Sorry, you need to enable JavaScript to visit this website.
Wednesday , September   30, 2020
Wednesday , September   30, 2020

തുഷാർ - നാസിൽ നൽകുന്ന പാഠം

പുറംമോടിയിൽ ഗൾഫ് പളപളപ്പിന്റേതാണ്. അംബരചുംബികളായ കെട്ടിടങ്ങൾ, വൃത്തിയും വെടിപ്പുമുള്ള തെരുവോരങ്ങൾ, വെട്ടിത്തിളങ്ങി ചീറിപ്പായുന്ന വാഹനങ്ങൾ, അർമാദിക്കുന്ന ജനങ്ങൾ. ഇതിനിടയിൽ കഞ്ഞിക്കു വകയില്ലാതെ കഴിഞ്ഞു കൂടുന്ന ഗൾഫുകാർക്കും നാട്ടുകാർ ഗൾഫിന്റെ ഈ പളപളപ്പ് പരിവേഷം ചാർത്തിക്കൊടുക്കും. അതുകൊണ്ടു തന്നെ തൊട്ടതിനും പിടിച്ചതിനുമെല്ലാം അവനാവുന്നതിലും കൂടുതൽ നൽകണം. നാട്ടിലേക്കു പറക്കാനും നാട്ടിലെ ആചാരാനുഷ്ഠാനങ്ങളിൽ പങ്കാളികളാവാനും അവന്റെ വിഹിതം മേലെയായിരിക്കും. നാട്ടിലെത്തി ദാരിദ്ര്യം പറഞ്ഞാലോ അവനു നേരെ കൊഞ്ഞനം കുത്തും. ആട്ടിപ്പായിക്കും. ജോലി സ്ഥലത്താണെങ്കിലോ പലവിധ നൂലാമാലകളാൽ നിൽക്കക്കള്ളിയില്ലാത്ത അവസ്ഥയും. ഇതിനിടയിലും ഗൾഫിന്റെ പച്ചപ്പിൽ പച്ചപിടിച്ചവരുണ്ട്. അതേസമയം തന്നെ സകലതും നഷ്ടപ്പെട്ട് ആത്മഹത്യാ മുനമ്പിൽ നിൽക്കുന്നവരും നിരവധി. അവർക്കൊക്കെ പറയാനുള്ളത് വഞ്ചനയുടെയും തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും ചൂഷണത്തിന്റെയുമൊക്കെ കഥകളാണ്. പരസ്പര വിശ്വാസത്തിന്റെ പേരിൽ ഇടപാടുകൾ നടത്തിയിട്ടും വഞ്ചിച്ചു മുങ്ങി വിലസി നടക്കുന്നവരുടെ കഥകൾ. വഞ്ചനക്കിരയായവൻ ജീവിതം വഴിമുട്ടി യാചിച്ച് കെഞ്ചിയാലും സ്വാധീനത്തിന്റെയും അധികാരത്തിന്റെയും പണത്തിന്റെയുമെല്ലാം ഹുങ്കിൽ തട്ടിപ്പുകാരൻ നെഞ്ച് വിരിച്ചു നടക്കും. രാഷ്ട്രീയ സ്വാധീനത്തിന്റെയും സംഘടനാ ബലത്തിന്റെയുമെല്ലാം മറവിൽ തന്നെ തൊടാനാവില്ലെന്ന് പറഞ്ഞ് വഞ്ചനക്കിരയായവനെ ഭീഷണിപ്പെടുത്തും. പക്ഷേ, അളമുട്ടിയാൽ നീർക്കോലിയും കടിക്കുമെന്നു പറഞ്ഞ പോലെയായി തുഷാർ വെള്ളപ്പള്ളി - നാസിൽ അബ്ദുല്ല കേസ്. 


ഗൾഫിലെന്നല്ല, കേരളത്തിലൊട്ടാകെ ഇന്ന് ചൂടുള്ള സംസാര വിഷയം തുഷാർ വെള്ളാപ്പള്ളിയാണ്. വണ്ടിച്ചെക്ക് കേസിൽ നിന്നു രക്ഷപ്പെടാൻ മണ്ടി നടക്കുന്ന തുഷാറാണിപ്പോൾ ട്രോളർമാരുടെ ഇഷ്ട കഥാപാത്രം. രണ്ടാഴ്ചയോളമായി പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും യു.എ.ഇയിൽനിന്ന് കണിച്ചുകുളങ്ങരയിലേക്കുള്ള യാത്ര അകലുകയാണ്. കേന്ദ്രവും സംസ്ഥാനവും മുതലാളിമാരുമെല്ലാം സഹായത്തിനുണ്ടായിട്ടും നീതിയുടെ തുലാസിൽ സത്യത്തിനു തന്നെയാണ് മുൻതൂക്കം. താൻ നൽകിയ വാക്കു പാലിക്കാൻ കാഴിയാതിരുന്നതിനാൽ ഇടപാടുകാരാലും നാട്ടുകാരും വീട്ടുകാരാലും അകറ്റപ്പെട്ട്, ജയിലഴിക്കുള്ളിൽ അകപ്പെട്ട് ജീവിതം വഴിമുട്ടിയ യുവ എൻജിനീയർ നാസിൽ അബ്ദുല്ലക്ക് നീതി പുലർന്നു കാണാൻ ആഗ്രഹിക്കാത്ത സാധാരണക്കാരായ ഗൾഫുകാരാരും ഇല്ലെന്നതാണ് ഈ മുൻതൂക്കത്തിനു കാരണം. എത്ര തന്നെ മറയ്ക്കാൻ ശ്രമിച്ചാലും സത്യം ഒരുനാൾ പുലരുക തന്നെ ചെയ്യും. അതിനു വഴികാട്ടിയായി ചില നിമിത്തങ്ങൾ കടന്നു വരികയും ചെയ്യും. ഒരു നിലക്കും പിടികിട്ടാതെ വിലസി നടന്ന തുഷാറിനെ അജ്മാനിൽ കൊണ്ടുവന്നതും അത്തരമൊരു നിമിത്തമാണ്. 
സമുദായ നേതൃത്വത്തിലേക്കും രാഷ്ട്രീയത്തിലേക്കുമിറങ്ങി വിളവെടുക്കാൻ തുടങ്ങുന്നതിനു മുമ്പ് രണ്ടു കാശുണ്ടാക്കാനായി തുടങ്ങിയ ബോയിംഗ് കൺസ്ട്രക്ഷൻ കമ്പനി ഇത്ര വലിയ ബൂമറാംഗ് ആകുമെന്ന് തുഷാർ കരുതിയിരുന്നില്ല. നാട്ടിൽ പിതാവിന്റെ തണലിൽ പുതിയ മേച്ചിൽപുറങ്ങളിലേക്ക് ചേക്കേറാൻ കമ്പനി പൂട്ടി സ്ഥലം വിട്ടപ്പോൾ നടത്തിയ സാമ്പത്തിക ഇടപാടുകളെ സ്വാധീനങ്ങളുടെ മറവിൽ തേച്ചുമാച്ചു കളയാമെന്നാണ് തുഷാർ കരുതിയത്. നാട്ടിൽ അങ്ങനെ പലരും രക്ഷപ്പെട്ട് വിലസി നടക്കുന്നുണ്ടാവാം. എന്നാൽ ഗൾഫ് രാജ്യങ്ങളിൽ അതിനുള്ള സാധ്യത വിരളമാണ്. വ്യക്തമായ രേഖകളോടെ ഗൾഫിൽ വെച്ചുണ്ടാക്കുന്ന കരാറുകൾ ഒരു നിലക്കും ലംഘിക്കാനാവില്ലെന്ന ധാരണ ഇല്ലാതെ പോയതാണ് തുഷാറിന് വിനയായത്. അതറിയാമായിരുന്നുവെങ്കിൽ തുഷാർ അജ്മാനിലെത്തില്ലായിരുന്നു. സകലതും നഷ്ടപ്പെട്ട് ആരോരുമില്ലാതെ കിടക്കുന്നവൻ ഒരു മൂർഖൻ പാമ്പിനെപ്പോലെ ഇത്രയും പത്തിവിടർത്തി ആടുമെന്നും തുഷാർ നിനച്ചില്ല. 
പൊതു സമൂഹത്തിലെ സ്വാധീനത്തിന്റെ മറവിൽ താൻ പറയുന്നതെല്ലാം ജനം സത്യമായി കരുതുമെന്നാണ് തുഷാർ വിചാരിച്ചത്. അതുകൊണ്ടാണ് രാഷ്ട്രീയ നേതാക്കളുടെയും മുതലാളിമാരുടെയും സ്വാധീനത്താൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം പരാതിക്കാരനായ നാസിൽ അബ്ദുല്ല മറഞ്ഞിരുന്ന് ഒരു സ്ത്രീ മുഖാന്തരം തന്നെ വിളിച്ചു വരുത്തി വഞ്ചിക്കുകയായിരുന്നുവെന്നും ചെക്ക് നൽകിയിട്ടില്ലെന്നും അതു മോഷ്ടിച്ചതാണെന്നും ഒരു നയാപൈസ പോലും അയാൾക്ക് നൽകാനില്ലെന്നും പത്രസമ്മേളനം നടത്തി തുഷാർ വിളിച്ചു പറഞ്ഞത്. പക്ഷേ വെളുക്കാൻ തേച്ചത് പാണ്ടായതു പോലെയായി. ഇതോടെ അതുവരെ മറയ്ക്കു പിന്നിലിരുന്ന നാസിൽ പുറത്തു ചാടി സത്യം വിളിച്ചു പറഞ്ഞു. അതിൽ വസ്തുതയുണ്ടെന്ന് കോടതിക്കും ജനങ്ങൾക്കും ബോധ്യം വന്നതോടെ തുഷാർ ഒത്തുതീർപ്പിന്റെ വഴിയിലേക്കു വന്നു. പരാതിക്കാരന് ഒന്നും കൊടുക്കാനില്ലെന്നു പറഞ്ഞയാൾ മണിക്കൂറുകൾക്കുള്ളിൽ മൂന്നു കോടി വരെ കൊടുക്കാമെന്നായി. പരാതിക്കാരനെ സംബന്ധിച്ചിടത്തോളം വൈരാഗ്യമല്ല, ജീവൽ പ്രശ്‌നമാണ് വലുതെന്നതിനാൽ ഒത്തുതീർപ്പിനു സന്നദ്ധമായപ്പോൾ തനിക്കു ലഭിക്കാനുള്ളതിന്റെ മൂന്നിലൊന്നു പോലും നൽകാതെയുള്ള ഒത്തുതീർപ്പിന് വഴങ്ങാൻ തയാറായില്ല. ഇതിനിടെയും പലവിധ ഭീഷണികളെയും പരാതിക്കാരന് നേരിടേണ്ടി വന്നു. അപ്പോഴെല്ലാം ജീവിതം ഒന്നേയുള്ളൂവെന്നും നീതി പുലരേണ്ടതുണ്ടെന്നുമുള്ള നിലപാടെടുത്തതോടെ ഉടായിപ്പിൽനിന്ന് രക്ഷപ്പെടാനുള്ള തുഷാറിന്റെ നീക്കങ്ങളെല്ലാം പാളുകയായിരുന്നു. കണിച്ചുകളങ്ങരക്കു മടങ്ങാൻ ഇനിയെന്ത് പോംവഴി എന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ് തുഷാറിപ്പോൾ. പല ഉപാധികളോടെ, സ്വാധീനങ്ങളുടെ ബലത്തിൽ ഒരു പക്ഷേ മടക്ക യാത്രക്കു താമസിയാതെ വഴി തുറന്നു കിട്ടിയേക്കാം. പക്ഷേ, എത്ര വലിയവനായാലും സത്യവും നീതിയും പുലരുക തന്നെ ചെയ്യുമെന്ന് മനസ്സിലാക്കണം. അതുപോലെ എന്തൊക്കെ തന്നെ നഷ്ടപ്പെട്ടാലും എത്ര തന്നെ ദുരിതങ്ങൾ ഏറ്റുവാങ്ങിയാലും എത്ര വലിയവനെതിരെയും നീതിക്കായി പോരാടാനുള്ള ചങ്കൂറ്റം ഏതൊരു പ്രവാസിക്കുമുണ്ടാവണമെന്ന പാഠം കൂടി നാസിൽ കേസ് പ്രവാസികൾക്കു നൽകുന്നുണ്ട്. 

Latest News