കെതിരായ വിദ്വേഷ പ്രചാരണത്തിന് ഉപയോഗിക്കാറുള്ള ലൗ ജിഹാദ് അടക്കമുള്ള വിഷയങ്ങളും അദ്ദേഹം ഉന്നയിച്ചു. വാരികക്ക് നല്‍കിയ അഭിമുഖത്തിലെ അഭിപ്രായങ്ങളെ പിന്നീട് ന്യായീകരിക്കുകയും ചെയ്തിരുന്നു.
 

Latest News