അധഃസ്ഥിത വിഭാഗങ്ങളുടെ മഹാത്മാവായിരുന്ന അയ്യങ്കാളിയുടെ ജന്മദിനം ഒരിക്കൽ കൂടി ആഘോഷിക്കുമ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തോടൊപ്പം കേരള രാഷ്ട്രീയവും വഴിത്തിരിവിലാണ്. വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ രണ്ടാം മോഡി സർക്കാർ ജനാധിപത്യത്തിനും മതേതരത്വത്തിനും സാമൂഹ്യ നീതിക്കും ഫെഡറലിസത്തിനമെതിരെ ശക്തമായ വെല്ലുവിളികൾ ഉയർത്തിയിരിക്കുകയാണെന്ന വിമർശനം ശക്തമാണ്. അതേസമയം രാജ്യമെങ്ങും രാഷ്ട്രീയാധികാരത്തിന്റെയും വിഭവാധികാരത്തിന്റെയും കോട്ടകൊത്തളങ്ങളിൽ നിന്ന് നൂറ്റാണ്ടുകളായി അകറ്റി നിർത്തപ്പെട്ടിരുന്ന ദളിത് വിഭാഗങ്ങളുടെ പ്രക്ഷോഭങ്ങൾ ശക്തമാണ്.
കേരളത്തിൽ പക്ഷേ കാര്യങ്ങൾ വ്യത്യസ്തമാണ്. ഇവിടെ സീറ്റുകളൊന്നും നേടാൻ സംഘപരിവാറിനായില്ല. പക്ഷേ നമ്മുടെ പൊതുജീവിതത്തിൽ വർഗീയതയും സവർണതയും അതിശക്തമായി തിരിച്ചുവരികയാണ്. നവോത്ഥാനമെന്നു വിളിക്കപ്പെടുന്ന മുന്നേറ്റങ്ങളിലൂടെ എന്തിനെയൊക്കെയാണ് നമ്മൾ നാടുകടത്തിയത് എന്നു കരുതുന്നുവോ, അവയെല്ലാം അതിശക്തമായി തിരിച്ചുവരുന്ന കാഴ്ചയാണ് കാണുന്നത്. അതിനാൽ തന്നെ അയ്യങ്കാളി ദിനത്തിന്റെ പ്രസക്തിയും വർധിക്കുന്നു. കാരണം ഈ യാഥാസ്ഥിതിക ശക്തികൾക്കെതിരായ കീഴാളരുടെ ഏറ്റവും വലിയ ഊർജം അയ്യങ്കാളിയല്ലാതെ മറ്റാരുമല്ല എന്നതു തന്നെ.
കേരളീയ നവോത്ഥാന ചരിത്രത്തിൽ ഏറ്റവും ഉന്നത ശീർഷൻ അയ്യങ്കാളി തന്നെയാണ്. ആത്മീയതയിലൂന്നിയായിരുന്നു ഗുരുവിന്റെ പ്രവർത്തനങ്ങളെങ്കിൽ അയ്യങ്കാളിയുടേത് ഭൗതികതയിലൂന്നിയുള്ള മുന്നേറ്റമായിരുന്നു. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലായിരുന്ന, മനുഷ്യരായി പോലും പരിഗണിക്കപ്പെടാതിരുന്ന വിഭാഗങ്ങൾക്കു വേണ്ടിയായിരുന്നു അയ്യങ്കാളി തെരുവിലിറങ്ങിയത്. ഞങ്ങടെ കുട്ടികളെ പഠിപ്പിച്ചില്ലെങ്കിൽ നിങ്ങടെ പാടം കൊയ്യില്ല എന്ന പ്രഖ്യാപനവും വിലക്കപ്പെട്ട വീഥികളിലൂടെയുള്ള വില്ലുവണ്ടി യാത്രയും മാത്രം പോരേ അയ്യങ്കാളി അനശ്വരനാകാൻ? പിന്നെ 25 വർഷം പ്രജാ സഭയിലിരുന്ന് ചെയ്ത പ്രവർത്തനങ്ങളും.
എന്നാൽ എത്രയോ കാലം നമ്മുടെ ചരിത്രത്തിൽനിന്ന് അയ്യങ്കാളിയുടെ പ്രാധാന്യം മൂടിവെക്കപ്പെട്ടു. ഇന്ന് നവോത്ഥാനത്തിന്റെ അവകാശികളാകാൻ ശ്രമിക്കുന്ന ഇരുവിഭാഗവും അയ്യങ്കാളിയെ തമസ്‌കരിക്കുകയായിരുന്നു. സവർണ്ണ ഹൈന്ദവ വാദികൾക്ക് അംബേദ്കറെ പോലെ അയ്യങ്കാളിയും പേടിസ്വപ്‌നമായിരുന്നു. മറുവശത്ത് ഇ.എം.എസ് തന്റെ പ്രശസ്തമായ കേരള ചരിത്രത്തിൽ നിന്നുപോലും അയ്യങ്കാളിയെ തമസ്‌കരിച്ചു. ഇന്നും അതിൽ കാര്യമായ അന്തരമില്ല എന്നതാണ് ശ്രദ്ധേയം.
അടിസ്ഥാനപരമായി മനുസ്മൃതിയെ തള്ളിപ്പറയാത്ത, ഹിന്ദു രാഷ്ട്രത്തെ ലക്ഷ്യം വെക്കുന്നവരുടെ അജണ്ടയിൽ ഒരിടത്തും ദളിത് വിഭാഗങ്ങൾക്ക് സ്ഥാനമുണ്ടാകാനിടയില്ല. മറുവശത്ത് വർഗ രാഷ്ട്രീയ സമീപനത്തിലും ജാതീയമായി പീഡിപ്പിക്കപ്പെടുന്നവരുടെ പോരാട്ടങ്ങൾക്ക് വലിയ സ്ഥാനമില്ല. രോഹിത് വെമുല എസ്.എഫ്.ഐയിൽനിന്നു രാജിവെച്ച് അംബേദ്കർ സ്റ്റുഡന്റ്‌സ് അസോസിയേഷനിൽ ചേർന്നതിന്റെയും അടിസ്ഥാന കാരണം മറ്റൊന്നല്ലല്ലോ. എന്തൊക്കെ പറഞ്ഞാലും ദളിത് രാഷ്ട്രീയത്തെ സ്വത്വ രാഷ്ട്രീയമായി ആക്ഷേപിച്ച് തള്ളിക്കളയുകയാണ് ഇടതു ചിന്തകർ ഇപ്പോഴും ചെയ്യുന്നത്.
കേരളത്തിന്റെ നവോത്ഥാന ചരിത്രം പക്ഷേ ഇവർക്കുള്ള മറുപടിയാണ്. ഉത്തരേന്ത്യയിൽ സവർണനായിരുന്ന രാജാറാം മോഹൻ റായിയുടെ നേതൃത്വത്തിലായിരുന്നു നവോത്ഥാനത്തിനു തിരികൊളുത്തിയതെങ്കിൽ കേരളത്തിൽ തിരിച്ചായിരുന്നു. താൻ പ്രതിഷ്ഠിച്ചത് ഈഴവ ശിവനെയാണെന്നായിരുന്നു ഗുരു പറഞ്ഞത്. തങ്ങളുടെ സമുദായത്തിൽനിന്ന് 10 ബി.എക്കാരുണ്ടാകുന്ന കാലമാണ് അയ്യങ്കാളി സ്വപ്‌നം കണ്ടത്. ഈ സമയത്ത് നമ്പൂതിരിമാർ താത്രിക്കുട്ടിയെ സ്മാർത്തവിചാരം ചെയ്യുകയായിരുന്നു. 1929 ലായിരുന്നു നായർ സമുദായത്തിൽ എന്തെങ്കിലും മാറ്റത്തിനു തുടക്കമിടുന്നത്.
മുകളിൽ നിന്നു പ്രസാദം പോലെ ഇട്ടുകൊടുത്തതല്ല കേരളീയ നവോത്ഥാനം. അത് അടിയിൽ നിന്ന് പൊട്ടിമുളച്ചതാണ്. അതു വിസ്മരിച്ചാണ് മേൽസൂചിപ്പിച്ച വിഭാഗങ്ങൾ ഇന്ന് രക്ഷാകർതൃത്വം ചമയാൻ ശ്രമിക്കുന്നത്. അസഹിഷ്ണുതയുടെ മതമാണ് തങ്ങളുടേതെന്ന് ഹൈന്ദവവാദികളും തങ്ങളാണ് കേരളത്തിന്റ നവോത്ഥാന സ്രഷ്ടാക്കളെന്ന് കമ്യൂണിസ്റ്റുകാരും പറയുമ്പോൾ നിഷേധിക്കുന്നത് ഈ ചരിത്ര യാഥാർത്ഥ്യമാണ്.
ഇനി ഇവരുടെ നിലപാടുകൾ ആത്മാർത്ഥമാണെങ്കിൽ വർത്തമാനകാല ദളിത് പ്രക്ഷോഭങ്ങളോടുള്ള നിലപാടിൽ പ്രകടമാകണമല്ലോ. കേരളത്തിലെ ദളിതരും ആദിവാസികളും ഇന്നു നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നം സ്വന്തമായി ഭൂമിയില്ലായ്മ തന്നെയാണ്. അതുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങൾ അങ്ങോളമിങ്ങോളം നടക്കുന്നു. അവയോട് പക്ഷേ നിഷേധാത്മക സമീപനമാണ് എല്ലാ പ്രസ്ഥാനങ്ങളും സ്വീകരിക്കുന്നത്. പകരം അവരെയെല്ലാം ലൈഫ് പദ്ധതിയിലുൾപ്പെടുത്തി ഫഌറ്റുകളിലൊതുക്കാനുള്ള നീക്കമാണ് സർക്കാരിന്.
കൊട്ടിഘോഷിക്കപ്പെട്ട ഭൂപരിഷ്‌കരണത്തിൽ വഞ്ചിക്കപ്പെട്ട് പതിനായിരക്കണക്കിന് കോളനികളിലേക്ക് ഒതുക്കപ്പെട്ട ദളിതർക്ക് അതുവഴി നിഷേധിച്ചത് ആധുനിക ജീവിതം തന്നെയായിരുന്നു. ഭൂമിയുടെ ക്രയവിക്രയവും ബാങ്കിടപാടുകളും വഴി സാധിക്കുമായിരുന്ന സംരംഭകത്വത്തിൽ നിന്നും വ്യാപാര മേഖലകളിൽ നിന്നും അവർ അകറ്റി നിർത്തപ്പെട്ടു. മുടക്കാൻ പണമില്ലാതിരുന്നതിനാൽ തന്നെ കേരളത്തിന്റെ സാമ്പത്തിക മേഖലയിലെ പ്രധാന പങ്കുവഹിക്കുന്ന ഗൾഫും അവർക്കന്യമായി. ഭൂമിയില്ലാത്തതിനാൽ കാർഷിക മേഖലയിൽ നിന്നും പുറത്തായി. മറ്റൊരു പ്രധാന മേഖലയായ എയ്ഡഡ് മേഖലയിൽ ദളിതരുടെ അവകാശമായ സംവരണം നടപ്പാക്കത്തതിനാൽ അവിടെ നിന്നും പുറത്തായി. പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടപ്പെടുകയും സ്വകാര്യ മേഖല വളരുകയും ചെയ്യുമ്പോൾ സംവരണാവകാശവും ഇല്ലാതാകുന്നു.
തന്റെ സമുദായത്തിൽ 10 ബി.എക്കാരെ കാണാൻ അയ്യങ്കാളി ആഗ്രഹിച്ചു. ഇന്ന് ആ സമുദായത്തിൽ വിദ്യാസമ്പന്നർ ആയിരക്കണക്കിനുണ്ട്. കുറെ സർക്കാർ ജോലികളിലും അവരുണ്ട്. എന്നാൽ കാലം ആവശ്യപ്പെടുന്ന രീതിയിലുള്ള മുന്നേറ്റം അവർക്കുണ്ടായില്ല. അതിനുള്ള പ്രധാന കാരണം മുകളിൽ സൂചിപ്പിച്ച പോലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ സർക്കാരുകളോ ദളിതരുടെ പ്രശ്‌നങ്ങളോ അവകാശങ്ങളോ കാണാൻ തയാറായില്ല എന്നു തന്നെയാണ്. അതിനാൽ തന്നെയാണ് അംബേദ്കറെ പോലെ അയ്യങ്കാളിയും കൂടുതൽ കൂടുതൽ പ്രസക്തനായി വരുന്നത്. ഇന്ന് കേരളത്തിലെ ദളിതർ പോരാട്ടത്തിന്റെ പാതയിൽ തന്നെയാണ്. തങ്ങൾക്കിനി വളർത്തച്ഛന്മാർ വേണ്ടെന്നു പറഞ്ഞു തന്നെ നിരവധി ദളിത് പ്രവർത്തകർ രംഗത്തുണ്ട്. ഒപ്പം നിരവധി ബുദ്ധിജീവികളും എഴുത്തുകാരും പ്രഭാഷകരും. അംബേദ്കറും അയ്യങ്കാളിയുമാണ് അവരുടെ മാതൃക. അവർ നടത്തുന്ന പോരാട്ടങ്ങളോട് ഐക്യപ്പെടാനാണ് അയ്യങ്കാളി ദിനം ആഘോഷിക്കുന്ന ഈ വേളയൽ ജനാധിപത്യ കേരളം തയാറാകേണ്ടത്.