Sorry, you need to enable JavaScript to visit this website.

ഓപറേഷൻ ക(ശബരി)മല  

ഗുരുവായൂരിൽ അവർണർക്ക് പ്രവേശനാനുമതി ലഭിച്ചത് ദീർഘമായ സമരത്തിന്റെ കൂടി ഫലമായിരുന്നല്ലോ. ശബരിമല സ്ത്രീ പ്രവേശനത്തിനായി കേരളത്തിൽ സുപ്രീം കോടതി വിധിക്ക് മുമ്പേ ഒരു പ്രമേയമെങ്കിലും അംഗീകരിക്കുകയുണ്ടായോ? ജനാധിപത്യ മഹിളാ അസോസിയേഷന്റെ പത്തനംതിട്ട ജില്ലാ കമ്മിറ്റിയെങ്കിലും ഒരു ജാഥ നടത്തുകയുണ്ടായോ? ഇല്ലെന്ന് മാത്രമല്ല, തങ്ങളല്ല സ്ത്രീ പ്രവേശനത്തിനായി സുപ്രീം കോടതിയെ സമീപിച്ചതെന്ന് സി.പി.എം ആണയിടുന്നു. ആചാരം തുടരണമെന്നും യുവതീ പ്രവേശനം അരുതെന്നും യു.ഡി.എഫ് സർക്കാർ കേരളത്തിന്റേതായി നിലപാട് അറിയിച്ചപ്പോഴെങ്കിലും സി.പി.എം ഇടപെട്ടില്ല.

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഇടതുപക്ഷത്തിനുണ്ടായ കനത്ത തോൽവിക്ക് കാരണമായി സി.പി.എം സംസ്ഥാന കമ്മിറ്റി കണ്ടെത്തിയവയിൽ പ്രധാനം ശബരിമലയുമായി ബന്ധപ്പെട്ട് ഇടതു സർക്കാർ സ്വീകരിച്ച നടപടികളാണ്. സംസ്ഥാന സെക്രട്ടറിയടക്കമുള്ളവർ നേരിട്ട് ജനങ്ങളിൽനിന്ന് കണ്ടെത്തിയതുമാണിത്. കേരളത്തിൽ ഇന്നേവരെ സ്വീകരിക്കപ്പെട്ടിട്ടില്ലാത്ത സാമുദായിക ഉള്ളടക്കമുള്ള രാഷ്ട്രീയ തന്ത്രമായിരുന്നു ഇത്. പിണറായി വിജയന്റെ മനോമുകുരത്തിൽ തെളിഞ്ഞു കത്തിയ ഈ തന്ത്രം പരാജയപ്പെട്ടപ്പോൾ മൂക്കു കുത്തിയത് സി.പി.എം മാത്രമല്ല, കേരള ജനത ആകമാനമാണ്. സംഘ് പരിവാറിന് കേരളത്തെ താലത്തിൽ വെച്ചുകൊടുത്തുകൊണ്ട് അധികാരം നിലനിർത്താമെന്ന ഈ തന്ത്രമുണ്ടല്ലോ, അത് വിചാരണ ചെയ്യപ്പെടാതെ പോകില്ല. 
ഇടതു ചിന്തകൻ ബി. രാജീവൻ പറയുന്നു: കേരളത്തിലെ ആളുകൾ ശരിയായ നവോത്ഥാനത്തിന്റെ പാരമ്പര്യമുള്ളവരായതുകൊണ്ട് അവർ ബി.ജെ.പിക്ക് വോട്ടു ചെയ്തില്ല. കോൺഗ്രസിന് വോട്ട് ചെയ്തു. ശബരിമലയിൽ വിശ്വാസം സംരക്ഷിക്കാൻ ഇറങ്ങിത്തിരിച്ചവർ ബി.ജെ.പിക്കാരാണ്. പക്ഷേ കോൺഗ്രസിനാണ് വോട്ട് ചെയ്തത്. ജനങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യത്തെ പാശ്ചാത്യ യുക്തിവാദം കൊണ്ട് നേരിടുമ്പോൾ പെട്ടെന്ന് പുരോഗമനപരമാണ് എന്ന തോന്നലുണ്ടാകും. എന്നാൽ യാഥാർഥ്യം അതല്ല. ബഹുഭൂരിപക്ഷവും വിശ്വാസികളായ ഒരു സമൂഹത്തിൽ വിശ്വാസത്തെ ഉപരിപ്ലവമായ ഐഡിയോളജിയായല്ല കാണേണ്ടത്. ആളുകളുടെ ജീവിതം തന്നെ അതിനുള്ളിൽ നിറഞ്ഞു നിൽക്കുകയാണ്. അത്തരത്തിൽ വിശ്വാസത്തെ മനസ്സിലാക്കാൻ ലോകത്ത് ഒരിടത്തും ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടില്ല. 
ശബരിമല വിഷയത്തിൽ മാർക്‌സിസ്റ്റ് പാർട്ടിയുടെയും മുഖ്യമന്ത്രിയുടെയുമൊക്കെ ശരി ചെയ്യുന്നുവെന്നുള്ള, യുക്തിവാദപരമായ കടുംപിടിത്തങ്ങളുണ്ടല്ലോ, നവോത്ഥാനത്തിന്റെ അടിസ്ഥാനം അതാണ് എന്നാണവർ ധരിച്ചുവെച്ചിരിക്കുന്നത്. വിശ്വാസങ്ങളെയെല്ലാം തള്ളിക്കളയുന്ന നിരീശ്വര യുക്തിയിലേക്കുള്ള വളർച്ചയാണ് നവോത്ഥാനം എന്ന ധാരണ അബദ്ധമാണ് (മാധ്യമം ആഴ്ചപ്പതിപ്പ് 2019 ജൂലൈ 15)ഈ അഭിപ്രായത്തിന്റെ പേരിൽ ബി. രാജീവനെ സംഘിയാക്കാൻ ശ്രമിച്ച എം.ജി. രാധാകൃഷ്ണന്റെ ലേഖനത്തെ ബഹുഭൂരിപക്ഷമായ വിശ്വാസി സമൂഹത്തിന്റെ വൈകാരിക ലോകത്തെ ഹിന്ദു ഫാസിസ്റ്റുകൾക്ക് റാഞ്ചാൻ കൊടുത്ത് പുരോഗമന പക്ഷത്തെ മ്യൂസിയം പീസാക്കാനുള്ള കുറിപ്പടിയെന്ന് കെ.പി. രാമനുണ്ണി വിശേഷിപ്പിക്കുന്നു. ശബരിമല വിഷയത്തിൽ ഹിന്ദുത്വക്കാരുടെ കെണിയിൽ വീഴുകയായിരുന്നു ഇടതുപക്ഷം. ശബരിമല പ്രശ്‌നത്തിൽ വ്രണിതരായി മുഖം തിരിച്ചവരിൽ സവർണ മാടമ്പികളായിരുന്നില്ല ഭൂരിപക്ഷവും. മാർക്‌സിസ്റ്റ് പാർട്ടിക്ക് സ്ഥിരം വോട്ട് ചെയ്യുന്ന പിന്നോക്ക ദളിത് വിഭാഗങ്ങളിലുള്ള സാധാരണക്കാരായിരുന്നുവെന്നും രാമനുണ്ണി പറയുന്നുണ്ട് (മാധ്യമം 2019 ഓഗ.19).ശബരിമലയിലേത് സുപ്രീം കോടതി വിധിയായിരുന്നല്ലോ. അതിൽ ഒരു സർക്കാരിന് പിണറായി സർക്കാറിൽ നിന്ന് വ്യത്യസ്തമായ എന്ത് നിലപാടാണ് സ്വീകരിക്കാൻ കഴിയുക എന്ന് ബി. രാജീവനെ എതിർത്ത എം.ജി. രാധാകൃഷ്ണൻ മാത്രമല്ല ചോദിച്ചത്. ഇതിന് ഒരു തരത്തിൽ മറുപടിയായി രാമനുണ്ണി പറയുന്നത് ഇങ്ങനെയാണ്: കേരളീയ നവോത്ഥാനം മതനവീകരണത്തിൽ അധിഷ്ഠിതമായിരുന്നു. ആ മത നവീകരണ തത്വം ഇടതുപക്ഷം പിന്തുടർന്നിരുവെങ്കിൽ സുപ്രീം കോടതി വിധി വരുന്നതിന് എത്രയോ മുമ്പു തന്നെ അയ്യപ്പ വിശ്വാസി സമൂഹം ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനത്തിന് സന്നദ്ധമാവുമായിരുന്നു.
ഗുരൂവായൂരിൽ അവർണർക്ക് പ്രവേശനാനുമതി ലഭിച്ചത് ദീർഘമായ സമരത്തിന്റെ കൂടി ഫലമായിരുന്നല്ലോ. ശബരിമല സ്ത്രീ പ്രവേശനത്തിനായി കേരളത്തിൽ സുപ്രീം കോടതി വിധിക്ക് മുമ്പേ ഒരു പ്രമേയമെങ്കിലും അംഗീകരിക്കുകയുണ്ടായോ? ജനാധിപത്യ മഹിളാ അസോസിയേഷന്റെ പത്തനംതിട്ട ജില്ലാ കമ്മിറ്റിയെങ്കിലും ഒരു ജാഥ നടത്തുകയുണ്ടായോ? ഇല്ലെന്ന് മാത്രമല്ല, തങ്ങളല്ല സ്ത്രീ പ്രവേശനത്തിനായി സുപ്രീം കോടതിയെ സമീപിച്ചതെന്ന് സി.പി.എം ആണയിടുന്നു. ആചാരം തുടരണമെന്നും യുവതീ പ്രവേശനം അരുതെന്നും യു.ഡി.എഫ് സർക്കാർ കേരളത്തിന്റേതായി നിലപാട് അറിയിച്ചപ്പോഴെങ്കിലും സി.പി.എം ഇടപെട്ടില്ല. ആകെയുണ്ടായത് ഇടതു സർക്കാർ വന്നപ്പോൾ പുതിയ സത്യവാങ്മൂലം നൽകിയതാണ്. അതിൽ പോലും ആവശ്യപ്പെട്ടത് ഹിന്ദു (മതേതര ക്ഷേത്രമാണെന്നൊക്കെ പറഞ്ഞു കേട്ടിട്ടും) മത പണ്ഡിതരടങ്ങുന്ന കമ്മീഷനെ വെച്ചു പരിശോധിക്കണമെന്നാണ്. ഇടതു സർക്കാർ തന്നെ ആവശ്യപ്പെട്ട കമ്മീഷനെ പോലും വെക്കാതെയാണ് സുപ്രീം കോടതി യുവതീ പ്രവേശനം അനുവദിച്ചുകൊണ്ട് വിധിച്ചത്. 
ജനത്തിന്റെ വിശ്വാസത്തെ അൽപമെങ്കിലും മാനിക്കണമെന്ന് സർക്കാരിന് ആഗ്രഹമുണ്ടായിരുന്നെങ്കിൽ, അതു വെച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാമെന്ന തോന്നൽ മുഖ്യമന്ത്രിക്കുണ്ടായിരുന്നില്ലെങ്കിൽ വഴികൾ പലതുണ്ടായിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡും ദേവസ്വം വകുപ്പ് മന്ത്രിയും അത് സർക്കാരിന് മുമ്പിൽ വെച്ചതുമാണ്. ഒന്നാമത്തേത് സാവകാശ ഹരജി നൽകലായിരുന്നു. യുവതികൾ പ്രവേശിക്കുക പതിവില്ലാത്ത കാനന ക്ഷേത്രമായ ശബരിമലയിൽ യുവതികളുടെ സുരക്ഷക്കും മറ്റുമായി സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ടായിരുന്നു. അതിന് സാവകാശം ചോദിക്കാമെന്ന നിർദേശമാണ് സി.പി.എമ്മുകാരൻ കൂടിയായ ദേവസ്വം ബോർഡ് അധ്യക്ഷൻ മുന്നോട്ടു വെച്ചത്. സർവകക്ഷി യോഗം വിളിച്ച് (രംഗം വഷളാക്കിയ ശേഷം ചേർന്നു) ചർച്ച ചെയ്യാമായിരുന്നു. ഇക്കാലമത്രയും ശബരിമലയിലേതടക്കം ക്ഷേത്രാചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിച്ചുപോന്ന സർക്കാരിന് സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് ബദ്ധപ്പെടേണ്ടതില്ലായിരുന്നു. മുഖ്യമന്ത്രി അവധാനത കാട്ടിയിരുന്നുവെങ്കിൽ പ്രശ്‌നരഹിതമായി വിധി നടപ്പാക്കാൻ തന്നെ കഴിയുമായിരുന്നുവെന്ന് ധരിച്ചാലും തെറ്റില്ല. 
കാരണം- ആർ.എസ്.എസിന്റെ ദേശീയ നിലപാട് ക്ഷേത്രങ്ങളിൽ സ്ത്രീകൾക്കും അധകൃതർക്കും പ്രവേശനത്തിനുള്ള തടസ്സം നീക്കണമെന്നതാണ്. അതനുസരിച്ചാണ് ഒ. രാജഗോപാലും കെ. സുരേന്ദ്രനും നേരത്തെ യുവതീ പ്രവേശനത്തിന് അനുകൂല നിലപാടെടുത്തിരുന്നത്. കോൺഗ്രസിന്റെ കേരള നേതൃത്വവും യു.ഡി.എഫും യുവതീ പ്രവേശനത്തിന് എതിരായിരുന്നെങ്കിലും ദേശീയ നേതൃത്വം അനുകൂലമായിരുന്നു. സുപ്രീം കോടതി വിധികൾ പലതുണ്ട്, മുമ്പും പിമ്പും കേരളത്തിൽ ഇനിയും നടപ്പിലാക്കാത്തതായിട്ട്. പിറവം പള്ളിക്കേസിൽ വിധി നടപ്പാക്കാത്തതിന് സർക്കാർ പഴി കേട്ടതാണ്. ഏറ്റവും ഒടുവിൽ എറണാകുളം മരടിലെ ഫഌറ്റുകൾ പൊളിച്ചുമാറ്റണമെന്ന വിധിയും നടപ്പാക്കാതെ പോകുന്നു. ശബരിമലയിലെ കോടതി വിധി തന്നെ ശ്രദ്ധേയമായിരുന്നല്ലോ. ബെഞ്ചിലെ ഏക വനിത എതിർപ്പ് രേഖപ്പെടുത്തുകയായിരുന്നു. ഒരു രക്ഷയുമില്ലെന്ന് മുഖ്യമന്ത്രി വാദിച്ച വിധിയിൽ പുനഃപരിശോധനാ ഹരജി സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചുവെന്ന് മാത്രമല്ല ഇതുവരെ പരിഗണിച്ചുമില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട നിലപാടായിരുന്നു ഇടതുപക്ഷ സർക്കാരിന്റേത്. അതാകട്ടെ സി.പി.എം പാർട്ടിക്കകത്തോ മുന്നണിക്കകത്തോ വിശദമായ ചർച്ചക്ക് ശേഷം എടുത്തതുമല്ല. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടക്കം പലരും അഭിപ്രായ വ്യത്യാസം പരസ്യമാക്കിയതാണ്. ജാതിമത ഉള്ളടക്കമുള്ള തന്ത്രങ്ങൾ മുമ്പും സി.പി.എം സ്വീകരിച്ചിട്ടുണ്ട്. ഇ.എം.എസിന്റെ കാലത്ത് മുസ്‌ലിം വ്യക്തിനിയമത്തിനെതിരായ പരസ്യ നിലപാട് ഇത്തരം തന്ത്രമായിരുന്നു. സദ്ദാം ഹുസൈനെ വാഴ്ത്തിയതും മഅ്ദനിയെ ഗാന്ധിജിയോട് ഉപമിച്ചതുമൊക്കെ പല തന്ത്രങ്ങൾ.  ശബരിമല വിഷയത്തിൽ ഇങ്ങനെയൊരു നിലപാട് സ്വീകരിക്കുമ്പോൾ സവർണ വോട്ടുകൾ കുറച്ച് നഷ്ടപ്പെടുമായിരിക്കാം. പുരോഗമന വാദികൾ, സ്ത്രീകൾ, ന്യൂനപക്ഷ സമുദായങ്ങൾ, പിന്നോക്ക സമുദായങ്ങൾ ഇവരുടെയെല്ലാം പിന്തുണ ഇടതുപക്ഷത്തിന് ലഭിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. വിശ്വാസ സംരക്ഷണത്തിന് വേണ്ടി ബി.ജെ.പി കലാപമുണ്ടാക്കും. അത് രണ്ടു തരത്തിലാണ് ഇടതുപക്ഷത്തിന് അനുകൂലമാകുക. ഒന്ന് ന്യൂനപക്ഷ സമുദായങ്ങളിൽ ഭയം ശക്തിപ്പെടും. 
അവർ ബി.ജെ.പിയുടെ മുഖ്യ എതിരാളിയായ ഇടതുപക്ഷത്ത് അണി നിരക്കും. ബി.ജെ.പിയും കോൺഗ്രസും ഒരുപോലെ ചിന്തിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നതും ന്യൂനപക്ഷത്തെ യു.ഡി.എഫിൽനിന്ന് അകറ്റും. വിശ്വാസ സംരക്ഷണപ്പോരാട്ടത്തിൽ ചാമ്പ്യൻമാരാവുന്ന ബി.ജെ.പിക്കനുകൂലമായി കോൺഗ്രസിലെ ഭൂരിപക്ഷ സമുദായക്കാർ മാറാതിരിക്കില്ല. ബി.ജെ.പി അൽപം നില മെച്ചപ്പെടുത്തിയാലും യു.ഡി.എഫ് ക്ഷീണിക്കുമെന്നും അതുവഴി ഇടതുപക്ഷത്തിന് വലിയ നേട്ടമുണ്ടാവുമെന്നും കരുതി.  എന്നാൽ തെരഞ്ഞെടുപ്പിൽ ജനം തോൽവി സമ്മാനിച്ചത് ഇടതുപക്ഷത്തിന് മാത്രമാണ്. മലപ്പുറത്തും വേങ്ങരയിലും ചെങ്ങന്നൂരിലും വോട്ട് ചോർന്ന് സംസ്ഥാന പ്രസിഡന്റിനെ പോലും കണ്ടെത്താനാവാതെ കുഴങ്ങിക്കിടന്ന കേരള ബി.ജെ.പിക്ക് അത് പ്രാണവായു നൽകി. കേരളത്തിലെ യു.ഡി.എഫും കോൺഗ്രസും ശബരിമലയിൽ ഈ നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ ആരുടെ പെട്ടിയിലാണ് വിശ്വാസികളുടെ വോട്ടുകൾ ഒഴുകിയെത്തുമായിരുന്നത്? ഇത്രയും സാമുദായിക ഉള്ളടക്കമുള്ള തന്ത്രം പ്രയോഗിച്ച നേതാവ് എന്ന് ചരിത്രം ആരെ വാഴ്ത്താതിരിക്കില്ല? 

Latest News