ആക്രമണം നടത്താന്‍ ഭീകരരെ കടത്തി വിടാന്‍ പാക്കിസ്ഥാന്‍ ശ്രമം

ന്യൂദല്‍ഹി- ഇന്ത്യയില്‍ ആക്രമണം നടത്തുന്നതിന് ഭീകരരെ അതിര്‍ത്തി കടത്തി വിടാന്‍ പാക്കിസ്ഥാന്‍ ശ്രമം തുടങ്ങിയതായി വിവരം ലഭിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വെളിപ്പെടുത്തി. കശ്മീരിന്റെ പ്രത്യേക പദവി നീക്കിയതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങള്‍ തമ്മില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെയാണ് പാക്കിസ്ഥാന്റെ പുതിയ ശ്രമം.
ഇത്തരം ശ്രമങ്ങളെ  നേരിടാന്‍ ഇന്ത്യയുടെ സുരക്ഷാ സേന സജ്ജമാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ഗുജറാത്തിലെ തുറമുഖങ്ങള്‍ ആക്രമിക്കാന്‍ പരിശീലനം സിദ്ധിച്ച കമാന്‍ഡോകള്‍ ഇന്ത്യന്‍ സമുദ്രത്തില്‍ പ്രവേശിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പേരുവെളിപ്പെടുത്താത്ത ഇന്ത്യന്‍ രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഈ റിപ്പോര്‍ട്ടുകള്‍.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം അവിടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ സാഹചര്യം സംഘര്‍ഷത്തിലെത്തിക്കുകയാണ് പാക്കിസ്ഥാന്റെ ലക്ഷ്യമെന്ന് വിദേശ മന്ത്രാലയ വക്താവ് പറഞ്ഞു.

 

Latest News